വിവരങ്ങള്‍ കാണിക്കുക

ഞങ്ങൾ ജീവിതം ലളിത​മാ​ക്കാൻ തീരു​മാ​നി​ച്ചു

ഞങ്ങൾ ജീവിതം ലളിത​മാ​ക്കാൻ തീരു​മാ​നി​ച്ചു

 കൊളം​ബി​യ​യി​ലെ മെദലി​നി​ലാ​യി​രു​ന്നു മാഡി​യ​ന്റെ​യും മാർസെ​ല​യു​ടെ​യും താമസം. മാഡി​യനു നല്ല ശമ്പളമുള്ള ഒരു ജോലി​യു​ണ്ടാ​യി​രു​ന്നു. അവർക്കു താമസി​ക്കാൻ മനോ​ഹ​ര​മായ ഒരു വീടും. അങ്ങനെ ഒന്നിനും കുറവി​ല്ലാത്ത ഒരു ജീവി​ത​മാ​യി​രു​ന്നു അവരു​ടേത്‌. എന്നാൽ ദൈവ​മായ യഹോ​വ​യു​ടെ സേവക​രായ അവരെ, തങ്ങളുടെ ജീവി​ത​ത്തി​ലെ മുൻഗ​ണ​ന​ക​ളെ​ക്കു​റിച്ച്‌ മാറി​ച്ചി​ന്തി​ക്കാൻ പ്രേരി​പ്പിച്ച ഒരു സംഭവ​മു​ണ്ടാ​യി. അവർ പറയുന്നു: “2006-ൽ ഞങ്ങൾ ‘കണ്ണു ചൊവ്വു​ള്ള​താ​യി സൂക്ഷി​ക്കുക’ എന്ന പ്രത്യേക സമ്മേള​ന​ത്തിൽ പങ്കെടു​ത്തു. ദൈവത്തെ കൂടുതൽ നന്നായി സേവി​ക്കാൻ നമ്മുടെ ജീവിതം ലളിത​മാ​ക്കേ​ണ്ട​തി​ന്റെ ആവശ്യ​ത്തെ​ക്കു​റി​ച്ചാണ്‌ മിക്ക പ്രസം​ഗ​ങ്ങ​ളും ഊന്നി​പ്പ​റ​ഞ്ഞത്‌. പക്ഷേ ഞങ്ങളുടെ ജീവിതം നേർവി​പ​രീ​ത​മാ​ണെന്നു സമ്മേളനം കഴിഞ്ഞ​പ്പോൾ ഞങ്ങൾക്കു മനസ്സി​ലാ​യി. കണ്ണിൽ കാണു​ന്ന​തെ​ല്ലാം വാങ്ങി​ക്കു​ട്ടുന്ന ഒരു രീതി ഞങ്ങൾക്കു​ണ്ടാ​യി​രു​ന്നു, വലിയ ഒരു തുക കടവും.”

 ആത്മീയ ഉറക്കത്തി​ലാ​യി​രുന്ന മാഡി​യ​നെ​യും മാർസെ​ല​യെ​യും തട്ടിയു​ണർത്തിയ ഒരു സംഭവ​മാ​യി​രു​ന്നു അത്‌. അതോടെ അവർ തങ്ങളുടെ ജീവിതം ലളിത​മാ​ക്കാൻ തുടങ്ങി. അവർ പറയുന്നു: “ഞങ്ങൾ ചെലവു​കൾ കുറച്ചു. ചെറിയ ഒരു വീട്ടി​ലേക്കു താമസം മാറി. കാറ്‌ വിറ്റു, പകരം ഒരു മോ​ട്ടോർ​സൈ​ക്കിൾ മതി​യെ​ന്നു​വെച്ചു.” സാധനങ്ങൾ വാങ്ങാ​നുള്ള പ്രലോ​ഭ​നങ്ങൾ ഒഴിവാ​ക്കാൻ അവർ ഷോപ്പിങ്‌ മാളു​ക​ളിൽ പോകു​ന്ന​തും നിറുത്തി. എന്നിട്ട്‌ അയൽക്കാ​രോ​ടു ബൈബി​ളി​നെ​ക്കു​റിച്ച്‌ പറയാൻ കൂടുതൽ സമയം മാറ്റി​വെച്ചു. പ്രത്യേക മുൻനിരസേവകരായി a യഹോ​വയെ തീക്ഷ്‌ണ​ത​യോ​ടെ സേവി​ച്ചി​രു​ന്ന​വരെ അവർ അടുത്ത കൂട്ടു​കാ​രാ​ക്കു​ക​യും ചെയ്‌തു.

 അധികം വൈകാ​തെ തങ്ങളുടെ ശുശ്രൂഷ കുറെ​ക്കൂ​ടെ വിപു​ല​മാ​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തിച്ച മാഡി​യ​നും മാർസെ​ല​യും സഹായം ആവശ്യ​മുള്ള ഗ്രാമ​പ്ര​ദേ​ശത്തെ ഒരു ചെറിയ സഭയി​ലെക്കു മാറാൻ തീരു​മാ​നി​ച്ചു. അവി​ടേക്കു മാറാൻവേണ്ടി മാഡിയൻ തന്റെ ജോലി വിട്ടു. ഇതൊരു മണ്ടത്തര​മാ​യാണ്‌ മാനേ​ജർക്കു തോന്നി​യത്‌. അവരെ കാര്യം പറഞ്ഞു​മ​ന​സ്സി​ലാ​ക്കാൻ മാഡിയൻ ഇങ്ങനെ ചോദി​ച്ചു: “ഇത്ര​യൊ​ക്കെ സമ്പാദി​ച്ചി​ട്ടും മാഡത്തി​നു സന്തോ​ഷ​മു​ണ്ടോ?” ഇല്ലെന്ന്‌ അവർ സമ്മതിച്ചു. തന്നെ​ക്കൊണ്ട്‌ പരിഹ​രി​ക്കാൻ പറ്റാത്ത ധാരാളം പ്രശ്‌നങ്ങൾ ജീവി​ത​ത്തിൽ ഉണ്ടെന്ന്‌ അവർ പറഞ്ഞു. മാഡിയൻ അവരോ​ടു പറഞ്ഞു: “അപ്പോ, എത്ര സമ്പാദി​ക്കു​ന്നു എന്നതിലല്ല കാര്യം. ശരിക്കും സന്തോഷം കിട്ടണം അതാണ്‌ പ്രധാനം. ദൈവ​ത്തെ​ക്കു​റിച്ച്‌ ആളുകളെ പഠിപ്പി​ക്കു​മ്പോൾ എനിക്കും ഭാര്യ​ക്കും സന്തോഷം കിട്ടും. അതു​കൊണ്ട്‌ കൂടുതൽ സമയം അതു ചെയ്‌ത്‌ ഞങ്ങളുടെ സന്തോഷം കൂട്ടാ​നാണ്‌ ഞങ്ങൾ ആഗ്രഹി​ക്കു​ന്നത്‌.”

 ദൈവ​സേ​വ​ന​ത്തി​നു ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ത്ത​തു​കൊണ്ട്‌ മാഡി​യ​നും മാർസെ​ല​യ​യ്‌ക്കും യഥാർഥ സന്തോ​ഷ​വും സംതൃ​പ്‌തി​യും കിട്ടി. കഴിഞ്ഞ 13 വർഷമാ​യി അവർ വടക്കു​പ​ടി​ഞ്ഞാ​റൻ കൊളം​ബി​യ​യി​ലെ പല സഭകളിൽ സേവി​ച്ചി​രി​ക്കു​ന്നു. ഇന്ന്‌ അവർ ഇരുവ​രും പ്രത്യേക മുൻനി​ര​സേ​വ​ക​രാ​യി സേവി​ക്കു​ന്ന​തി​ന്റെ സന്തോഷം ആസ്വദി​ക്കു​ന്നു.

a ചില സ്ഥലങ്ങളിൽ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത മുഴു​സ​മയം അറിയി​ക്കാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രാ​ദേ​ശിക ബ്രാ​ഞ്ചോ​ഫീസ്‌ നിയമി​ക്കു​ന്ന​വ​രാണ്‌ പ്രത്യേക മുൻനി​ര​സേ​വകർ. ജീവി​ത​ച്ചെ​ല​വു​കൾക്കാ​യി അവർക്കു ചെറിയ ഒരു തുക അലവൻസാ​യി നൽകാ​റുണ്ട്‌.