വിവരങ്ങള്‍ കാണിക്കുക

കുടും​ബ​ങ്ങൾക്കു​വേണ്ടി

മദ്യ​ത്തെ​ക്കു​റിച്ച്‌ മക്കളോ​ടു സംസാ​രി​ക്കുക

മദ്യ​ത്തെ​ക്കു​റിച്ച്‌ മക്കളോ​ടു സംസാ​രി​ക്കുക

 “ഞങ്ങളുടെ മകളോ​ടു മദ്യ​ത്തെ​ക്കു​റിച്ച്‌ ആദ്യം സംസാ​രി​ക്കു​ന്നത്‌ അവൾക്ക്‌ ആറു വയസ്സു​ള്ള​പ്പോ​ഴാ​യി​രു​ന്നു. ഞങ്ങൾ വിചാ​രി​ച്ച​തി​നെ​ക്കാൾ കൂടുതൽ കാര്യം അവൾക്ക്‌ അറിയാം എന്നതു ഞങ്ങളെ ഞെട്ടിച്ചു.”—അലക്‌സാ​ണ്ടർ.

 നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

 മദ്യ​ത്തെ​ക്കു​റിച്ച്‌ മക്കളോ​ടു സംസാ​രി​ക്കേ​ണ്ടതു പ്രധാ​ന​മാണ്‌. മക്കൾ കൗമാ​ര​പ്രാ​യ​ത്തി​ലെ​ത്തട്ടെ എന്നു വിചാ​രിച്ച്‌ കാത്തി​രി​ക്കേണ്ട കാര്യ​മില്ല. റഷ്യയി​ലുള്ള ഹാമെറ്റ്‌ പറയുന്നു: “വളരെ ചെറു​പ്പ​ത്തിൽത്തന്നെ മദ്യ​ത്തെ​ക്കു​റിച്ച്‌ മോ​നോ​ടു സംസാ​രി​ക്ക​ണ​മാ​യി​രു​ന്നു. കയ്‌പേ​റിയ അനുഭ​വ​ത്തി​ലൂ​ടെ​യാണ്‌ ഞാൻ അതു മനസ്സി​ലാ​ക്കി​യത്‌. 13-ാം വയസ്സിൽ എന്റെ മോൻ സ്ഥിരം മദ്യപി​ക്കു​ന്നു​ണ്ടെന്നു ഞാൻ അറിഞ്ഞു.”

 അതു ഗൗരവ​മാ​യി എടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

  •   സഹപാ​ഠി​കൾക്കും പരസ്യ​ങ്ങൾക്കും ടിവി-ക്കും മദ്യ​ത്തെ​ക്കു​റി​ച്ചുള്ള നിങ്ങളു​ടെ കുട്ടി​യു​ടെ വീക്ഷണത്തെ സ്വാധീ​നി​ക്കാൻ കഴിയും.

  •   അമേരി​ക്ക​യി​ലെ രോഗ നിയന്ത്രണ നിവാരണ കേന്ദ്ര​ത്തി​ന്റെ കണക്കനു​സ​രിച്ച്‌, ഐക്യ​നാ​ടു​ക​ളിൽ 11 ശതമാനം മദ്യം ഉപയോ​ഗി​ക്കു​ന്നത്‌ പ്രായ​പൂർത്തി​യാ​കാ​ത്ത​വ​രാണ്‌.

 മദ്യത്തി​ന്റെ അപകട​ത്തെ​ക്കു​റിച്ച്‌ ചെറു​പ്പ​ത്തിൽത്തന്നെ മക്കളെ പഠിപ്പി​ക്കാൻ ആരോഗ്യ ഉദ്യോ​ഗസ്ഥർ മാതാ​പി​താ​ക്ക​ളോട്‌ ആവശ്യ​പ്പെ​ടു​ന്ന​തിൽ ഒട്ടും അതിശ​യി​ക്കാ​നില്ല. പക്ഷേ, നിങ്ങൾക്ക്‌ അത്‌ എങ്ങനെ ചെയ്യാം?

 നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

 കുട്ടി ചോദി​ച്ചേ​ക്കാ​വുന്ന ചോദ്യം മുൻകൂ​ട്ടി​ക്കാ​ണുക. ചെറിയ കുട്ടികൾ ആകാം​ക്ഷ​യു​ള്ള​വ​രാണ്‌. മുതിർന്ന കുട്ടികൾ അതി​ലേറെ ആകാം​ക്ഷ​യു​ള്ള​വ​രാണ്‌. അതു​കൊ​ണ്ടു​തന്നെ അവർക്കു ഉത്തരം കൊടു​ക്കാൻ നന്നായി തയ്യാറാ​കണം. ഉദാഹ​ര​ണ​ത്തിന്‌:

  •   മദ്യത്തി​ന്റെ രുചി എന്താ​ണെന്ന്‌ അറിയാൻ കുട്ടി ആഗ്രഹി​ക്കു​ന്നെ​ങ്കിൽ നിങ്ങൾക്ക്‌ ഇങ്ങനെ പറയാം: “വീഞ്ഞ്‌ അൽപ്പം പുളി​പ്പുള്ള ജ്യൂസു​പോ​ലെ​യാണ്‌; പക്ഷേ ബിയറിന്‌ കുറച്ച്‌ കൈപ്പാണ്‌.”

  •   മദ്യം രുചി​ച്ചു​നോ​ക്ക​ണ​മെന്നു കുട്ടി പറഞ്ഞാൽ, അതു കുട്ടി​ക​ളു​ടെ ശരീര​ത്തി​നു താങ്ങാ​നാ​കി​ല്ലെന്നു പറയാം. അതിന്റെ ദോഷ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും പറയാം: മദ്യം കുടി​ക്കു​മ്പോൾ സുഖം തോന്നു​മെ​ങ്കി​ലും അധിക​മാ​യാൽ ആൾ കുഴഞ്ഞ്‌ നടക്കും, മണ്ടത്തരങ്ങൾ കാണി​ക്കും, ചിന്തി​ക്കാ​തെ സംസാ​രി​ക്കും.—സുഭാ​ഷി​തങ്ങൾ 23:29-35.

 അറിവ്‌ നേടുക. “വിവേ​കി​യായ മനുഷ്യൻ അറിവ്‌ നേടി കാര്യങ്ങൾ ചെയ്യുന്നു” എന്നു ബൈബിൾ പറയുന്നു. (സുഭാ​ഷി​തങ്ങൾ 13:16) മദ്യം ഉപയോ​ഗി​ക്കു​ന്ന​തി​നോ​ടു ബന്ധപ്പെട്ട്‌ നിങ്ങളു​ടെ രാജ്യ​ത്തുള്ള നിയമ​ങ്ങ​ളെ​ക്കു​റി​ച്ചും നിയ​ന്ത്ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചും അറിഞ്ഞി​രി​ക്കുക. അപ്പോൾ കുട്ടിക്ക്‌ ആ കാര്യങ്ങൾ നന്നായി പറഞ്ഞു​കൊ​ടു​ക്കാൻ നിങ്ങൾക്കു കഴിയും.

 ഈ വിഷയം സംസാ​രി​ക്കാൻ മുൻ​കൈ​യെ​ടു​ക്കുക. ബ്രിട്ട​നി​ലെ മാർക്ക്‌ എന്ന ഒരു പിതാവ്‌ ഇങ്ങനെ പറയുന്നു: “കുട്ടി​കൾക്കു മദ്യ​ത്തെ​ക്കു​റിച്ച്‌ പല സംശയ​ങ്ങ​ളുണ്ട്‌. എട്ടു വയസ്സുള്ള എന്റെ മോ​നോ​ടു മദ്യം കുടി​ക്കു​ന്നതു ശരിയാ​ണോ അല്ലേ എന്നു ഞാൻ ചോദി​ച്ചു. ശാന്തമായ ഒരു ചുറ്റു​പാ​ടിൽ, സംസാ​രി​ക്കു​ന്ന​തി​നി​ടെ​യാണ്‌ ഞാൻ ചോദി​ച്ചത്‌. അങ്ങനെ ചോദി​ച്ച​പ്പോൾ അവന്റെ അഭി​പ്രാ​യം അവൻ തുറന്നു​പ​റഞ്ഞു.”

 പല സന്ദർഭ​ങ്ങ​ളിൽ മദ്യ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​മ്പോൾ കുട്ടിക്ക്‌ അതെക്കു​റിച്ച്‌ ഒരു ആകമാ​ന​ചി​ത്രം ലഭിക്കും. റോഡ്‌ സുരക്ഷ​യും ലൈം​ഗി​ക​ത​യും പോലെ കുട്ടികൾ ജീവി​ത​ത്തിൽ അറിഞ്ഞി​രി​ക്കേണ്ട കാര്യ​ങ്ങ​ളെ​പ്പറ്റി പഠിപ്പി​ക്കു​ന്ന​തി​ന്റെ കൂടെ അവരുടെ പ്രായ​ത്തി​ന​നു​സ​രിച്ച്‌ മദ്യ​ത്തെ​ക്കു​റി​ച്ചും സംസാ​രി​ക്കുക.

 മാതൃക വെക്കുക. കുട്ടികൾ സ്‌പോ​ഞ്ചു​പോ​ലെ​യാണ്‌. ചുറ്റു​മു​ള്ള​തൊ​ക്കെ അവർ വലി​ച്ചെ​ടു​ക്കും. പഠനങ്ങൾ കാണി​ക്കു​ന്നത്‌, കുട്ടി​കളെ ഏറ്റവും കൂടുതൽ സ്വാധീ​നി​ക്കു​ന്നതു മാതാ​പി​താ​ക്ക​ളാ​ണെ​ന്നാണ്‌. നിങ്ങൾ ടെൻഷൻ കുറയ്‌ക്കാൻ ആദ്യവ​ഴി​യാ​യി കാണു​ന്നതു മദ്യപാ​ന​ത്തെ​യാ​ണെ​ങ്കിൽ നിങ്ങളു​ടെ കുട്ടിക്ക്‌ ഒരു സന്ദേശം കൊടു​ക്കു​ക​യാണ്‌: ജീവി​ത​ത്തിൽ ഉത്‌ക​ണ്‌ഠകൾ വരു​മ്പോൾ അതു കുറയ്‌ക്കാൻ മദ്യപി​ക്കാം. അതു​കൊണ്ട്‌ നല്ല മാതൃക വെക്കുക. മദ്യം ഉപയോ​ഗി​ക്കുന്ന കാര്യ​ത്തിൽ നിങ്ങൾ ശ്രദ്ധയു​ള്ള​വ​രാ​യി​രി​ക്കുക.

മദ്യത്തിന്റെ ഉപയോ​ഗ​ത്തെ​ക്കു​റിച്ച്‌ നിങ്ങളു​ടെ മാതൃ​ക​യിൽനിന്ന്‌ കുട്ടികൾ പഠിക്കും