ലേവ്യ 17:1-16

17  യഹോവ മോശ​യോ​ട്‌ ഇങ്ങനെ​യും പറഞ്ഞു:  “അഹരോനോ​ടും പുത്ര​ന്മാരോ​ടും എല്ലാ ഇസ്രായേ​ല്യരോ​ടും പറയുക: ‘യഹോവ കല്‌പി​ച്ചി​രി​ക്കു​ന്നത്‌ ഇതാണ്‌:  “‘“ഇസ്രായേൽഗൃ​ഹ​ത്തിൽപ്പെട്ട ആരെങ്കി​ലും ഒരു കാള​യെ​യോ ചെമ്മരി​യാ​ടിനെ​യോ കോലാ​ടിനെ​യോ പാളയ​ത്തിന്‌ അകത്തോ പുറത്തോ വെച്ച്‌ അറുക്കുന്നെ​ങ്കിൽ,  അതായത്‌ അവൻ അതിനെ യഹോ​വ​യ്‌ക്ക്‌ ഒരു യാഗമാ​യി അർപ്പി​ക്കാൻ യഹോ​വ​യു​ടെ വിശു​ദ്ധ​കൂ​ടാ​ര​ത്തി​നു മുന്നിൽ, സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കൽ കൊണ്ടു​വ​രു​ന്നില്ലെ​ങ്കിൽ, രക്തം ചൊരി​ഞ്ഞ​തി​ന്റെ കുറ്റം അവന്റെ മേൽ വരും. അവൻ രക്തം ചിന്തി​യി​രി​ക്കു​ന്നു. അവനെ ജനത്തിന്‌ ഇടയിൽ വെച്ചേ​ക്കാ​തെ കൊന്നു​ക​ള​യണം.  വെളിമ്പ്രദേശത്തുവെച്ച്‌ മൃഗങ്ങളെ അറുക്കുന്ന ഇസ്രായേ​ല്യർ മേലാൽ അങ്ങനെ ചെയ്യാതെ അവയെ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കൽ പുരോ​ഹി​തന്റെ അടുത്ത്‌ യഹോ​വ​യു​ടെ മുമ്പാകെ കൊണ്ടു​വ​രാൻവേ​ണ്ടി​യാണ്‌ ഇത്‌. അവർ അവ സഹഭോ​ജ​ന​ബ​ലി​ക​ളാ​യി യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കണം.+  പുരോഹിതൻ ആ രക്തം സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കൽ യഹോ​വ​യു​ടെ യാഗപീ​ഠ​ത്തിൽ തളിക്കു​ക​യും, കൊഴു​പ്പ്‌ യഹോ​വയെ പ്രസാദിപ്പിക്കുന്ന* സുഗന്ധ​മാ​യി ദഹിപ്പിക്കുകയും* ചെയ്യണം.+  കോലാട്ടുരൂപമുള്ള ഭൂതങ്ങളുമായി* വേശ്യാവൃത്തിയിൽ+ ഏർപ്പെ​ടുന്ന അവർ ഇനി ഒരിക്ക​ലും അവയ്‌ക്കു ബലി അർപ്പി​ക്ക​രുത്‌.+ ഇതു നിങ്ങൾക്കു തലമു​റ​ക​ളി​ലു​ട​നീ​ളം നിലനിൽക്കുന്ന ദീർഘ​കാ​ലത്തേ​ക്കുള്ള ഒരു നിയമ​മാ​യി​രി​ക്കും.”’  “നീ അവരോ​ട്‌ ഇങ്ങനെ പറയണം: ‘ദഹനയാ​ഗ​മോ ബലിയോ അർപ്പി​ക്കുന്ന ഇസ്രായേൽഗൃ​ഹ​ക്കാ​ര​നോ നിങ്ങളു​ടെ ഇടയിൽ താമസി​ക്കുന്ന ഏതെങ്കി​ലും അന്യ​ദേ​ശ​ക്കാ​ര​നോ  അത്‌ യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കാൻ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കൽ കൊണ്ടു​വ​രാ​തി​രു​ന്നാൽ അവനെ അവന്റെ ജനത്തിന്‌ ഇടയിൽ വെച്ചേ​ക്ക​രുത്‌.+ 10  “‘ഒരു ഇസ്രായേൽഗൃ​ഹ​ക്കാ​ര​നോ നിങ്ങളു​ടെ ഇടയിൽ താമസി​ക്കുന്ന ഒരു അന്യ​ദേ​ശ​ക്കാ​ര​നോ ഏതെങ്കി​ലും തരം രക്തം കഴിക്കുന്നെങ്കിൽ+ ഞാൻ അവന്‌ എതിരെ തിരി​യും. പിന്നെ അവനെ അവന്റെ ജനത്തിന്‌ ഇടയിൽ വെച്ചേ​ക്കില്ല. 11  കാരണം ഏതൊരു ജീവി​യുടെ​യും പ്രാണൻ രക്തത്തി​ലാണ്‌.+ ഈ രക്തമാ​ണ​ല്ലോ അതില​ട​ങ്ങി​യി​ട്ടുള്ള ജീവൻ മുഖാ​ന്തരം പാപപ​രി​ഹാ​രം വരുത്തു​ന്നത്‌.+ അതു​കൊണ്ട്‌ പാപപ​രി​ഹാ​രം വരുത്താൻവേണ്ടി+ യാഗപീ​ഠ​ത്തിൽ ഉപയോ​ഗി​ക്കാൻ ഞാൻ അതു നിങ്ങൾക്കു തന്നിരി​ക്കു​ന്നു. 12  ഇക്കാരണത്താലാണു ഞാൻ ഇസ്രായേ​ല്യരോട്‌, “നിങ്ങളോ നിങ്ങളു​ടെ ഇടയിൽ വന്നുതാ​മ​സി​ക്കുന്ന അന്യദേശക്കാരോ+ ആരും രക്തം കഴിക്ക​രുത്‌”+ എന്നു പറഞ്ഞി​രി​ക്കു​ന്നത്‌. 13  “‘ഒരു ഇസ്രായേ​ല്യ​നോ നിങ്ങളു​ടെ ഇടയിൽ വന്നുതാ​മ​സി​ക്കുന്ന അന്യ​ദേ​ശ​ക്കാ​ര​നോ ഭക്ഷ്യ​യോ​ഗ്യ​മായ ഒരു കാട്ടു​മൃ​ഗത്തെ​യോ പക്ഷി​യെ​യോ വേട്ടയാ​ടി​പ്പി​ടി​ക്കുന്നെ​ങ്കിൽ അവൻ അതിന്റെ രക്തം നിലത്ത്‌ ഒഴിച്ച്‌ മണ്ണ്‌ ഇട്ട്‌ മൂടണം.+ 14  രക്തത്തിൽ ജീവൻ അടങ്ങി​യി​രി​ക്കു​ന്ന​തുകൊണ്ട്‌ എല്ലാ തരം ജീവി​ക​ളുടെ​യും പ്രാണൻ അതിന്റെ രക്തമാണ്‌. അതു​കൊ​ണ്ടാണ്‌ ഞാൻ ഇസ്രായേ​ല്യരോട്‌ ഇങ്ങനെ പറഞ്ഞത്‌: “ഒരു ജീവി​യുടെ​യും രക്തം നിങ്ങൾ കഴിക്ക​രുത്‌. കാരണം, എല്ലാ ജീവി​ക​ളുടെ​യും പ്രാണൻ അതിന്റെ രക്തമാണ്‌. രക്തം കഴിക്കുന്ന ഒരുത്തനെ​യും ഞാൻ വെച്ചേ​ക്കില്ല.”+ 15  താനേ ചത്ത മൃഗ​ത്തെ​യോ വന്യമൃ​ഗം കടിച്ചു​കീ​റിയ മൃഗ​ത്തെ​യോ തിന്നുന്നവൻ+ സ്വദേ​ശി​യാ​യാ​ലും അന്യ​ദേ​ശ​ക്കാ​ര​നാ​യാ​ലും വസ്‌ത്രം അലക്കി, കുളി​ക്കണം. അവൻ വൈകുന്നേ​രം​വരെ അശുദ്ധ​നാ​യി​രി​ക്കും.+ പിന്നെ അവൻ ശുദ്ധനാ​കും. 16  എന്നാൽ അവൻ വസ്‌ത്രം അലക്കു​ക​യോ കുളി​ക്കു​ക​യോ ചെയ്യു​ന്നില്ലെ​ങ്കിൽ അവൻ സ്വന്തം തെറ്റിന്‌ ഉത്തരം പറയേ​ണ്ടി​വ​രും.’”+

അടിക്കുറിപ്പുകള്‍

അഥവാ “യഹോ​വ​യ്‌ക്കു പ്രീതി​ക​ര​മായ; യഹോ​വ​യു​ടെ മനം കുളിർപ്പി​ക്കുന്ന.” അക്ഷ. “യഹോ​വയെ ശാന്തമാ​ക്കുന്ന.”
അഥവാ “പുക ഉയരും​വി​ധം ദഹിപ്പി​ക്കു​ക​യും.”
അക്ഷ. “കോലാ​ടു​ക​ളു​മാ​യി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം