വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സെഖര്യ​ക്കു കിട്ടിയ ദർശനങ്ങൾ—നമുക്ക് അതിൽനിന്ന് എന്തു പഠിക്കാം?

സെഖര്യ​ക്കു കിട്ടിയ ദർശനങ്ങൾ—നമുക്ക് അതിൽനിന്ന് എന്തു പഠിക്കാം?

“എന്‍റെ അടു​ത്തേക്കു തിരി​ച്ചു​വ​രുക. . . . ഞാൻ നിങ്ങളു​ടെ അടു​ത്തേക്കു തിരി​ച്ചു​വ​രും.”—സെഖ. 1:3.

ഗീതങ്ങൾ: 89, 86

1-3. (എ) സെഖര്യ പ്രവാ​ച​ക​വേല തുടങ്ങിയ സമയത്ത്‌ ദൈവ​ജ​ന​ത്തി​ന്‍റെ അവസ്ഥ എന്തായി​രു​ന്നു? (ബി) തന്‍റെ ‘അടു​ത്തേക്കു തിരി​ച്ചു​വ​രാൻ’ യഹോവ ജനത്തോട്‌ ആവശ്യ​പ്പെ​ടു​ന്നത്‌ എന്തു​കൊണ്ട്?

പറന്നു​പോ​കുന്ന ഒരു ചുരുൾ. വലിയ ഒരു പാത്ര​ത്തിൽ അടച്ചു​വെ​ച്ചി​രി​ക്കുന്ന ഒരു സ്‌ത്രീ. കൊക്കി​ന്‍റേ​തു​പോ​ലെ ചിറകു​ക​ളുള്ള, കാറ്റത്ത്‌ പറന്നു​വ​രുന്ന രണ്ടു സ്‌ത്രീ​കൾ. സെഖര്യ​യു​ടെ പുസ്‌ത​ക​ത്തിൽ വിവരി​ച്ചി​രി​ക്കുന്ന നാടകീ​യ​രം​ഗ​ങ്ങ​ളാണ്‌ ഇവ. (സെഖ. 5:1, 7-9) യഹോവ തന്‍റെ പ്രവാ​ച​കന്‌ ഈ ഉദ്വേ​ഗ​ജ​ന​ക​മായ ദർശനങ്ങൾ കൊടു​ക്കാൻ കാരണം എന്ത്? ആ സമയത്ത്‌ ഇസ്രാ​യേ​ല്യ​രു​ടെ അവസ്ഥ എന്തായി​രു​ന്നു? സെഖര്യ എഴുതിയ ദർശന​ങ്ങ​ളിൽനിന്ന് നമുക്ക് എന്തു പാഠമുണ്ട്?

2 യഹോ​വ​യു​ടെ സമർപ്പി​ത​ജ​ന​ത്തി​നു ബി.സി. 537 അത്യാ​ന​ന്ദ​ത്തി​ന്‍റെ ഒരു വർഷമാ​യി​രു​ന്നു. 70 വർഷത്തെ നീണ്ട പ്രവാ​സ​ത്തി​നു ശേഷം അവർ ബാബി​ലോ​ണിൽനിന്ന് സ്വത​ന്ത്ര​രാ​യി. തുടക്ക​ത്തിൽ അവർ ആവേശ​ത്തോ​ടെ യരുശ​ലേ​മിൽ സത്യാ​രാ​ധന പുനഃ​സ്ഥാ​പി​ക്കാ​നുള്ള ശ്രമം തുടങ്ങി. ബി.സി. 536-ൽ ആലയത്തിന്‌ അടിസ്ഥാ​നം ഇട്ടു. ജനം വളരെ​യ​ധി​കം സന്തോ​ഷി​ച്ചു. ആ സമയത്ത്‌ “അങ്ങു ദൂരെ​വരെ കേൾക്കുന്ന വിധത്തിൽ അത്ര ഉച്ചത്തി​ലാ​ണു ജനം ആർത്തു​വി​ളി​ച്ചത്‌.” (എസ്ര 3:10-13) എന്നാൽ പെട്ടെ​ന്നു​തന്നെ നിർമാ​ണ​പ്ര​വർത്ത​ന​ത്തിന്‌ എതിർപ്പു​കൾ നേരി​ടാൻ തുടങ്ങി. പ്രശ്‌ന​ങ്ങ​ളി​ലും പ്രതി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളി​ലും നിരാ​ശ​രായ ജനം ആലയത്തി​ന്‍റെ പണി ഉപേക്ഷി​ച്ചു. അവനവന്‍റെ വീടുകൾ പണിയു​ന്ന​തി​ലും കൃഷി ചെയ്യു​ന്ന​തി​ലും ആയി പിന്നീട്‌ അവരുടെ ശ്രദ്ധ. അങ്ങനെ 16 വർഷങ്ങൾ കഴിഞ്ഞു, ആലയത്തി​ന്‍റെ പണി എങ്ങും എത്തിയില്ല. യഹോ​വ​യി​ലേക്കു മടങ്ങി​വ​രാ​നും സ്വാർഥ​താ​ത്‌പ​ര്യ​ങ്ങൾക്കു പുറകേ പോകു​ന്നതു നിറു​ത്താ​നും ദൈവ​ജ​ന​ത്തിന്‌ ഓർമി​പ്പി​ക്കൽ ആവശ്യ​മാ​യി​രു​ന്നു. തന്നി​ലേക്കു മടങ്ങി​വ​രാ​നും ധൈര്യ​പൂർവം മുഴു​ഹൃ​ദ​യ​ത്തോ​ടെ വീണ്ടും തന്നെ ആരാധി​ക്കാ​നും യഹോവ അവരോട്‌ ആവശ്യ​പ്പെ​ടു​ന്നു.

3 ബാബി​ലോ​ണി​ന്‍റെ അടിമ​ത്ത​ത്തിൽനിന്ന് അവരെ വിടു​വി​ച്ച​തി​ന്‍റെ പ്രധാ​ന​കാ​രണം എന്തായി​രു​ന്നെന്നു ദൈവ​ജ​നത്തെ ഓർമി​പ്പി​ക്കാൻ ബി.സി. 520-ൽ ദൈവം സെഖര്യ പ്രവാ​ച​കനെ അയച്ചു. സെഖര്യ എന്ന പേരിന്‍റെ അർഥം​തന്നെ “യഹോവ ഓർത്തി​രി​ക്കു​ന്നു” എന്നാണ്‌. ഇത്‌ ഒരു പ്രധാ​ന​പ്പെട്ട സത്യം അവരുടെ മനസ്സി​ലേക്കു കൊണ്ടു​വ​ന്നി​രി​ക്കാം: അവരെ രക്ഷിക്കാൻ യഹോവ ചെയ്‌ത കാര്യങ്ങൾ അവർ മറന്നു​പോ​യെ​ങ്കി​ലും ദൈവം ഇപ്പോ​ഴും അവരെ ഓർക്കു​ന്നു. (സെഖര്യ 1:3, 4 വായി​ക്കുക.) സത്യാ​രാ​ധന പുനഃ​സ്ഥാ​പി​ക്കാൻ താൻ സഹായി​ക്കു​മെന്ന് യഹോവ സ്‌നേ​ഹ​ത്തോ​ടെ അവർക്ക് ഉറപ്പു​കൊ​ടു​ത്തു. അതേസ​മയം, മനസ്സി​ല്ലാ​മ​ന​സ്സോ​ടെ​യുള്ള ആരാധന താൻ വെച്ചു​പൊ​റു​പ്പി​ക്കില്ല എന്ന ശക്തമായ മുന്നറി​യി​പ്പും നൽകി. സെഖര്യ​ക്കു കൊടുത്ത ആറാമ​ത്തെ​യും ഏഴാമ​ത്തെ​യും ദർശന​ങ്ങ​ളി​ലൂ​ടെ യഹോവ അവരെ പ്രവർത്ത​ന​സ​ജ്ജ​രാ​ക്കി​യത്‌ എങ്ങനെ​യെന്നു കാണാം. അതിൽനിന്ന് നമുക്ക് എന്തു പാഠം പഠിക്കാം എന്നും ചിന്തി​ക്കാം.

മോഷ്ടി​ക്കു​ന്ന​വർക്കു ദൈവ​ത്തിൽനി​ന്നുള്ള ശിക്ഷ

4. തനിക്കു കിട്ടിയ ആറാമത്തെ ദർശന​ത്തിൽ സെഖര്യ എന്തു കണ്ടു, ചുരു​ളി​ന്‍റെ രണ്ടു വശത്തും എഴുത്തുണ്ട് എന്നത്‌ എന്തു സൂചി​പ്പി​ക്കു​ന്നു? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം 1 കാണുക.)

4 സെഖര്യ 5-‍ാ‍ം അധ്യായം തുടങ്ങു​ന്നത്‌ അസാധാ​ര​ണ​മായ ഒരു ദർശന​ത്തോ​ടെ​യാണ്‌. (സെഖര്യ 5:1, 2 വായി​ക്കുക.) 30 അടി (9 മീറ്റർ) നീളവും 15 അടി (4.5 മീറ്റർ) വീതി​യും ഉള്ള ഒരു ചുരുൾ ആകാശ​ത്തു​കൂ​ടെ പറന്നു​പോ​കു​ന്നതു സെഖര്യ കണ്ടു. ചുരുൾ തുറന്നി​രു​ന്ന​തി​നാൽ അതിൽ എഴുതി​യി​രുന്ന സന്ദേശം വായി​ക്കാൻ കഴിയു​മാ​യി​രു​ന്നു. ഒരു ന്യായ​വി​ധി​സ​ന്ദേ​ശ​മാ​യി​രു​ന്നു അതിൽ. (സെഖ. 5:3) സാധാ​ര​ണ​ഗ​തി​യിൽ ചുരു​ളി​ന്‍റെ ഒരു വശത്തു മാത്രമേ എഴുതു​മാ​യി​രു​ന്നു​ള്ളൂ. എന്നാൽ ഈ ചുരു​ളി​ന്‍റെ രണ്ടു വശത്തും എഴുത്തു​ണ്ടാ​യി​രു​ന്നു. അതു കാണി​ക്കു​ന്നത്‌ ഈ ചുരു​ളി​ലെ സന്ദേശം വളരെ ഗൗരവ​മു​ള്ള​താ​യി​രു​ന്നെ​ന്നാണ്‌.

ഒരു തരത്തി​ലുള്ള മോഷ​ണ​വും ക്രിസ്‌ത്യാ​നി​കൾക്കി​ട​യിൽ ഉണ്ടാക​രുത്‌ (5-7 ഖണ്ഡികകൾ കാണുക)

5, 6. എല്ലാത്തരം മോഷ​ണ​ത്തെ​യും യഹോവ എങ്ങനെ വീക്ഷി​ക്കു​ന്നു?

5 സെഖര്യ 5:3, 4 വായി​ക്കുക. മനുഷ്യ​രെ​ല്ലാം ദൈവ​മു​മ്പാ​കെ കണക്കു ബോധി​പ്പി​ക്കേ​ണ്ട​വ​രാണ്‌, ദൈവ​ത്തി​ന്‍റെ പേര്‌ വഹിക്കുന്ന ജനം പ്രത്യേ​കി​ച്ചും. ഏതുതരം മോഷ​ണ​വും ‘ദൈവ​നാ​മ​ത്തിന്‌ അപമാനം വരുത്തു​മെന്ന്’ ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നവർ മനസ്സി​ലാ​ക്കു​ന്നു. (സുഭാ. 30:8, 9) മോഷ്ടി​ച്ചത്‌ എന്ത് ഉദ്ദേശ്യ​ത്തി​ലാ​യാ​ലും, മോഷ​ണ​ത്തി​ലേക്കു നയിച്ച സാഹച​ര്യ​ങ്ങൾ എന്തായാ​ലും, ദൈവ​ത്തെ​ക്കാൾ അധികം വസ്‌തു​വ​ക​കൾക്കു പ്രാധാ​ന്യം കൊടു​ത്തു​കൊണ്ട് മോഷ്ടാവ്‌ അത്യാ​ഗ്രഹം കാണി​ക്കു​ക​യാണ്‌. കാരണം, അയാൾ ദൈവ​ത്തി​ന്‍റെ നിയമ​ത്തിന്‌ ഒരു വിലയും കല്‌പി​ക്കു​ന്നില്ല. യഹോ​വ​യ്‌ക്കും ദൈവ​നാ​മ​ത്തി​നും പ്രാധാ​ന്യം കൊടു​ക്കാ​തെ അതിനെ നിന്ദി​ക്കു​ന്നു.

6 ‘(ശാപം) കള്ളന്‍റെ വീട്ടിൽ പ്രവേ​ശി​ക്കും. അത്‌ ആ വീട്ടിൽത്തന്നെ ഇരുന്ന് ആ വീട്‌ വിഴു​ങ്ങി​ക്ക​ള​യും’ എന്നു സെഖര്യ 5:3, 4-ൽ പറഞ്ഞി​രി​ക്കു​ന്നതു ശ്രദ്ധി​ച്ചോ? ഏതു പൂട്ടി​യിട്ട വീടി​നു​ള്ളി​ലും യഹോ​വ​യു​ടെ ന്യായ​വി​ധി​ക്കു കടന്നു​ചെ​ല്ലാ​നാ​കും. ദൈവ​ജ​ന​ത്തിന്‌ ഇടയിലെ ആര്‌, എന്തു തെറ്റു ചെയ്‌താ​ലും അതു പുറത്തു​കൊ​ണ്ടു​വ​രാ​നും ന്യായം വിധി​ക്കാ​നും യഹോ​വ​യ്‌ക്കു കഴിയും. ശിക്ഷയിൽനിന്ന് ഒളിക്കാൻ കഴിയുന്ന ഒരു സ്ഥലവു​മില്ല. അധികാ​രി​ക​ളിൽനി​ന്നോ തൊഴി​ലു​ട​മ​ക​ളിൽനി​ന്നോ മൂപ്പന്മാ​രിൽനി​ന്നോ മാതാ​പി​താ​ക്ക​ളിൽനി​ന്നോ ഒരാൾക്കു മോഷണം മറച്ചു​പി​ടി​ക്കാൻ കഴി​ഞ്ഞേ​ക്കും, പക്ഷേ യഹോ​വ​യിൽനിന്ന് ഒളിക്കാൻ കഴിയില്ല. കാരണം എല്ലാ മോഷ​ണ​വും ദൈവ​ത്തി​നു വ്യക്തമാ​യി കാണാം. (എബ്രാ. 4:13) “എല്ലാത്തി​ലും” സത്യസ​ന്ധ​രാ​യി​രി​ക്കാൻ ആത്മാർഥ​മാ​യി ശ്രമി​ക്കുന്ന ഒരു ജനത്തോ​ടൊ​പ്പം സഹവസി​ക്കാൻ കഴിയു​ന്നത്‌ എത്ര നവോ​ന്മേ​ഷ​ക​ര​മാണ്‌!—എബ്രാ. 13:18.

7. പറന്നു​പോ​കുന്ന ചുരു​ളി​ന്‍റെ ദർശന​ത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?

7 എല്ലാത്തരം മോഷ​ണ​വും യഹോ​വ​യ്‌ക്കു വെറു​പ്പാണ്‌. യഹോ​വ​യു​ടെ പേരിന്‌ ഒരുത​ര​ത്തി​ലും നിന്ദ വരുത്താ​തെ ദൈവി​ക​നി​ല​വാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കു​ന്നത്‌ ഒരു പദവി​യാ​യി നമ്മൾ കാണുന്നു. അങ്ങനെ ജീവി​ക്കു​മ്പോൾ ദൈവി​ക​നി​യ​മങ്ങൾ മനഃപൂർവം ലംഘി​ക്കു​ന്ന​വരെ ന്യായം വിധി​ക്കുന്ന സമയത്ത്‌ സുരക്ഷി​ത​രാ​യി​രി​ക്കാൻ നമുക്കു കഴിയും.

“ദിവസ​വും” നമ്മുടെ വാക്കിനു ചേർച്ച​യിൽ ജീവി​ക്കു​ക

8-10. (എ) സത്യം ചെയ്യുക എന്നാൽ എന്താണ്‌? (ബി) സിദെ​ക്കിയ രാജാവ്‌ ഏതു വാക്കാണു പാലി​ക്കാ​തി​രു​ന്നത്‌?

8 ‘ദൈവ​ത്തി​ന്‍റെ നാമത്തിൽ കള്ളസത്യം ചെയ്യു​ന്ന​വർക്കെ​തി​രെ​യാണ്‌’ പറന്നു​പോ​കുന്ന ചുരു​ളി​ലെ മറ്റൊരു മുന്നറി​യിപ്പ്. (സെഖ. 5:4) ഒരു കാര്യം ശരിയാ​ണെന്നു ആണയിട്ട് പറയു​ന്നത്‌ അല്ലെങ്കിൽ ഒരു കാര്യം ചെയ്യു​മെ​ന്നോ ഇല്ലെന്നോ വാക്കു കൊടു​ക്കു​ന്നത്‌ ആണ്‌ സത്യം ചെയ്യൽ.

9 യഹോ​വ​യു​ടെ നാമത്തിൽ സത്യം ചെയ്യു​ന്നതു വളരെ ഗൗരവ​മുള്ള ഒരു കാര്യ​മാണ്‌. യരുശ​ലേ​മി​ലെ അവസാ​നത്തെ രാജാ​വായ സിദെ​ക്കിയ അങ്ങനെ​യൊ​രു സത്യം ചെയ്‌തു. ബാബി​ലോൺരാ​ജാ​വി​നു വിശ്വ​സ്‌ത​മാ​യി കീഴ്‌പെ​ട്ടി​രു​ന്നു​കൊ​ള്ളാ​മെ​ന്നാ​ണു സിദെ​ക്കിയ യഹോ​വ​യു​ടെ നാമത്തിൽ ആണയി​ട്ടത്‌. പക്ഷേ അദ്ദേഹം തന്‍റെ വാക്കു പാലി​ച്ചില്ല. അതിന്‍റെ ഫലമായി യഹോവ അദ്ദേഹത്തെ ഈ ന്യായ​വി​ധി​സ​ന്ദേശം അറിയി​ച്ചു: “ഞാനാണെ, ബാബി​ലോ​ണിൽവെച്ച് (സിദെ​ക്കിയ) മരിക്കും. ആരാണോ അവനെ രാജാ​വാ​ക്കി​യത്‌, ആരുടെ ആണയാ​ണോ അവൻ പുച്ഛി​ച്ചു​ത​ള്ളി​യത്‌, ആരുടെ ഉടമ്പടി​യാ​ണോ അവൻ ലംഘി​ച്ചത്‌, ആ രാജാവ്‌ ഉള്ളിട​ത്തു​വെ​ച്ചു​തന്നെ ഇതു സംഭവി​ക്കും.”—യഹ. 17:16.

10 സിദെ​ക്കിയ രാജാവ്‌ ദൈവ​നാ​മ​ത്തി​ലാ​ണു സത്യം ചെയ്‌തത്‌. അതു​കൊണ്ട് അതനു​സ​രിച്ച് പ്രവർത്തി​ക്ക​ണ​മെന്ന് യഹോവ പ്രതീ​ക്ഷി​ച്ചു. (2 ദിന. 36:13) അതിനു പകരം, ബാബി​ലോ​ണി​ന്‍റെ ഭരണത്തിൽനിന്ന് രക്ഷപ്പെ​ടാൻ സിദെ​ക്കിയ ഈജി​പ്‌തി​ന്‍റെ സഹായം തേടി, അതൊട്ട് ഫലം കണ്ടുമില്ല.—യഹ. 17:11-15, 17, 18.

11, 12. (എ) നിങ്ങളു​ടെ ജീവി​ത​ത്തി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട പ്രതിജ്ഞ ഏതാണ്‌? (ബി) സമർപ്പ​ണ​പ്ര​തിജ്ഞ നമ്മുടെ ഓരോ ദിവസ​ത്തെ​യും ജീവി​തത്തെ സ്വാധീ​നി​ക്കു​ന്നത്‌ എങ്ങനെ?

11 നമ്മൾ ചെയ്യുന്ന വാഗ്‌ദാ​ന​ങ്ങ​ളും യഹോവ ശ്രദ്ധി​ക്കു​ന്നുണ്ട്. യഹോവ അവ വളരെ ഗൗരവ​മാ​യി കാണുന്നു. യഹോ​വ​യു​ടെ അംഗീ​കാ​രം നേടണ​മെ​ങ്കിൽ നമ്മുടെ പ്രതി​ജ്ഞ​യ്‌ക്ക​നു​സ​രിച്ച് പ്രവർത്തി​ക്കണം. (സങ്കീ. 76:11) യഹോ​വ​യ്‌ക്കു നമ്മളെ​ത്തന്നെ സമർപ്പി​ച്ചു​കൊണ്ട് നടത്തിയ പ്രതി​ജ്ഞ​യാണ്‌ ഏറ്റവും പ്രധാ​ന​പ്പെ​ട്ടത്‌. എന്തു സംഭവി​ച്ചാ​ലും യഹോ​വയെ സേവി​ച്ചു​കൊ​ള്ളാ​മെന്നു നമ്മൾ ദൈവ​ത്തി​നു വാക്കു കൊടു​ക്കു​ന്ന​താ​ണു പാവന​മായ ആ പ്രതി​ജ്ഞ​യിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌.

12 സമർപ്പ​ണ​പ്ര​തി​ജ്ഞ​യ്‌ക്കു ചേർച്ച​യിൽ നമുക്ക് എങ്ങനെ ജീവി​ക്കാം? ചെറു​തോ വലുതോ ആയ പരി​ശോ​ധ​നകൾ ജീവി​ത​ത്തി​ലു​ണ്ടാ​കു​മ്പോൾ വിശ്വ​സ്‌ത​രാ​യി​നി​ന്നു​കൊണ്ട് “ദിവസ​വും” യഹോ​വയെ സ്‌തു​തി​ക്കു​മെ​ന്നുള്ള പ്രതിജ്ഞ ഗൗരവ​മാ​യെ​ടു​ക്കു​ന്നെന്നു നമുക്കു കാണി​ക്കാം. (സങ്കീ. 61:8) ഉദാഹ​ര​ണ​ത്തിന്‌, ജോലി​സ്ഥ​ല​ത്തോ സ്‌കൂ​ളി​ലോ ആരെങ്കി​ലും നമ്മളോ​ടു ശൃംഗ​രി​ക്കു​ന്നെ​ങ്കി​ലോ? അത്തരം ഇടപെ​ട​ലു​കളെ ചെറു​ത്തു​നി​ന്നു​കൊണ്ട് ‘യഹോ​വ​യു​ടെ വഴിക​ളിൽ’ നമ്മൾ നടക്കു​മോ? (സുഭാ. 23:26) ഇനി, കുടും​ബ​ത്തിൽ നമ്മൾ മാത്രമേ യഹോ​വയെ ആരാധി​ക്കു​ന്നു​ള്ളു​വെ​ങ്കി​ലോ? കുടും​ബ​ത്തി​ലെ മറ്റുള്ളവർ ക്രിസ്‌തീ​യ​ഗു​ണങ്ങൾ പ്രകടി​പ്പി​ക്കാ​ത്ത​പ്പോ​ഴും നമ്മൾ ഒരു ക്രിസ്‌ത്യാ​നി​ക്കു​ണ്ടാ​യി​രി​ക്കേണ്ട ഉന്നതനി​ല​വാ​ര​ങ്ങൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കു​മോ? പ്രശ്‌ന​ങ്ങ​ളിൻമ​ധ്യേ​യും വഴിന​ട​ത്തു​ന്ന​തി​നും സ്‌നേ​ഹി​ക്കു​ന്ന​തി​നും നന്ദി പറഞ്ഞു​കൊണ്ട് ദിവസ​വും നമ്മൾ യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നു​ണ്ടോ? എല്ലാ ദിവസ​വും ബൈബിൾ വായി​ക്കാൻ നമ്മൾ സമയം കണ്ടെത്തു​ന്നു​ണ്ടോ? നമ്മൾ ജീവിതം സമർപ്പി​ച്ച​പ്പോൾ ഒരർഥ​ത്തിൽ ഈ കാര്യ​ങ്ങ​ളെ​ല്ലാം ചെയ്‌തു​കൊ​ള്ളാ​മെന്നു വാക്കു കൊടു​ത്ത​തല്ലേ? സമർപ്പ​ണ​ത്തി​നു ചേർച്ച​യിൽ ജീവി​ക്കു​ന്ന​തിൽ അനുസ​രണം ഉൾപ്പെ​ടു​ന്നു. ദൈവ​സേ​വ​ന​ത്തിൽ കഴിവി​ന്‍റെ പരമാ​വധി ചെയ്യു​മ്പോൾ നമ്മൾ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നെ​ന്നും യഹോ​വ​യ്‌ക്കു നമ്മളെ​ത്തന്നെ സമർപ്പി​ച്ചി​രി​ക്കു​ന്നെ​ന്നും തെളി​യി​ക്കു​ക​യാണ്‌. നമ്മുടെ ആരാധന കേവലം ഒരു ചടങ്ങല്ല, അതൊരു ജീവി​ത​രീ​തി​യാണ്‌. സമർപ്പ​ണ​പ്ര​തി​ജ്ഞ​യ്‌ക്കു ചേർച്ച​യിൽ ജീവി​ക്കു​ന്നതു നമ്മു​ടെ​തന്നെ നന്മയ്‌ക്കാണ്‌. വിശ്വ​സ്‌ത​രാ​യി തുടരു​ന്നെ​ങ്കിൽ നമ്മളെ ഒരു സന്തുഷ്ട​ഭാ​വി കാത്തി​രി​ക്കു​ന്നു.—ആവ. 10:12, 13.

13. സെഖര്യ​യു​ടെ ആറാമത്തെ ദർശന​ത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?

13 യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നവർ ഏതെങ്കി​ലും തരത്തി​ലുള്ള മോഷ​ണ​ത്തിൽ ഉൾപ്പെ​ട​രു​തെ​ന്നും കള്ളസത്യം ചെയ്യരു​തെ​ന്നും മനസ്സി​ലാ​ക്കാൻ സെഖര്യ​യു​ടെ ആറാമത്തെ ദർശനം നമ്മളെ സഹായി​ച്ചി​രി​ക്കു​ന്നു. ഇസ്രാ​യേൽ ജനം ആലയം​പണി പൂർത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ലും യഹോവ അവരെ തള്ളിക്ക​ള​ഞ്ഞില്ല എന്നും നമ്മൾ കണ്ടു. ശത്രുക്കൾ വളഞ്ഞ​പ്പോൾ അവർക്കു​ണ്ടായ സമ്മർദം യഹോവ മനസ്സി​ലാ​ക്കി. നേരത്തേ പറഞ്ഞതു​പോ​ലെ, തന്‍റെ വാക്കു പാലി​ച്ചു​കൊണ്ട് യഹോവ നമു​ക്കൊ​രു മാതൃക വെച്ചി​രി​ക്കു​ന്നു. വാക്കു പാലി​ക്കാൻ യഹോവ നമ്മളെ സഹായി​ക്കു​ക​യും ചെയ്യും. സമർപ്പ​ണ​ത്തി​നു ചേർച്ച​യിൽ ജീവി​ക്കാൻ യഹോവ നമ്മളെ സഹായി​ക്കുന്ന ഒരു വിധം മുഴു​ഭൂ​മി​യിൽനി​ന്നും ദുഷ്ടത തുടച്ചു​നീ​ക്കും എന്ന പ്രത്യാശ തന്നു​കൊ​ണ്ടാണ്‌. സെഖര്യ​യു​ടെ അടുത്ത ദർശനം ശോഭ​ന​മായ ഈ പ്രത്യാ​ശ​യ്‌ക്ക് ഉറപ്പേ​കു​ന്നു.

ദുഷ്ടതയെ അത്‌ ‘ഇരി​ക്കേ​ണ്ടി​ടത്ത്‌ വെക്കുന്നു’

14, 15. (എ) ഏഴാമത്തെ ദർശന​ത്തിൽ സെഖര്യ എന്താണു കാണു​ന്നത്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം 2 കാണുക.) (ബി) അളവു​പാ​ത്ര​ത്തിന്‌ അകത്ത്‌ ഇരിക്കുന്ന സ്‌ത്രീ ആരെയാ​ണു പ്രതീ​ക​പ്പെ​ടു​ത്തു​ന്നത്‌, അവളെ അടച്ച് മുദ്ര​വെ​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

14 പറന്നു​പോ​കുന്ന ചുരുൾ കണ്ടതിനു ശേഷം ഒരു ദൂതൻ സെഖര്യ​യോ​ടു മുകളി​ലേക്കു ‘നോക്കാൻ’ ആവശ്യ​പ്പെ​ടു​ന്നു. ഏഴാമത്തെ ദർശന​ത്തിൽ എന്തായി​രി​ക്കും കാണു​ന്നത്‌? സെഖര്യ ഒരു ‘അളവു​പാ​ത്രം’ കാണുന്നു. (സെഖര്യ 5:5-8 വായി​ക്കുക.) സാമാ​ന്യം വലുപ്പ​മുള്ള ഈ പാത്ര​ത്തിന്‌ “ഈയം​കൊ​ണ്ടുള്ള വട്ടത്തി​ലുള്ള ഒരു അടപ്പ്” ഉണ്ട്. അടപ്പു മാറ്റു​മ്പോൾ അതിന്‍റെ അകത്ത്‌ ‘ഒരു സ്‌ത്രീ ഇരിക്കു​ന്നത്‌’ സെഖര്യ കണ്ടു. പാത്ര​ത്തി​ന്‍റെ അകത്ത്‌ ഇരിക്കുന്ന സ്‌ത്രീ​യു​ടെ പേര്‌ “ദുഷ്ടത” എന്നാ​ണെന്നു ദൂതൻ പറയുന്നു. ആ പാത്ര​ത്തി​നു​ള്ളിൽനിന്ന് പുറത്തു​ക​ട​ക്കാൻ അവൾ ശ്രമി​ക്കു​ന്നതു കാണു​മ്പോൾ സെഖര്യക്ക് ഉണ്ടാകുന്ന ഭീതി ഒന്നു ഭാവന​യിൽ കാണുക! ദൂതൻ പെട്ടെ​ന്നു​തന്നെ ആ സ്‌ത്രീ​യെ പാത്ര​ത്തി​ലേക്കു തിരികെ ഇട്ട്, ഭാരമുള്ള അടപ്പു​കൊണ്ട് അടച്ചു​വെ​ക്കു​ന്നു. എന്താണ്‌ ഈ ദർശന​ത്തി​ന്‍റെ അർഥം?

15 തന്‍റെ ജനത്തിന്‌ ഇടയിൽ ഒരു തരത്തി​ലുള്ള ദുഷ്ടത​യും യഹോവ വെച്ചു​പൊ​റു​പ്പി​ക്കില്ല എന്നു ദർശന​ത്തി​ന്‍റെ ഈ ഭാഗം ഉറപ്പു​ത​രു​ന്നു. ദുഷ്ടത നിയ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും അതു പെട്ടെ​ന്നു​തന്നെ നീക്കി​ക്ക​ള​യു​മെ​ന്നും യഹോവ ഉറപ്പു​വ​രു​ത്തും. (1 കൊരി. 5:13) ഭാരമുള്ള അടപ്പു​കൊണ്ട് ദൂതൻ പാത്രം മൂടി​യത്‌ അതാണ്‌ അർഥമാ​ക്കി​യത്‌.

സത്യാരാധനയെ ശുദ്ധമാ​യി നിറു​ത്താൻ വേണ്ട​തെ​ല്ലാം യഹോവ ചെയ്‌തി​രി​ക്കു​ന്നു (16-18 ഖണ്ഡികകൾ കാണുക)

16. (എ) അളവു​പാ​ത്ര​ത്തിന്‌ എന്തു സംഭവി​ക്കു​ന്ന​താ​ണു സെഖര്യ അടുത്ത​താ​യി കാണു​ന്നത്‌? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം 3 കാണുക.) (ബി) ചിറകു​ക​ളുള്ള സ്‌ത്രീ​കൾ അളവു​പാ​ത്രം എങ്ങോ​ട്ടാ​ണു കൊണ്ടു​പോ​കു​ന്നത്‌?

16 കൊക്കി​ന്‍റേ​തു​പോ​ലെ ചിറകു​ക​ളുള്ള രണ്ടു സ്‌ത്രീ​ക​ളാണ്‌ അടുത്ത​താ​യി പ്രത്യ​ക്ഷ​പ്പെ​ടു​ന്നത്‌. (സെഖര്യ 5:9-11 വായി​ക്കുക.) ഈ സ്‌ത്രീ​കൾ പാത്ര​ത്തിന്‌ അകത്ത്‌ ഇരിക്കുന്ന സ്‌ത്രീ​യിൽനിന്ന് എത്ര വ്യത്യ​സ്‌ത​രാണ്‌! അവർ ശക്തി​യേ​റിയ ചിറകു​കൾ ഉപയോ​ഗിച്ച് വേഗത്തിൽ പറന്ന് ഇറങ്ങു​ക​യും “ദുഷ്ടത” ഇരിക്കുന്ന പാത്രം എടുത്തു​കൊ​ണ്ടു​പോ​കു​ക​യും ചെയ്യുന്നു. എവി​ടേ​ക്കാണ്‌ അവർ അവളെ കൊണ്ടു​പോ​കു​ന്നത്‌? “ശിനാർ ദേശ​ത്തേക്ക്” അഥവാ ബാബി​ലോ​ണി​ലേക്ക്. അവർ എന്തിനാ​ണു പാത്രം ബാബി​ലോ​ണി​ലേക്കു കൊണ്ടു​പോ​കു​ന്നത്‌?

17, 18. (എ) ശിനാ​റി​നെ ദുഷ്ടത ‘ഇരി​ക്കേ​ണ്ടി​ടം’ എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്? (ബി) ദുഷ്ടത​യോ​ടുള്ള ബന്ധത്തിൽ എന്തായി​രി​ക്കണം നമ്മുടെ തീരു​മാ​നം?

17 സെഖര്യ​യു​ടെ കാലത്തെ ഇസ്രാ​യേ​ല്യ​രു​ടെ വീക്ഷണ​ത്തിൽ ‘ദുഷ്ടതയെ’ ബന്ധനത്തി​ലാ​ക്കാ​നുള്ള ഏറ്റവും പറ്റിയ സ്ഥലമാ​യി​രു​ന്നു ശിനാർ. അക്കാലത്തെ ദുഷ്ടത​യു​ടെ കേന്ദ്ര​മാ​യി​രു​ന്നു ബാബി​ലോ​ണെന്നു സെഖര്യ​ക്കും മറ്റു ജൂതന്മാർക്കും വ്യക്തമാ​യി അറിയാ​മാ​യി​രു​ന്നു. ധാർമി​ക​മാ​യി തീർത്തും അധഃപ​തിച്ച, വിഗ്ര​ഹാ​രാ​ധ​ന​യിൽ മുഴു​കി​യി​രുന്ന ആ നഗരത്തി​ലാ​യി​രു​ന്ന​ല്ലോ അവർ വളർന്നു​വ​ന്നത്‌. ആ പുറജാ​തീ​യ​ലോ​ക​ത്തി​ന്‍റെ ആത്മാവി​നെ ചെറു​ത്തു​നിൽക്കാൻ അവർ ഓരോ ദിവസ​വും പോരാ​ട​ണ​മാ​യി​രു​ന്നു. സത്യാ​രാ​ധന യഹോവ ശുദ്ധമാ​യി സൂക്ഷി​ക്കു​മെന്ന ഉറപ്പു നൽകുന്ന ഈ ദർശനം അവർക്ക് എത്ര ആശ്വാ​സ​മാ​കു​മാ​യി​രു​ന്നു.

18 തങ്ങളുടെ ആരാധന ശുദ്ധമാ​യി സൂക്ഷി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വ​ത്തെ​ക്കു​റി​ച്ചും ഈ ദർശനം ജൂതന്മാ​രെ ഓർമി​പ്പി​ച്ചു. ദുഷ്ടത​യ്‌ക്കു ദൈവ​ജ​ന​ത്തിന്‌ ഇടയിൽ ഒരു കാലത്തും സ്ഥാനമില്ല. ദൈവ​ത്തി​ന്‍റെ ശുദ്ധമായ സംഘട​ന​യു​ടെ സ്‌നേഹം നിറഞ്ഞ സംരക്ഷ​ണ​ത്ത​ണ​ലി​ലേക്കു വന്നിരി​ക്കുന്ന നമുക്ക് അതിന്‍റെ ശുദ്ധി കാത്തു​സൂ​ക്ഷി​ക്കാ​നുള്ള കടമയുണ്ട്. നമ്മുടെ സംഘടന ശുദ്ധമാ​യി സൂക്ഷി​ക്കാൻ നമുക്കു തോന്നു​ന്നി​ല്ലേ? ഓർക്കുക: ഒരു തരത്തി​ലുള്ള ദുഷ്ടത​യും നമ്മുടെ ആത്മീയ​പ​റു​ദീ​സ​യ്‌ക്കു ചേർന്നതല്ല.

ശുദ്ധജനം യഹോ​വയെ ബഹുമാ​നി​ക്കു​ന്നു

19. സെഖര്യ​യു​ടെ നാടകീ​യ​ദർശ​ന​ങ്ങൾക്കു നമ്മുടെ നാളി​ലേക്ക് എന്ത് അർഥമാ​ണു​ള്ളത്‌?

19 സത്യസ​ന്ധ​മ​ല്ലാത്ത വഴിക​ളിൽ നടക്കു​ന്ന​വർക്കുള്ള ശക്തമായ മുന്നറി​യി​പ്പാ​ണു സെഖര്യ​യു​ടെ ആറാമ​ത്തെ​യും ഏഴാമ​ത്തെ​യും ദർശനങ്ങൾ. യഹോവ ദുഷ്ടത വെച്ചു​പൊ​റു​പ്പി​ക്കി​ല്ലെന്ന് അത്‌ ഉറപ്പു തരുന്നു. ആത്മാർഥ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വയെ ആരാധി​ക്കു​ന്നവർ ദുഷ്ടതയെ വെറു​ക്കണം. ഈ വിവര​ണ​ങ്ങ​ളി​ലൂ​ടെ നമ്മുടെ സ്വർഗീയ പിതാവ്‌ സ്‌നേ​ഹ​പൂർവം ധൈര്യം പകരു​ക​യും ചെയ്യുന്നു. ദൈവ​ത്തി​ന്‍റെ അംഗീ​കാ​ര​വും സംരക്ഷ​ണ​വും നേടാൻ ആത്മാർഥ​മാ​യി ശ്രമി​ക്കു​മ്പോൾ നമ്മൾ മാരക​മായ ശാപം അനുഭ​വി​ക്കേ​ണ്ടി​വ​രില്ല. പകരം യഹോവ നമ്മിൽ പ്രസാ​ദി​ക്കും, നമ്മളെ അനു​ഗ്ര​ഹി​ക്കും. ദുഷ്ടത നിറഞ്ഞ ഈ ലോകത്ത്‌ ശുദ്ധരാ​യി നിൽക്കാ​നുള്ള നമ്മുടെ എല്ലാ ശ്രമങ്ങൾക്കും മൂല്യ​മുണ്ട്. യഹോ​വ​യു​ടെ സഹായം നമുക്കു ലഭിക്കു​മെന്ന് ഉറപ്പു​ള്ള​വ​രാ​യി​രി​ക്കുക, നമുക്കു വിജയി​ക്കാ​നാ​കും! ദൈവ​ഭ​ക്തി​യി​ല്ലാത്ത ഈ ലോകത്ത്‌ സത്യാ​രാ​ധന നിലനിൽക്കു​മെന്ന് എങ്ങനെ ഉറപ്പു​ണ്ടാ​യി​രി​ക്കാം? മഹാകഷ്ടത അടുത്തു​വ​രു​മ്പോൾ യഹോവ തന്‍റെ സംഘട​നയെ സംരക്ഷി​ക്കു​മെന്നു നമുക്ക് എന്ത് ഉറപ്പാ​ണു​ള്ളത്‌? ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം അടുത്ത ലേഖന​ത്തിൽ ചർച്ച ചെയ്യും.