വിവരങ്ങള്‍ കാണിക്കുക

ബൈബിൾവാക്യങ്ങളുടെ വിശദീ​ക​ര​ണം

യശയ്യ 41:10​—“ഭയപ്പെ​ടേണ്ടാ, ഞാൻ നിന്നോ​ടു​കൂ​ടെ​യുണ്ട്‌”

യശയ്യ 41:10​—“ഭയപ്പെ​ടേണ്ടാ, ഞാൻ നിന്നോ​ടു​കൂ​ടെ​യുണ്ട്‌”

 “പേടി​ക്കേണ്ടാ, ഞാൻ നിന്റെ​കൂ​ടെ​യുണ്ട്‌. ഭയപ്പെ​ടേണ്ടാ, ഞാനല്ലേ നിന്റെ ദൈവം! ഞാൻ നിന്നെ ശക്തീക​രി​ക്കും, നിന്നെ സഹായി​ക്കും, എന്റെ നീതി​യുള്ള വല​ങ്കൈ​കൊണ്ട്‌ ഞാൻ നിന്നെ മുറുകെ പിടി​ക്കും.”—യശയ്യ 41:10, പുതിയ ലോക ഭാഷാ​ന്തരം.

 “ഭയപ്പെ​ടേണ്ടാ, ഞാൻ നിന്നോ​ടു​കൂ​ടെ​യുണ്ട്‌. സംഭ്ര​മി​ക്കേണ്ട, ഞാനാണ്‌ നിന്റെ ദൈവം. ഞാൻ നിന്നെ ശക്തി​പ്പെ​ടു​ത്തു​ക​യും സഹായി​ക്കു​ക​യും ചെയ്യും. എന്റെ വിജയ​ക​ര​മായ വലത്തു​കൈ​കൊ​ണ്ടു ഞാൻ നിന്നെ താങ്ങി​നിർത്തും.”—യശയ്യ 41:10, പി.ഒ.സി. ബൈബിൾ.

യശയ്യ 41:10-ന്റെ അർഥം

 തന്റെ വിശ്വ​സ്‌താ​രാ​ധ​കർക്ക്‌ എന്തെല്ലാം പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യാ​ലും താൻ അവരെ സഹായി​ക്കു​മെന്നു ദൈവ​മായ യഹോവ a ഉറപ്പു കൊടു​ക്കു​ക​യാണ്‌.

 “ഞാൻ നിന്റെ​കൂ​ടെ​യുണ്ട്‌.” തന്റെ ആരാധകർ ഭയപ്പെ​ടേ​ണ്ട​തി​ല്ലാ​ത്ത​തി​ന്റെ ഒരു കാരണം യഹോവ ഇവിടെ വിശദീ​ക​രി​ക്കു​ക​യാണ്‌​—അവർ ഒറ്റയ്‌ക്കല്ല. ദൈവം അവരു​ടെ​കൂ​ടെ​യു​ണ്ടെന്നു പറയു​ന്നത്‌ ഏത്‌ അർഥത്തി​ലാണ്‌? അവർ കടന്നു​പോ​കുന്ന സാഹച​ര്യ​ങ്ങ​ളെ​ല്ലാം ദൈവം കാണുന്നു, അവരുടെ പ്രാർഥ​ന​ക​ളെ​ല്ലാം ദൈവം കേൾക്കു​ന്നു.—സങ്കീർത്തനം 34:15; 1 പത്രോസ്‌ 3:12.

 “ഞാനല്ലേ നിന്റെ ദൈവം!” ഈ വാക്കു​ക​ളി​ലൂ​ടെ യഹോവ തന്റെ ആരാധ​കരെ ആശ്വസി​പ്പി​ക്കു​ക​യാണ്‌. താൻ ഇപ്പോ​ഴും അവരുടെ ദൈവ​മാ​ണെ​ന്നും താൻ അവരെ തന്റെ ആരാധ​ക​രാ​യി അംഗീ​ക​രി​ക്കു​ന്നെ​ന്നും ദൈവം അവരെ ഓർമി​പ്പി​ക്കു​ന്നു. തന്റെ ആരാധ​കരെ സഹായി​ക്കു​ന്ന​തിൽനിന്ന്‌ തന്നെ തടയാൻ ഒന്നിനും ഒരിക്ക​ലും ആകി​ല്ലെന്ന്‌ അവർക്ക്‌ ഉറച്ചു​വി​ശ്വ​സി​ക്കാ​മാ​യി​രു​ന്നു.—സങ്കീർത്തനം 118:6; റോമർ 8:32; എബ്രായർ 13:6.

 “ഞാൻ നിന്നെ ശക്തീക​രി​ക്കും, നിന്നെ സഹായി​ക്കും, എന്റെ നീതി​യുള്ള വല​ങ്കൈ​കൊണ്ട്‌ ഞാൻ നിന്നെ മുറുകെ പിടി​ക്കും.” ഇവിടെ ഒരേ കാര്യം മൂന്നു പ്രാവ​ശ്യം ആവർത്തി​ച്ച​തി​ലൂ​ടെ, താൻ അവരെ തീർച്ച​യാ​യും സഹായി​ക്കു​മെന്ന്‌ യഹോവ അവർക്ക്‌ ഉറപ്പു കൊടു​ക്കു​ക​യാ​യി​രു​ന്നു. തന്റെ ജനത്തിനു സഹായം വേണ്ടി​വ​രു​മ്പോൾ താൻ എങ്ങനെ ഇടപെ​ടു​മെന്ന്‌ യഹോവ വാക്കു​ക​ളി​ലൂ​ടെ വരച്ചു​കാ​ട്ടു​ന്നുണ്ട്‌. വീണു​പോയ ഒരാളെ പിടി​ച്ചെ​ഴു​ന്നേൽപ്പി​ക്കാൻ തന്റെ വലതു​കൈ നീട്ടുന്ന ദൈവ​ത്തി​ന്റെ ചിത്ര​മാ​ണു നമ്മൾ ഇവിടെ കാണു​ന്നത്‌.—യശയ്യ 41:13.

 യഹോവ പ്രധാ​ന​മാ​യും തന്റ ആരാധ​കരെ ബലപ്പെ​ടു​ത്തു​ക​യും സഹായി​ക്കു​ക​യും ചെയ്യു​ന്നതു തന്റെ വചനമായ ബൈബി​ളി​ലൂ​ടെ​യാണ്‌. (യോശുവ 1:8; എബ്രായർ 4:12) ഉദാഹ​ര​ണ​ത്തിന്‌ ദാരി​ദ്ര്യം, രോഗങ്ങൾ, പ്രിയ​പ്പെ​ട്ട​വ​രു​ടെ മരണം എന്നിവ​പോ​ലുള്ള പ്രശ്‌നങ്ങൾ നേരി​ടു​ന്ന​വരെ സഹായി​ക്കുന്ന നല്ലനല്ല നിർദേ​ശങ്ങൾ ബൈബി​ളി​ലുണ്ട്‌. (സുഭാ​ഷി​തങ്ങൾ 2:6, 7) പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യാ​ലും അതു സഹിച്ചു​നിൽക്കാ​നുള്ള മാനസി​ക​വും വൈകാ​രി​ക​വും ആയ കരുത്ത്‌ തന്റെ ആരാധ​കർക്കു കൊടു​ക്കാൻ തന്റെ ചലനാ​ത്മ​ക​ശ​ക്തി​യായ പരിശു​ദ്ധാ​ത്മാ​വി​നെ​യും ദൈവ​ത്തിന്‌ ഉപയോ​ഗി​ക്കാ​നാ​കും.—യശയ്യ 40:29; ലൂക്കോസ്‌ 11:13.

യശയ്യ 41:10-ന്റെ സന്ദർഭം

 പിൽക്കാ​ലത്ത്‌ ബാബി​ലോ​ണി​ലേക്കു ബന്ദിക​ളാ​യി പോ​കേ​ണ്ടി​വന്ന വിശ്വ​സ്‌ത​രായ ജൂതന്മാർക്ക്‌ ആശ്വാ​സ​മേ​കിയ വാക്കു​ക​ളാ​യി​രു​ന്നു ഇവ. ജൂതന്മാ​രു​ടെ പ്രവാ​സ​കാ​ലം അവസാ​നി​ക്കാ​റാ​കു​മ്പോ​ഴേ​ക്കും കീഴട​ക്കി​മു​ന്നേ​റുന്ന ഒരു വീരൻ വരുന്ന​തി​നെ​ക്കു​റി​ച്ചുള്ള വാർത്തകൾ കേൾക്കു​മെ​ന്നും അദ്ദേഹം ബാബി​ലോ​ണി​ന്റെ ചുറ്റു​മുള്ള ജനതകളെ നശിപ്പിച്ച്‌ ബാബി​ലോ​ണി​നെ ഭീഷണി​പ്പെ​ടു​ത്തു​മെ​ന്നും യഹോവ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. (യശയ്യ 41:2-4; 44:1-4) ബാബി​ലോ​ണും ചുറ്റു​മുള്ള ജനതക​ളും അത്തരം വാർത്തകൾ കേട്ട്‌ പേടി​ച്ചു​വി​റ​യ്‌ക്കു​മാ​യി​രു​ന്നെ​ങ്കി​ലും ജൂതന്മാർ പരി​ഭ്ര​മി​ക്കേണ്ട കാര്യ​മി​ല്ലാ​യി​രു​ന്നു. കാരണം, യഹോവ അവരെ സംരക്ഷി​ക്കു​മാ​യി​രു​ന്നു. അവർക്കു ധൈര്യം പകരാൻ യഹോവ, “പേടി​ക്കേണ്ടാ” എന്ന്‌ അർഥം വരുന്ന പദപ്ര​യോ​ഗം മൂന്നു തവണ ഉപയോ​ഗി​ച്ച​താ​യി മൂലഭാ​ഷാ​രേ​ഖ​ക​ളിൽ കാണാം.—യശയ്യ 41:5, 6, 10, 13, 14.

 യശയ്യ 41:10-ലെ ഈ വാക്കുകൾ ആദ്യം എഴുതി​യതു ബാബി​ലോ​ണിൽ പ്രവാ​സി​ക​ളാ​യി കഴിയുന്ന വിശ്വ​സ്‌ത​ജൂ​ത​ന്മാ​രെ മനസ്സിൽക്ക​ണ്ടാ​ണെ​ങ്കി​ലും തന്റെ എല്ലാ ആരാധ​കർക്കും ആശ്വാസം പകരാൻവേണ്ടി ദൈവ​മായ യഹോവ അതു വരും​കാ​ല​ങ്ങ​ളി​ലേ​ക്കും സൂക്ഷിച്ചു. (യശയ്യ 40:8; റോമർ 15:4) മുൻകാ​ല​ങ്ങ​ളി​ലെ​പ്പോ​ലെ​തന്നെ ഇന്നും യഹോവ തന്റെ ദാസന്മാ​രു​ടെ തുണയ്‌ക്കെ​ത്തു​ന്നു.

യശയ്യ 41-ാം അധ്യായം വായി​ക്കുക. അടിക്കു​റി​പ്പു​ക​ളും ഒത്തുവാ​ക്യ​ങ്ങ​ളും കാണാം.

a ദൈവത്തിന്റെ പേരാണ്‌ യഹോവ.—സങ്കീർത്തനം 83:18.