വിവരങ്ങള്‍ കാണിക്കുക

നിങ്ങൾക്ക്‌ എന്നേക്കും ജീവി​ക്കാൻ എങ്ങനെ കഴിയും?

നിങ്ങൾക്ക്‌ എന്നേക്കും ജീവി​ക്കാൻ എങ്ങനെ കഴിയും?

ബൈബി​ളി​ന്റെ ഉത്തരം

 ബൈബിൾ ഈ ഉറപ്പു​ത​രു​ന്നു: “ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​ന്ന​യാൾ എന്നും ജീവിക്കും.” (1 യോഹ​ന്നാൻ 2:17) അങ്ങനെ​യെ​ങ്കിൽ ദൈവ​ത്തി​ന്റെ ഇഷ്ടം നിങ്ങൾക്ക്‌ എങ്ങനെ ചെയ്യാം?

  •   ദൈവ​ത്തെ​ക്കു​റി​ച്ചും ദൈവ​ത്തി​ന്റെ മകനായ യേശു​വി​നെ​ക്കു​റി​ച്ചും പഠിക്കുക. യേശു ദൈവ​ത്തോട്‌ ഇങ്ങനെ പ്രാർഥി​ച്ചു: “ഏകസത്യ​ദൈ​വ​മായ അങ്ങയെ​യും അങ്ങ്‌ അയച്ച യേശു​ക്രി​സ്‌തു​വി​നെ​യും അവർ അറിയു​ന്ന​താ​ണു നിത്യജീവൻ.” (യോഹ​ന്നാൻ 17:3) ദൈവ​ത്തെ​യും യേശു​വി​നെ​യും ‘അറിയു​ന്ന​തിൽ’ എന്താണ്‌ ഉൾപ്പെ​ടു​ന്നത്‌? ബൈബിൾ പഠിക്കു​ന്ന​തും അതിനു ചേർച്ച​യിൽ ജീവി​ക്കു​ന്ന​തും. a എല്ലാവർക്കും ജീവൻ നൽകിയ, നമ്മുടെ സ്രഷ്ടാ​വായ, യഹോ​വ​യു​ടെ ചിന്തകൾ ബൈബിൾ വെളി​പ്പെ​ടു​ത്തു​ന്നു. (പ്രവൃ​ത്തി​കൾ 17:24, 25) “നിത്യ​ജീ​വന്റെ വചനങ്ങൾ” പഠിപ്പിച്ച, ദൈവ​ത്തി​ന്റെ മകനായ, യേശു​വി​നെ​ക്കു​റി​ച്ചും ബൈബിൾ പറയു​ന്നുണ്ട്‌.—യോഹ​ന്നാൻ 6:67-69.

  •   യേശു​വി​ന്റെ മോച​ന​വി​ല​യിൽ വിശ്വാ​സം അർപ്പി​ക്കുക. യേശു ഭൂമി​യി​ലേക്കു വന്നത്‌ “ശുശ്രൂ​ഷി​ക്കാ​നും അനേകർക്കു​വേണ്ടി തന്റെ ജീവൻ മോച​ന​വി​ല​യാ​യി കൊടു​ക്കാ​നും ആണ്‌.” (മത്തായി 20:28) യേശു തന്റെ ജീവൻ മോച​ന​വി​ല​യാ​യി നൽകി​യ​തി​ലൂ​ടെ ആളുകൾക്കു പറുദീ​സാ​ഭൂ​മി​യിൽ എന്നേക്കും ജീവി​ക്കാ​നുള്ള അവസരം ലഭിച്ചു. b (സങ്കീർത്തനം 37:29) യേശു പറഞ്ഞു: “തന്റെ ഏകജാ​ത​നായ മകനിൽ വിശ്വ​സി​ക്കുന്ന ആരും നശിച്ചു​പോ​കാ​തെ അവരെ​ല്ലാം നിത്യ​ജീ​വൻ നേടാൻ ദൈവം അവനെ ലോക​ത്തി​നു​വേണ്ടി നൽകി. അത്ര വലുതാ​യി​രു​ന്നു ദൈവ​ത്തി​നു ലോക​ത്തോ​ടുള്ള സ്‌നേഹം.” (യോഹ​ന്നാൻ 3:16) നമ്മൾ യേശു​വിൽ വിശ്വ​സി​ക്കണം, അതായത്‌ യേശു പഠിപ്പി​ച്ച​തി​നു ചേർച്ച​യി​ലും യേശു​വി​ന്റെ പിതാ​വി​ന്റെ ഇഷ്ടത്തിനു ചേർച്ച​യി​ലും ജീവി​ക്കണം.—മത്തായി 7:21; യാക്കോബ്‌ 2:17.

  •   ദൈവ​വു​മാ​യി ശക്തമായ സുഹൃ​ദ്‌ബന്ധം വളർത്തി​യെ​ടു​ക്കുക. നമ്മൾ ദൈവ​ത്തോട്‌ അടുക്കാ​നും ദൈവ​ത്തി​ന്റെ കൂട്ടു​കാ​രാ​കാ​നും ദൈവം ആഗ്രഹി​ക്കു​ന്നു. (യാക്കോബ്‌ 2:23; 4:8) ദൈവം നിത്യ​നാണ്‌. ദൈവം ഒരിക്ക​ലും മരിക്കില്ല. തന്റെ കൂട്ടു​കാ​രും എന്നേക്കും ജീവി​ച്ചി​രി​ക്കാ​നാണ്‌ ദൈവം ആഗ്രഹി​ക്കു​ന്നത്‌. തന്നെ അന്വേ​ഷി​ക്കു​ന്ന​വർക്ക്‌ നൽകാൻ ആഗ്രഹി​ക്കു​ന്നത്‌ എന്താ​ണെന്ന്‌ ദൈവം തന്റെ വചനത്തി​ലൂ​ടെ പറയുന്നു: “അവർ എന്നു​മെ​ന്നേ​ക്കും ജീവിതം ആസ്വദി​ക്കട്ടെ.”—സങ്കീർത്തനം 22:26.

എന്നേക്കും ജീവി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള തെറ്റി​ദ്ധാ​ര​ണ​കൾ

 തെറ്റി​ദ്ധാ​രണ: മനുഷ്യ​രു​ടെ ശ്രമങ്ങ​ളി​ലൂ​ടെ എന്നേക്കു​മുള്ള ജീവിതം സാധ്യ​മാ​കും.

 വസ്‌തുത: വൈദ്യ​ശാ​സ്‌ത്ര​രം​ഗത്തെ ചില പുരോ​ഗ​തി​കൾ മനുഷ്യ​ന്റെ ആയുസ്സ്‌ കൂട്ടാൻ കഴിയു​മെന്ന്‌ ഉറപ്പു​ത​രു​ന്നു​ണ്ടെ​ങ്കി​ലും അതൊ​ന്നും എന്നേക്കു​മുള്ള ജീവി​ത​ത്തി​ലേക്കു നയിക്കില്ല. ദൈവ​ത്തി​നു മാത്രമേ നമുക്ക്‌ എന്നേക്കു​മുള്ള ജീവിതം തരാൻ കഴിയൂ. കാരണം ദൈവം മാത്ര​മാണ്‌ “ജീവന്റെ ഉറവ്‌.” (സങ്കീർത്തനം 36:9) “മരണത്തെ എന്നേക്കു​മാ​യി ഇല്ലാതാ​ക്കും” എന്നും വിശ്വ​സ്‌ത​രായ മനുഷ്യർക്ക്‌ എന്നേക്കും ജീവി​ക്കാ​നുള്ള അവസരം നൽകു​മെ​ന്നും ദൈവം ഉറപ്പു​ത​രു​ന്നു.—യശയ്യ 25:8; 1 യോഹ​ന്നാൻ 2:25.

 തെറ്റി​ദ്ധാ​രണ: ചില പ്രത്യേ​ക​വം​ശ​ങ്ങ​ളി​ലു​ള്ളവർ മാത്രമേ എന്നേക്കും ജീവിക്കൂ.

 വസ്‌തുത: ദൈവ​ത്തി​നു പക്ഷപാ​ത​മില്ല. “ഏതു ജനതയിൽപ്പെട്ട ആളാ​ണെ​ങ്കി​ലും, ദൈവത്തെ ഭയപ്പെട്ട്‌ ശരിയാ​യതു പ്രവർത്തി​ക്കുന്ന മനുഷ്യ​നെ ദൈവം അംഗീ​ക​രി​ക്കു​ന്നു.” (പ്രവൃ​ത്തി​കൾ 10:34, 35) വംശവും സംസ്‌കാ​ര​വും ഏതാ​ണെ​ങ്കി​ലും ദൈവത്തെ അനുസ​രി​ക്കു​ന്ന​വർക്ക്‌ എന്നേക്കും ജീവി​ക്കാൻ കഴിയും.

 തെറ്റി​ദ്ധാ​രണ: എന്നേക്കു​മുള്ള ജീവിതം വിരസ​മാ​യി​രി​ക്കും.

 വസ്‌തുത: നമ്മളെ സ്‌നേ​ഹി​ക്കു​ക​യും നമ്മൾ സന്തോ​ഷ​ത്തോ​ടെ ഇരിക്കാൻ ആഗ്രഹി​ക്കു​ക​യും ചെയ്യുന്ന ദൈവ​മാണ്‌ നമുക്ക്‌ എന്നേക്കും ജീവി​ക്കാ​നുള്ള അവസരം തരുന്നത്‌. (യാക്കോബ്‌ 1:17; 1 യോഹ​ന്നാൻ 4:8) നമ്മൾ സന്തോ​ഷ​ത്തോ​ടി​രി​ക്ക​ണ​മെ​ങ്കിൽ നമുക്ക്‌ ആസ്വദി​ക്കാൻ പറ്റുന്ന ജോലി വേണ​മെന്നു ദൈവ​ത്തിന്‌ അറിയാം. (സഭാ​പ്ര​സം​ഗകൻ 3:12) എന്നേക്കും ജീവി​ക്കു​ന്ന​വർക്കു സംതൃ​പ്‌തി നൽകുന്ന അർഥവ​ത്തായ ജോലി ഉണ്ടായി​രി​ക്കു​മെന്നു ദൈവം ഉറപ്പു തരുന്നു. ആ ജോലി അവർക്കും അവരുടെ പ്രിയ​പ്പെ​ട്ട​വർക്കും പ്രയോ​ജനം ചെയ്യു​ന്ന​തും ആയിരി​ക്കും.—യശയ്യ 65:22, 23.

 കൂടാതെ, എന്നേക്കും ജീവി​ക്കു​ന്നവർ സ്രഷ്ടാ​വി​നെ​ക്കു​റി​ച്ചും സ്രഷ്ടാ​വി​ന്റെ അസംഖ്യം സൃഷ്ടി​ക​ളെ​ക്കു​റി​ച്ചും പുതിയ കാര്യങ്ങൾ പഠിച്ചു​കൊ​ണ്ടേ​യി​രി​ക്കും. എന്നേക്കും ജീവി​ക്കാ​നും തന്നെക്കു​റിച്ച്‌ പഠിക്കാ​നും ഉള്ള ആഗ്രഹം സഹിത​മാണ്‌ ദൈവം മനുഷ്യ​നെ സൃഷ്ടി​ച്ചത്‌. “എങ്കിലും സത്യ​ദൈവം ആദി​യോ​ടന്തം ചെയ്‌തി​രി​ക്കുന്ന കാര്യങ്ങൾ ഗ്രഹി​ക്കാൻ അവർക്ക്‌ ഒരിക്ക​ലും കഴിയില്ല.” (സഭാ​പ്ര​സം​ഗകൻ 3:10, 11) അതു​കൊണ്ട്‌ എന്നേക്കും ജീവി​ച്ചി​രി​ക്കു​ന്ന​വർക്ക്‌ എപ്പോ​ഴും രസകര​മായ കാര്യങ്ങൾ പഠിക്കാ​നും ചെയ്യാ​നും ഉണ്ടാകും.

a യഹോവയുടെ സാക്ഷി​കൾക്ക്‌ സൗജന്യ​മായ ഒരു ബൈബിൾപഠന പരിപാ​ടി​യുണ്ട്‌. ഇതി​നെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ ബൈബി​ള​ധ്യ​യനം—അത്‌ എന്താണ്‌? എന്ന വീഡി​യോ കാണുക.