വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുട്ടികൾക്ക്‌ നിങ്ങൾ കാണി​ച്ചു​കൊ​ടു​ക്കുന്ന വഴി ഏതാണ്‌?

മാതാ​പി​താ​ക്കൾക്ക്‌

8: മാതൃക

8: മാതൃക

അതിന്റെ അർഥം

മാതൃ​കാ​പ​ര​മാ​യി ജീവി​ക്കുന്ന മാതാ​പി​താ​ക്കൾ അവർ പഠിപ്പി​ക്കു​ന്ന​തി​നു ചേർച്ച​യിൽ ജീവി​ക്കു​ന്ന​വ​രാ​യി​രി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങളെ കാണാൻ വന്ന ഒരാളെ ഒഴിവാ​ക്കു​ന്ന​തി​നു​വേണ്ടി “ഞാൻ വീട്ടി​ലി​ല്ലെന്ന്‌ പറഞ്ഞേക്ക്‌” എന്ന്‌ നിങ്ങൾ പറയു​ന്നത്‌ കുട്ടി കേൾക്കു​ന്നെ​ങ്കിൽ നിങ്ങളു​ടെ കുട്ടി സത്യസന്ധത കാണി​ക്കാ​നുള്ള സാധ്യത വളരെ കുറവാണ്‌.

“‘ഞാൻ ചെയ്യു​ന്നത്‌ നോക്കേണ്ട, പറയു​ന്നത്‌ ചെയ്‌താൽ മതി’ എന്നു ചിലർ പറയാ​റുണ്ട്‌. പക്ഷേ കുട്ടി​ക​ളു​ടെ കാര്യ​ത്തിൽ അത്‌ വില​പ്പോ​കില്ല. അവർ സ്‌പോ​ഞ്ചു​പോ​ലെ​യാണ്‌, നമ്മൾ പറയു​ന്ന​തും ചെയ്യു​ന്ന​തും എല്ലാം പിടി​ച്ചെ​ടു​ക്കും. നമ്മൾ പഠിപ്പി​ക്കു​ന്ന​തൊ​ന്നും ചെയ്യു​ന്നത്‌ വേറൊ​ന്നും ആയി​പ്പോ​യാൽ കുട്ടികൾ അത്‌ ചൂണ്ടി​ക്കാ​ണി​ക്കും.”—ഡേവിഡ്‌.

ബൈബിൾത​ത്ത്വം: ‘“മോഷ്ടി​ക്ക​രുത്‌” എന്നു പ്രസം​ഗി​ച്ചിട്ട്‌ നീതന്നെ മോഷ്ടി​ക്കു​ന്നോ?’—റോമർ 2:21.

അതിന്റെ പ്രാധാ​ന്യം

കുട്ടി​ക​ളെ​യും കൗമാ​ര​പ്രാ​യ​ത്തി​ലു​ള്ള​വ​രെ​യും ഏറ്റവും കൂടുതൽ സ്വാധീ​നി​ക്കു​ന്നത്‌ മാതാ​പി​താ​ക്ക​ളാണ്‌, അല്ലാതെ സമപ്രാ​യ​ക്കാ​രല്ല. അതു കാണി​ക്കു​ന്നത്‌, മക്കളെ ശരിയായ വഴിയേ നടത്താൻ ഏറ്റവും പറ്റിയ സ്ഥാനത്താ​യി​രി​ക്കു​ന്നത്‌ മാതാ​പി​താ​ക്ക​ളായ നിങ്ങളാണ്‌ എന്നാണ്‌. അതു​കൊണ്ട്‌ നിങ്ങൾ പറയു​ന്നത്‌ ചെയ്യു​ക​തന്നെ വേണം.

“ഒരു കാര്യം കുട്ടി​യോ​ടു പല തവണ പറയു​മ്പോൾ കുട്ടി അത്‌ ശ്രദ്ധി​ക്കു​ന്നു​ണ്ടോ എന്ന്‌ നമ്മൾ ചിന്തി​ച്ചേ​ക്കാം. എന്നാൽ നമ്മൾ അക്കാര്യം ഒരു തവണ​യെ​ങ്ങാ​നും ചെയ്യാ​തി​രു​ന്നാൽ കുട്ടി അപ്പോൾ അത്‌ ചൂണ്ടി​ക്കാ​ണി​ക്കും. നമ്മൾ ചെയ്യു​ന്ന​തെ​ല്ലാം കുട്ടികൾ ശ്രദ്ധി​ക്കു​ന്നുണ്ട്‌, അവർ ശ്രദ്ധി​ക്കു​ന്നി​ല്ലെന്നു നമ്മൾ വിചാ​രി​ച്ചാൽപ്പോ​ലും.”—നിക്കോൾ

ബൈബിൾത​ത്ത്വം: ‘ഉയരത്തിൽനി​ന്നുള്ള ജ്ഞാനം കാപട്യം ഇല്ലാത്ത​താണ്‌.’—യാക്കോബ്‌ 3:17.

നിങ്ങൾക്ക്‌ ചെയ്യാ​നാ​കു​ന്നത്‌

നിങ്ങളു​ടെ നിലവാ​രങ്ങൾ പരി​ശോ​ധി​ക്കുക. ഏതു തരത്തി​ലുള്ള വിനോ​ദ​പ​രി​പാ​ടി​ക​ളാണ്‌ നിങ്ങൾ കാണു​ന്നത്‌? ഇണയോ​ടും മക്കളോ​ടും നിങ്ങൾ എങ്ങനെ​യാണ്‌ പെരു​മാ​റു​ന്നത്‌? നിങ്ങളു​ടെ കൂട്ടു​കാർ ഏതു തരക്കാ​രാണ്‌? മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ ചിന്തയു​ണ്ടോ? ചുരു​ക്കി​പ്പ​റ​ഞ്ഞാൽ, നിങ്ങളു​ടെ മക്കൾ എങ്ങനെ​യാ​യി​ത്തീ​രാ​നാ​ണോ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌, അങ്ങനെ​യുള്ള ഒരു വ്യക്തി​യാ​ണോ നിങ്ങൾ?

“ഞങ്ങൾ പിൻപ​റ്റാത്ത നിലവാ​രങ്ങൾ മക്കൾ പിൻപ​റ്റ​ണ​മെന്നു ഞാനും ഭർത്താ​വും പ്രതീ​ക്ഷി​ക്കാ​റില്ല.”—ക്രിസ്റ്റീൻ

തെറ്റു​പ​റ്റി​യാൽ ക്ഷമ ചോദി​ക്കുക. നിങ്ങൾക്കും തെറ്റു​പ​റ്റാ​മെന്ന കാര്യം നിങ്ങളു​ടെ കുട്ടി​കൾക്ക്‌ അറിയാം. നിങ്ങളു​ടെ ഇണയോ​ടും കുട്ടി​ക​ളോ​ടും “സോറി” പറയു​മ്പോൾ സത്യസ​ന്ധ​ത​യു​ടെ​യും താഴ്‌മ​യു​ടെ​യും ഒരു പാഠം നിങ്ങൾ മക്കളെ പഠിപ്പി​ക്കു​ക​യാ​യി​രി​ക്കും.

“നമുക്കു തെറ്റു​പ​റ്റി​യാൽ, അതു സമ്മതി​ക്കു​ന്ന​തും അതിനു ക്ഷമ ചോദി​ക്കു​ന്ന​തും നമ്മുടെ കുട്ടികൾ കേൾക്കണം. അങ്ങനെ​യ​ല്ലെ​ങ്കിൽ സ്വന്തം തെറ്റുകൾ മൂടി​വെ​ക്കാ​നേ അവർ പഠിക്കൂ.”—റോബിൻ.

“നമ്മുടെ കുട്ടി​ക​ളിൽ ഏറ്റവും സ്വാധീ​നം ചെലു​ത്തു​ന്നത്‌ മാതാ​പി​താ​ക്ക​ളായ നമ്മളാണ്‌. നമ്മുടെ മാതൃ​ക​യാണ്‌ അവരെ പരിശീ​ലി​പ്പി​ക്കാ​നുള്ള ഏറ്റവും നല്ല ഉപകരണം. ഈ മാതൃക കണ്ടാണ്‌ അവർ വളരു​ന്നത്‌. ഒരിക്ക​ലും അടയ്‌ക്കാത്ത ഒരു പുസ്‌ത​കം​പോ​ലെ​യാണ്‌ ഇത്‌. ഇത്‌ എപ്പോ​ഴും അവരെ പഠിപ്പി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു.”—വെൻഡൽ.