വിവരങ്ങള്‍ കാണിക്കുക

കുടുംബങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ

ചിന്തയും ഭാവന​യും വളരാൻ ക്രി​യേ​റ്റീവ്‌ കളികൾ!

ചിന്തയും ഭാവന​യും വളരാൻ ക്രി​യേ​റ്റീവ്‌ കളികൾ!

 കുട്ടി​ക​ളു​ടെ ഭാവന​യും അവരുടെ ചിന്തി​ക്കാ​നുള്ള കഴിവും ഉണർത്തുന്ന തരം പല കളിക​ളും ഇന്നുണ്ട്‌. അത്തരം ക്രി​യേ​റ്റീ​വായ കളികൾ അവരുടെ വളർച്ച​യ്‌ക്കു സഹായി​ക്കും, കാര്യങ്ങൾ ഏറ്റവും നന്നായി ചെയ്യാ​നുള്ള അവരുടെ കഴിവും വർധി​പ്പി​ക്കും.

 അവയിൽ ചിലത്‌:

  •   ചിത്രങ്ങൾ വരയ്‌ക്കു​ക

  •   ഭക്ഷണം പാകം ചെയ്യുക

  •   മറ്റുള്ള​വരെ അഭിന​യി​ച്ചു​കാ​ണി​ക്കുക

  •   പാട്ടു പാടുക

  •   ബിൽഡിംഗ്‌ ബ്ലോക്കു​കൾവെച്ച്‌ കളിക്കുക

  •   കാർഡ്‌ബോർഡ്‌ പെട്ടികൾ ഉപയോ​ഗിച്ച്‌ എന്തെങ്കി​ലും ഉണ്ടാക്കുക

 പല നാടു​ക​ളി​ലും, കുട്ടികൾ ചിന്തയോ ബുദ്ധി​യോ ഉപയോ​ഗിച്ച്‌ കളിക്കു​ന്ന​തി​നു പകരം മറ്റുള്ളവർ പറഞ്ഞു​കൊ​ടു​ക്കു​ന്ന​തു​പോ​ലെ​തന്നെ കളിക്കു​ക​യും ആക്‌റ്റി​വി​റ്റി​ക​ളിൽ ഏർപ്പെ​ടു​ക​യും ചെയ്യുന്നു. അതുമ​ല്ലെ​ങ്കിൽ അവർ വെറുതേ ഇരുന്ന്‌ വിനോ​ദങ്ങൾ കാണുന്നു.

 അതിൽ എന്തെങ്കി​ലും കുഴപ്പ​മു​ണ്ടോ?

 നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

  •   നല്ല കുട്ടി​ക​ളാ​യി വളരാൻ ക്രി​യേ​റ്റീവ്‌ കളികൾ വേണം. ഇത്തരം കളിക​ളു​ടെ പ്രയോ​ജനം ഒന്നും രണ്ടും അല്ല. മാനസി​ക​വും ശാരീ​രി​ക​വും ആയ വളർച്ച​യ്‌ക്ക്‌ അതു ഗുണം ചെയ്യും. കുട്ടി​ക​ളു​ടെ ഭാവനാ​ശേഷി വളരും. അവർ നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ കഴിവു​ള്ള​വ​രാ​കും. ദേഷ്യം, വാശി പോലുള്ള വികാ​ര​ങ്ങളെ നിയ​ന്ത്രി​ക്കാ​നും ക്ഷമയോ​ടെ ഇടപെ​ടാ​നും അവർ പഠിക്കും. ഇനി, ഒരു കൂട്ട​ത്തോ​ടൊ​പ്പ​മാണ്‌ കളിക്കു​ന്ന​തെ​ങ്കിൽ എല്ലാവ​രു​മാ​യി ഒത്തു​പോ​കാ​നും അവർ പഠിക്കും. ചുരു​ക്കി​പ്പ​റ​ഞ്ഞാൽ, പക്വത​യോ​ടെ വളർന്നു​വ​രാൻ ഇത്തരം കളികൾ കുട്ടി​കളെ സഹായി​ക്കും.

  •   മൊ​ബൈ​ലി​ലും ടിവി​യി​ലും കണ്ണും​ന​ട്ടി​രി​ക്കു​ന്നത്‌ നല്ലതല്ല. കുട്ടികൾ എപ്പോ​ഴും ഇല​ക്ട്രോ​ണിക്‌ ഉപകര​ണ​ങ്ങ​ളു​ടെ മുന്നിൽത്തന്നെ ഇരുന്നാൽ കുറെ​ക്ക​ഴി​യു​മ്പോൾ അവർക്ക്‌ അത്‌ ഇല്ലാതെ പറ്റി​ല്ലെ​ന്നു​വ​രും. അമിത​മാ​യി വണ്ണം​വെ​ക്കാ​നും ദേഷ്യം​പോ​ലുള്ള മോശ​മായ സ്വഭാ​വങ്ങൾ വളരാ​നും സാധ്യ​ത​യുണ്ട്‌. അടങ്ങി​യി​രി​ക്കാൻവേണ്ടി കുട്ടി​കളെ ഈവക കാര്യ​ങ്ങ​ളു​ടെ മുമ്പിൽ ഇരുത്തുന്ന മാതാ​പി​താ​ക്ക​ളാണ്‌ ഇതു ശരിക്കും ശ്രദ്ധി​ക്കേ​ണ്ടത്‌.

  •   എപ്പോ​ഴും എന്തെങ്കി​ലും ചെയ്യി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്നാൽ ഗുണ​ത്തെ​ക്കാൾ ദോഷ​മാ​കും ഫലം. ഒന്നിനു പുറകെ ഒന്നായി പലപല ആക്‌റ്റി​വി​റ്റി​കൾ കുട്ടി​കൾക്കു കൊടു​ത്തു​കൊ​ണ്ടി​രു​ന്നാൽ ബുദ്ധി​യെ​യും ചിന്ത​യെ​യും ഉണർത്തുന്ന തരത്തി​ലുള്ള കളികൾക്കു സമയം കിട്ടാ​തെ​വ​രും. എടുത്താൽ പൊങ്ങാത്ത ഭാരം കുട്ടി​ക​ളു​ടെ മേൽ വെയ്‌ക്കു​ന്നത്‌ ബുദ്ധിയല്ല.

 നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

  •   ക്രി​യേ​റ്റീവ്‌ കളിക​ളിൽ ഏർപ്പെ​ടാ​നുള്ള അവസരങ്ങൾ ഒരുക്കുക. സാഹച​ര്യം അനുവ​ദി​ക്കു​മെ​ങ്കിൽ കുട്ടി​കളെ വെളി​യിൽ കളിക്കാൻ വിടാം. അങ്ങനെ പ്രകൃ​തി​യു​മാ​യി അവർ ഇണങ്ങി ജീവി​ക്കട്ടെ. കുട്ടി​ക​ളു​ടെ ഭാവന​യും ചിന്താ​ശേ​ഷി​യും വളർത്തുന്ന തരം കളിപ്പാ​ട്ടങ്ങൾ അവർക്കു വാങ്ങി​ച്ചു​കൊ​ടു​ക്കുക. അതു​പോ​ലെ​യുള്ള ഹോബി​കൾ തുടങ്ങാ​നും സഹായി​ക്കുക. a

     ചിന്തി​ക്കാ​നാ​യി: ഇത്തരം ക്രി​യേ​റ്റീ​വാ​യി​ട്ടുള്ള കളിക​ളിൽ ഏർപ്പെ​ട്ടാൽ എന്റെ കുട്ടിക്ക്‌ എന്തെല്ലാം കഴിവു​ക​ളും ഗുണങ്ങ​ളും വളർത്താ​നാ​കും? ഭാവി​യിൽ അവർക്ക്‌ അത്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?

     ബൈബിൾത​ത്ത്വം: “വ്യായാ​മം അൽപ്പ​പ്ര​യോ​ജ​ന​മു​ള്ള​താണ്‌.”—1 തിമൊ​ഥെ​യൊസ്‌ 4:8, അടിക്കു​റിപ്പ്‌.

  •   ‘സ്‌ക്രീൻ ടൈം’ കുറയ്‌ക്കുക. കുട്ടി​കളെ അടക്കി​യി​രു​ത്താ​നാ​യി അവരുടെ കൈയിൽ ഫോണോ ടാബോ ഒക്കെ കൊടു​ക്കു​മ്പോൾ അതു വേണോ വേണ്ടയോ എന്നു ചിന്തി​ക്കുക. രണ്ടു വയസ്സിൽ താഴെ​യുള്ള കുട്ടികൾ സ്‌ക്രീ​നിൽ നോക്ക​രു​തെ​ന്നാണ്‌ ശിശു​രോ​ഗ​വി​ദ​ഗ്‌ധ​രു​ടെ അഭി​പ്രാ​യം. രണ്ടിനും അഞ്ചിനും ഇടയി​ലുള്ള കുട്ടികൾ ദിവസ​ത്തിൽ ഒരു മണിക്കൂ​റി​ല​ധി​കം നോക്കു​ന്ന​തും ഒഴിവാ​ക്ക​ണ​മെന്ന്‌ അവർ പറയുന്നു. b

     ചിന്തി​ക്കാ​നാ​യി: എന്റെ കുട്ടി മൊ​ബൈ​ലി​ലും മറ്റും നോക്കി​യി​രി​ക്കു​ന്ന​തിന്‌ ഒരു പരിധി​വെ​ക്കാൻ എനിക്ക്‌ എന്തു ചെയ്യാ​നാ​കും? ആ സമയത്ത്‌ ഞാനും അവന്റെ​കൂ​ടെ ഇരുന്നാ​ലോ? ടിവി​യും മറ്റും നോക്കി​യി​രി​ക്കു​ന്ന​തി​നു പകരം കുട്ടിക്ക്‌ മറ്റ്‌ എന്തു ചെയ്യാ​നാ​കും?

     ബൈബിൾത​ത്ത്വം: “നിങ്ങൾ എങ്ങനെ ജീവി​ക്കു​ന്നെന്നു പ്രത്യേ​കം ശ്രദ്ധി​ക്കുക; ബുദ്ധി​ഹീ​ന​രാ​യല്ല, ബുദ്ധി​യോ​ടെ നടന്ന്‌ സമയം ഏറ്റവും നന്നായി ഉപയോ​ഗി​ക്കുക.”—എഫെസ്യർ 5:15, 16.

  •   കുട്ടി​കൾക്ക്‌ എത്രമാ​ത്രം ആക്‌റ്റി​വി​റ്റി​കൾ കൊടു​ക്ക​ണ​മെന്ന്‌ നന്നായി ചിന്തി​ക്കുക. സ്‌പോർട്‌സി​ലും മറ്റും ഉള്ള കുട്ടി​ക​ളു​ടെ കഴിവു​കൾ മെച്ച​പ്പെ​ടു​ത്താൻ ചില ആക്‌റ്റി​വി​റ്റി​കൾ സഹായി​ക്കു​മെ​ന്നതു ശരിയാണ്‌. എന്നാൽ അമിത​മാ​യാൽ കുട്ടിക്ക്‌ അതൊരു ഭാരമാ​യി​ത്തീ​രും. ഇതിനു​വേണ്ടി ഓടി​ന​ട​ക്കുന്ന മാതാ​പി​താ​ക്കൾക്കും അത്‌ ഒരു ബുദ്ധി​മു​ട്ടാ​യി മാറും. ‘സമയം നന്നായി ഉപയോ​ഗി​ക്കുക’ എന്ന എഫെസ്യർ 5:15, 16-ലെ തത്ത്വം ഇക്കാര്യ​ത്തി​ലും ബാധക​മാണ്‌.

     ചിന്തി​ക്കാ​നാ​യി: പലപല ആക്‌റ്റി​വി​റ്റി​കൾകൊണ്ട്‌ എന്റെ കുട്ടി ഭാര​പ്പെ​ടു​ന്നു​ണ്ടോ? എങ്കിൽ ഞാൻ എന്തൊക്കെ മാറ്റങ്ങൾ വരുത്തണം?

     ബൈബിൾത​ത്ത്വം: “കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ ഏതെന്ന്‌ ഉറപ്പു​വ​രു​ത്തുക.”—ഫിലി​പ്പി​യർ 1:10.

a പല കളിപ്പാ​ട്ട​ങ്ങ​ളും കുട്ടി​കളെ ക്രി​യേ​റ്റീ​വാ​യി ചിന്തി​ക്കാൻ സഹായി​ക്കുന്ന തരത്തി​ലു​ള്ളതല്ല. എന്നാൽ ബിൽഡിംഗ്‌ ബ്ലോക്കു​ക​ളോ കാർഡ്‌ബോർഡ്‌ ബോക്‌സു​ക​ളോ പോലുള്ള ചെറിയ ചില കളിപ്പാ​ട്ട​ങ്ങ​ളും സാധന​ങ്ങ​ളും കുട്ടി​ക​ളു​ടെ ഭാവനാ​ശേഷി ഉണർത്താൻ സഹായി​ക്കും.

b ഇവിടെ ’സ്‌ക്രീൻ ടൈം’ എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ വിനോ​ദ​ത്തി​നാ​യി മൊ​ബൈ​ലി​ലോ ടിവി​യി​ലോ നോക്കി​ത്ത​ന്നെ​യി​രി​ക്കു​ന്ന​തി​നെ​യാണ്‌. അല്ലാതെ പഠനത്തി​നോ കുടും​ബ​ത്തോ​ടൊ​പ്പ​മുള്ള ആത്മീയ​കാ​ര്യ​ങ്ങൾക്കോ വേണ്ടി മൊ​ബൈ​ലോ ടാബോ ഉപയോ​ഗി​ക്കു​ന്ന​തി​നെയല്ല.