വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പട്ടുനൂൽ—“നൂലുകളുടെ റാണി”

പട്ടുനൂൽ—“നൂലുകളുടെ റാണി”

പട്ടുനൂൽ—“നൂലുകളുടെ റാണി”

ജപ്പാനിലെ ഉണരുക! ലേഖകൻ

നമ്മുടെ രാജ്യത്തെ സാരിയും ജപ്പാനിലെ കിമോണോയും കൊറിയയിലെ ഹാൻബോക്കും പോലെ ലോകത്തിലെ അതിമനോഹരമായ വസ്‌ത്രങ്ങളിൽ പലതിനും ഒരു പ്രത്യേകതയുണ്ട്‌—നൂലുകളുടെ റാണി എന്നറിയപ്പെടുന്ന തിളക്കമാർന്ന പട്ടുനൂൽ അഥവാ സിൽക്കുകൊണ്ടാണ്‌ പലപ്പോഴും അവ നിർമിച്ചിരിക്കുന്നത്‌. പട്ടിന്റെ ചാരുത പുരാതന രാജകുടുംബാംഗങ്ങൾ മുതൽ ഇപ്പോഴത്തെ സാധാരണക്കാർ വരെ ലോകമെങ്ങുമുള്ള ആളുകളുടെ മനംകവർന്നിരിക്കുന്നു. എന്നാൽ പട്ട്‌ എല്ലായ്‌പോഴും ഇത്ര സുലഭമല്ലായിരുന്നു.

പുരാതന കാലത്ത്‌ പട്ടുത്‌പാദനം ചൈനയുടെ കുത്തകയായിരുന്നു. ഇത്‌ എങ്ങനെ ഉത്‌പാദിപ്പിക്കാമെന്ന്‌ മറ്റാർക്കും അറിയില്ലായിരുന്നു; ചൈനയിലുള്ള ആരെങ്കിലും പട്ടുനൂൽ പുഴുവിനെക്കുറിച്ചുള്ള ഈ രഹസ്യം ചോർത്തിയാൽ അയാളെ രാജ്യദ്രോഹിയായി മുദ്രകുത്തി വധിക്കാനിടയുണ്ടായിരുന്നു. പട്ട്‌ വിലയേറിയതായിരുന്നതിൽ അതിശയിക്കാനില്ല. ഉദാഹരണത്തിന്‌, റോമാ സാമ്രാജ്യത്തുടനീളം പട്ടിനു തീപിടിച്ച വിലയായിരുന്നു.

അവസാനം, ചൈനയിൽനിന്നു വരുന്ന മുഴുവൻ പട്ടിന്റെയും നിയന്ത്രണം പേർഷ്യയുടെ കൈകളിലായി. എങ്കിലും പട്ടിന്റെ വിലയ്‌ക്ക്‌ കുറവൊന്നും വന്നില്ല. പേർഷ്യക്കാരായ കച്ചവടക്കാരെ ഒഴിവാക്കി ചൈനയുമായി നേരിട്ട്‌ ഇടപാടു നടത്താനുള്ള ശ്രമങ്ങൾ വിഫലമായി. അപ്പോൾ ബിസാന്റിയത്തിലെ ചക്രവർത്തിയായിരുന്ന ജസ്റ്റിനിയൻ ഒരു വിദ്യ പ്രയോഗിച്ചു. പൊതുയുഗം ഏതാണ്ട്‌ 550-ൽ അദ്ദേഹം ഒരു രഹസ്യ ദൗത്യവുമായി രണ്ടു സന്യാസിമാരെ ചൈനയിലേക്ക്‌ അയച്ചു. രണ്ടു വർഷം കഴിഞ്ഞ്‌ അവർ തിരിച്ചെത്തി. അവരുടെ കയ്യിലെ മുളകൊണ്ടുള്ള ഊന്നുവടികൾക്കുള്ളിൽ ഉണ്ടായിരുന്നു ദീർഘനാളായി കാത്തിരുന്ന ആ നിധി—പട്ടുനൂൽ ശലഭത്തിന്റെ മുട്ടകൾ. അങ്ങനെ രഹസ്യം പുറത്തായി! പട്ടുനൂലിന്റെ കുത്തക അവസാനിച്ചു.

പട്ടിന്റെ രഹസ്യം

പട്ടുനൂൽ ശലഭത്തിന്റെ മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കളാണ്‌ പട്ട്‌ ഉത്‌പാദിപ്പിക്കുന്നത്‌. നൂറുകണക്കിനു വ്യത്യസ്‌ത തരങ്ങളിലുള്ള പട്ടുനൂൽ പുഴുക്കൾ ഉണ്ടെങ്കിലും ഏറ്റവും ഗുണമേന്മയേറിയ പട്ടുത്‌പാദിപ്പിക്കുന്നത്‌ ബോംബിക്‌സ്‌ മോറി എന്ന ശാസ്‌ത്രനാമമുള്ള പുഴുവാണ്‌. തുണികൾ നിർമിക്കാൻ ആവശ്യമായത്ര പട്ട്‌ ഉത്‌പാദിപ്പിക്കുന്നതിന്‌ അനേകം പുഴുക്കൾ വേണം. ഇത്‌ വാണിജ്യാടിസ്ഥാനത്തിൽ പട്ടുനൂൽപ്പുഴുക്കളെ വളർത്തുന്ന രീതിക്കു രൂപം നൽകി. സെറികൾച്ചർ എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. ധാരാളം തൊഴിലാളികളെ വേണ്ടിവരുന്ന ഈ ജോലിയിൽ ഇപ്പോഴും ഏർപ്പെട്ടിരിക്കുന്ന ജപ്പാനിലെ ഏകദേശം 2,000 കുടുംബങ്ങളിൽ ഒന്നാണ്‌ ഗുണ്മാ ഡിസ്‌ട്രിക്‌റ്റിൽ താമസിക്കുന്ന ഷോയിച്ചി കാവാഹാരാഡായുടെ കുടുംബം. ഒരു മലഞ്ചെരിവിൽ സ്ഥിതിചെയ്യുന്ന രണ്ടു നിലയുള്ള അദ്ദേഹത്തിന്റെ വീട്‌ പട്ടുനൂൽപ്പുഴു വളർത്തലിനു പറ്റിയ രീതിയിൽ പണിതിരിക്കുന്നതാണ്‌—അവിടെനിന്നു താഴേക്കു നോക്കിയാൽ കാണുന്നത്‌ ഒരു മൾബറിത്തോട്ടമാണ്‌ (1).

പെൺ ശലഭങ്ങൾ 500 വരെ മുട്ടകൾ ഇടുന്നു; ഇവയ്‌ക്ക്‌ മൊട്ടുസൂചിയുടെ മൊട്ടിന്റെ വലുപ്പമാണുള്ളത്‌ (2). ഏതാണ്ട്‌ 20 ദിവസത്തിനുശേഷം ഇവ വിരിയും. മുട്ടവിരിഞ്ഞുണ്ടാകുന്ന കൊച്ചുപുഴുക്കൾ ഭയങ്കര തീറ്റഭ്രാന്തന്മാരാണ്‌. ഇടതടവില്ലാതെ അവ മൾബറി ഇലകൾ തിന്നുകൊണ്ടേയിരിക്കും—മൾബറി ഇലകൾ മാത്രം മതി അവയ്‌ക്ക്‌ (3, 4). വെറും 18 ദിവസംകൊണ്ട്‌ അവ 70 ഇരട്ടി വലുപ്പംവെക്കും; ഇതിനിടയിൽ നാലു പ്രാവശ്യം ചർമം പൊഴിച്ചിട്ടുമുണ്ടാകും.

കാവാഹാരാഡായുടെ ഫാമിൽ ഏകദേശം 1,20,000 പട്ടുനൂൽ പുഴുക്കളെ വളർത്തുന്നുണ്ട്‌. അവ തിന്നുന്നതിന്റെ ഒച്ച ശക്തമായ മഴയത്ത്‌ മഴത്തുള്ളികൾ ഇലകളിൽ പതിക്കുന്ന ശബ്ദത്തിനു സമാനമാണ്‌. ഒരു പട്ടുനൂൽപ്പുഴു പൂർണ വളർച്ചയെത്തുമ്പോഴേക്കും അതിന്റെ തൂക്കം 10,000 മടങ്ങ്‌ വർധിച്ചിട്ടുണ്ടാകും! ഇപ്പോൾ കൊക്കൂൺ അഥവാ പട്ടുറ നെയ്യുന്നതിനുള്ള സമയം ആഗതമായിരിക്കുകയാണ്‌.

നിശ്ശബ്ദരായ നൂൽനൂൽപ്പുകാർ

പൂർണ വളർച്ചയെത്തുമ്പോൾ പട്ടുനൂൽപ്പുഴുവിന്റെ ശരീരം ഏറെക്കുറെ സുതാര്യമായിത്തീരുന്നു. നൂൽനൂൽക്കാൻ സമയമായിരിക്കുന്നു എന്നതിന്റെ സൂചനയാണിത്‌. തുടർന്ന്‌ അവ കൊക്കൂൺ നിർമിക്കുന്നതിന്‌ അനുയോജ്യമായ ഇടം തേടി അസ്വസ്ഥമായി അങ്ങോട്ടുമിങ്ങോട്ടും ചലിക്കാൻ തുടങ്ങുമ്പോൾ അവയെ ചതുരാകൃതിയുള്ള ചെറിയ അറകളോടുകൂടിയ ക്യുബിക്കിളിൽ നിക്ഷേപിക്കാൻ സമയമായി. അവിടെ അവ നേർമയേറിയ, വെളുത്ത നൂൽ ഉത്‌പാദിപ്പിക്കാൻ തുടങ്ങുന്നു (5). ഈ നൂൽകൊണ്ട്‌ അവ തങ്ങളുടെ ശരീരത്തെ പൊതിഞ്ഞ്‌ ഒരു പട്ടുറ നെയ്യുന്നു.

കാവാഹാരാഡായ്‌ക്ക്‌ ഏറ്റവും തിരക്കുള്ള സമയമാണിത്‌, കാരണം ഈ 1,20,000 പട്ടുനൂൽപ്പുഴുക്കളും ഏതാണ്ട്‌ ഒരേ സമയത്ത്‌ അവയുടെ നൂൽനൂൽപ്പ്‌ ആരംഭിക്കുന്നു. വായുസഞ്ചാരവും തണുപ്പുമുള്ള വീടിന്റെ രണ്ടാം നിലയിൽ നിരനിരയായി മേൽപ്പറഞ്ഞ രീതിയിലുള്ള പെട്ടികൾ തൂക്കിയിട്ടിരിക്കുന്നു (6).

ഇതിനിടയിൽ പട്ടുനൂൽപ്പുഴുവിന്റെ ശരീരത്തിനുള്ളിൽ അതിശയകരമായ ചില മാറ്റങ്ങൾ ഉണ്ടാകുന്നു. അവ കഴിച്ച മൾബറി ഇലകൾ ദഹിച്ച്‌ ഫൈബ്രോയിൻ എന്നറിയപ്പെടുന്ന ഒരു പ്രൊട്ടീൻ ആയിത്തീരുന്നു; ഈ പ്രൊട്ടീൻ പട്ടുനൂൽപ്പുഴുവിന്റെ ശരീരത്തിന്റെ ഒരറ്റംമുതൽ മറ്റേയറ്റം വരെ ദൈർഘ്യമുള്ള ഒരു ജോഡി ഗ്രന്ഥികളിൽ ശേഖരിക്കപ്പെടുന്നു. ഇങ്ങനെ ശേഖരിക്കപ്പെട്ട ഫൈബ്രോയിൻ, ഗ്രന്ഥികളിലൂടെ പുറത്തേക്കു നീങ്ങുമ്പോൾ അതിനെ ആവരണംചെയ്‌ത്‌ സെറിസിൻ എന്നറിയപ്പെടുന്ന പശപോലുള്ള ഒരു പദാർഥമുണ്ടായിരിക്കും. ഗ്രന്ഥികളിൽനിന്ന്‌ വായിൽ സ്ഥിതിചെയ്യുന്ന നൂൽനൂൽപ്പവയവത്തിലൂടെ പുറത്തുവരുന്നതിനുമുമ്പ്‌ രണ്ടു ഫൈബ്രോയിൻ നാരുകളും സെറിസിൻ മുഖാന്തരം പരസ്‌പരം ഒട്ടിയിരിക്കും. വായുവുമായി സമ്പർക്കത്തിൽ വരുന്നതോടെ ദ്രവരൂപത്തിലുള്ള ഈ പട്ട്‌ ഉറച്ച്‌ ഒറ്റ നൂലായിത്തീരുന്നു.

പട്ടുനൂൽപ്പുഴു പട്ട്‌ ഉത്‌പാദിപ്പിക്കാൻ തുടങ്ങിയാൽപ്പിന്നെ നിറുത്തുന്ന പ്രശ്‌നമില്ല. ഓരോ മിനിറ്റിലും 30 മുതൽ 40 വരെ സെന്റിമീറ്റർ എന്ന നിരക്കിൽ നൂൽ നൂൽക്കും, ആ സമയമത്രയും തല ചലിപ്പിച്ചുകൊണ്ട്‌. കൊക്കൂൺ നെയ്‌ത്‌ തീരുമ്പോഴേക്കും ഒരു പട്ടുനൂൽപ്പുഴു ഏകദേശം 1,50,000 പ്രാവശ്യം തല ചലിപ്പിച്ചിട്ടുണ്ടാകും എന്ന്‌ ഒരു ലേഖനം പറയുന്നു. രണ്ടു രാത്രിയും രണ്ടു പകലും കൊണ്ട്‌ ഇത്‌ ഏകദേശം 1,500 മീറ്റർ നീളമുള്ള ഒരു നൂൽ ഉത്‌പാദിപ്പിച്ചിട്ടുണ്ടാകും. അംബരചുംബിയായ ഒരു കെട്ടിടത്തിന്റെ ഉയരത്തിന്റെ നാലിരട്ടിയോളം വരും അത്‌.

വെറും ഒരാഴ്‌ചക്കുള്ളിൽ കാവാഹാരാഡാ തന്റെ ഫാമിൽനിന്ന്‌ 1,20,000 കൊക്കൂണുകളെയും ശേഖരിച്ചിരിക്കും; തുടർന്ന്‌ അവയെ സംസ്‌കരണത്തിനായി അയയ്‌ക്കുന്നു. ഒരു കിമോണോ ഉണ്ടാക്കുന്നതിന്‌ ഏകദേശം 9,000 കൊക്കൂണുകൾ വേണം; ഒരു ടൈ ഉണ്ടാക്കുന്നതിന്‌ ഏതാണ്ട്‌ 140-ഉം. ഒരു സ്‌കാർഫ്‌ നിർമിക്കുന്നതിന്‌ 100-ലധികം കൊക്കൂണുകൾ വേണ്ടിവന്നേക്കാം.

പട്ടുവസ്‌ത്രം നിർമിക്കുന്ന വിധം

ഒരു കൊക്കൂണിൽനിന്നു പട്ടുനൂൽ അഴിച്ചെടുത്ത്‌ റീലിൽ അഥവാ റാട്ടിൽ ചുറ്റിയെടുക്കുന്ന പ്രക്രിയയെ റീലിങ്‌ എന്നു പറയുന്നു. എങ്ങനെയാണ്‌ ഈ പ്രക്രിയ ഉത്ഭവിച്ചത്‌? ഇതുസംബന്ധിച്ച്‌ പല ഐതിഹ്യങ്ങളും സങ്കൽപ്പങ്ങളും ഉണ്ട്‌. ഒരു സങ്കൽപ്പമനുസരിച്ച്‌ മൾബറി മരത്തിൽനിന്ന്‌ ഒരു കൊക്കൂൺ തന്റെ ചായയിലേക്കു വീണത്‌ ചൈനയിലെ ചക്രവർത്തിനിയായിരുന്ന ഷി ലിങ്‌-ഷിയുടെ ശ്രദ്ധയിൽപ്പെട്ടു. അതിനെ എടുത്തുകളയാൻ ശ്രമിക്കവേ അതിൽനിന്നു നീണ്ടുകിടക്കുന്ന നേർത്ത പട്ടുനൂൽ കാണാനിടയായി. ഇത്‌ റീലിങ്ങിനു തുടക്കം കുറിച്ചു. ഇന്ന്‌ റീലിങ്‌ യന്ത്രങ്ങളുടെ സഹായത്താലാണ്‌ ചെയ്യുന്നത്‌.

കൊക്കൂണിനു വില കിട്ടണമെങ്കിൽ അവയിൽനിന്ന്‌ ശലഭങ്ങൾ പുറത്തുവരുന്നതിനുമുമ്പ്‌ പ്യൂപ്പകളെ കൊന്നുകളയേണ്ടിയിരിക്കുന്നു. ചൂടേറ്റിയാണ്‌ ഈ ദാരുണമായ കൃത്യം നിർവഹിക്കുന്നത്‌. സംസ്‌കരിക്കുന്നതിനു മുമ്പായി കേടുള്ള കൊക്കൂണുകൾ വേർതിരിക്കുന്നു. സംസ്‌കരിക്കുന്നതിന്റെ ആദ്യപടിയായി അവ ചൂടുവെള്ളത്തിലിടുകയോ ആവിയടിപ്പിക്കുകയോ ചെയ്യുന്നു. ഇത്‌ പരസ്‌പരം പറ്റിപ്പിടിച്ചിരിക്കുന്ന നൂൽച്ചുരുളുകളുടെ പശയിളകുന്നതിന്‌ ഇടയാക്കുന്നു. തുടർന്ന്‌ കറങ്ങിക്കൊണ്ടിരിക്കുന്ന ബ്രഷുകളുടെ സഹായത്താൽ നൂലിന്റെ തുമ്പ്‌ കണ്ടെത്തുന്നു (7). നൂലിന്‌ എത്ര വണ്ണം വേണമോ അതിനനുസരിച്ച്‌, രണ്ടോ അതിലധികമോ കൊക്കൂണുകളിൽനിന്നുള്ള ഫൈബ്രോയിൻ നാരുകൾ കൂട്ടിച്ചേർത്ത്‌ ഒറ്റ ഇഴയായി പിരിച്ചെടുക്കാറുണ്ട്‌. ഇങ്ങനെ പിരിച്ചുണ്ടാക്കുന്ന നൂൽ ഒരു റാട്ടിലേക്കു ചുറ്റിയെടുക്കുന്നു; ഈ സമയത്ത്‌ അത്‌ ഉണങ്ങുകയും ചെയ്യുന്നു. പട്ട്‌ വലുപ്പംകൂടിയ ഒരു റാട്ടിലേക്ക്‌ വീണ്ടും ചുറ്റുന്നു. ആവശ്യത്തിനു ഭാരവും നീളവുമുള്ള നൂൽക്കഴി അഥവാ നൂൽക്കെട്ട്‌ ആക്കിയെടുക്കുന്നതിനാണിത്‌ (8, 9).

മുഖത്തുരസാൻ തോന്നുന്നത്ര മിനുസമുള്ള, മൃദുവായ പട്ടു നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കാം. ഈ പ്രത്യേകത കൈവരുന്നത്‌ എങ്ങനെയാണ്‌? നൂലിനെപ്പൊതിഞ്ഞ്‌ പശപോലുള്ള സെറിസിൻ എന്ന പദാർഥം നീക്കം ചെയ്യുന്നതാണ്‌ ഇതിനു സഹായിക്കുന്ന ഒരു ഘടകം. പശകളയാത്ത പട്ട്‌ പരുപരുത്തതും ചായം പിടിക്കാൻ പ്രയാസമുള്ളതും ആയിരിക്കും. ഷിഫോൺ തുണി പരുപരുത്തതായിരിക്കുന്നതിന്റെ കാരണം സെറിസിൻ എന്ന ഈ പശ പൂർണമായും കളയാത്തതാണ്‌.

മൃദുലത നിർണയിക്കുന്ന രണ്ടാമത്തെ ഘടകം നൂലുകൾ കൂട്ടിപ്പിരിക്കുമ്പോൾ അവ എത്രത്തോളം പിരിയുന്നു എന്നതാണ്‌. നൂലുകൾ പിരിക്കാതിരിക്കുകയോ വളരെ കുറച്ചുമാത്രം പിരിക്കുകയോ ചെയ്യുന്നതുകൊണ്ടാണ്‌ ജപ്പാനിലെ ഹാബൂട്ടായ്‌ പട്ട്‌ വളരെ മൃദുവായിരിക്കുന്നത്‌. നേരെ മറിച്ച്‌ ക്രെയ്‌പ്‌ പട്ട്‌ തീരെ മാർദവമില്ലാത്തതാണ്‌. കാരണം നൂലുകൾ നന്നായി പിരിച്ചിട്ടുണ്ട്‌.

മറ്റൊരു പധാന പ്രക്രിയയാണ്‌ ചായം പിടിപ്പിക്കൽ അഥവാ ഡൈ ചെയ്യൽ. പട്ട്‌ ഡൈ ചെയ്യാൻ എളുപ്പമാണ്‌. ഉള്ളിലേക്കു ചായം കടന്നുചെല്ലുന്നതിനു യോജിച്ച ഘടനയാണ്‌ പട്ടുനൂലിനുള്ളത്‌. അതുകൊണ്ടുതന്നെ നന്നായി നിറം പിടിക്കും. മാത്രമല്ല, കൃത്രിമ നൂലുകളിൽനിന്നു വ്യത്യസ്‌തമായി പട്ടിന്‌ പോസിറ്റിവും നെഗറ്റിവും അയോണുകൾ അഥവാ ചാർജിതകണങ്ങൾ ഉണ്ട്‌. അതുകൊണ്ട്‌ മിക്കവാറും എല്ലാത്തരം ചായവും നല്ലവണ്ണം പിടിക്കും. പിരിച്ച പട്ടുനൂൽ തറി ഉപയോഗിച്ച്‌ നെയ്യുന്നതിനുമുമ്പ്‌ ഡൈ ചെയ്യാൻ കഴിയും (10). അല്ലെങ്കിൽ നെയ്‌തെടുത്തശേഷം ഡൈ ചെയ്യാവുന്നതാണ്‌. കിമോണോ വസ്‌ത്രങ്ങൾ യൂസൻ രീതിയിൽ ഡൈ ചെയ്യുന്നത്‌ പ്രശസ്‌തമാണ്‌. നെയ്‌തതിനുശേഷം മനോഹരമായ ഡിസൈനുകൾ വരച്ച്‌ കൈകൊണ്ടു ചായം നൽകുന്ന രീതിയാണിത്‌.

പട്ടുത്‌പാദനത്തിൽ മുന്നിട്ടുനിൽക്കുന്നത്‌ ചൈനയും ഇന്ത്യയും പോലുള്ള രാജ്യങ്ങളാണെങ്കിലും പട്ട്‌ ഡിസൈൻ ചെയ്യുന്ന കാര്യത്തിൽ ഫ്രാൻസും ഇറ്റലിയുമാണ്‌ ഇപ്പോഴും മുൻപന്തിയിൽ. റയോണും നൈലോണും പോലെയുള്ള കൃത്രിമ നൂലുകൾ ഉപയോഗിച്ചുള്ള തുണിത്തരങ്ങൾ ഇന്ന്‌ കുറഞ്ഞ വിലയ്‌ക്കു ലഭ്യമാണെന്നതു സത്യമാണ്‌. എങ്കിലും ഇവയ്‌ക്കൊന്നും പട്ടിനോടു കിടപിടിക്കാനാകില്ല. “ശാസ്‌ത്രം ഇത്രത്തോളം പുരോഗമിച്ചെങ്കിലും പട്ട്‌ കൃത്രിമമായി നിർമിക്കുക സാധ്യമല്ല,” ജപ്പാനിലുള്ള യോക്കോഹാമായിലെ സിൽക്ക്‌ മ്യൂസിയത്തിന്റെ സൂക്ഷിപ്പുകാരൻ പറയുന്നു. “പട്ടിന്റെ രാസഘടനയുൾപ്പെടെ അതിനെക്കുറിച്ചുള്ള സകല വിശദാംശങ്ങളും നമുക്കറിയാം. എന്നാൽ അത്‌ ഉണ്ടാക്കാൻ നമുക്കു കഴിയില്ല. അതാണു പട്ടിന്റെ രഹസ്യം.”

[26-ാം പേജിലെ പെട്ടി/ചിത്രം]

പട്ട്‌ സവിശേഷതകൾ

കടുപ്പം: ഉരുക്കുപോലെ ബലമുള്ളതാണ്‌ പട്ട്‌. ഒരേ വണ്ണമുള്ള പട്ടുനൂലിനും ഉരുക്കിനും തുല്യ ബലമായിരിക്കും.

തിളക്കം: മുത്തിന്റേതുപോലെ അഴകാർന്ന തിളക്കമാണ്‌ പട്ടിനുള്ളത്‌. ഫൈബ്രോയിനിന്റെ ഘടനയാണ്‌ ഇതിനു കാരണം. പലപാളികളുള്ള ഇതിന്‌, പ്രകാശത്തെ അതിന്റെ ഘടകവർണങ്ങളായി വേർതിരിക്കുന്ന പ്രിസത്തിന്റേതുപോലുള്ള ഘടനയാണുള്ളത്‌.

ചർമത്തിനു സുഖം പകരുന്നു: പട്ടുനൂലിന്റെ ഘടനയ്‌ക്ക്‌ നിദാനമായ അമിനോ അമ്ലങ്ങൾ (amino acids) ചർമത്തിനു സുഖം പകരുന്ന തരത്തിലുള്ളവയാണ്‌. ചർമ സംബന്ധമായ പല പ്രശ്‌നങ്ങളിൽനിന്നും പട്ട്‌ സംരക്ഷണമേകുന്നതായി പറയപ്പെടുന്നു. ചില സൗന്ദര്യവർധക വസ്‌തുക്കൾ പട്ടുനൂലിന്റെ പൊടിയിൽനിന്നു നിർമിക്കുന്നവയാണ്‌.

ജലാംശം വലിച്ചെടുക്കുന്നു: പട്ടുനൂലിലെ അമിനോ അമ്ലങ്ങളും സൂക്ഷ്‌മ അറകളും വിയർപ്പിനെ ഗണ്യമായ അളവിൽ വലിച്ചെടുത്തു ബാഷ്‌പമായി പുറന്തള്ളുന്നതിനാൽ ഉഷ്‌ണകാലത്തു പട്ടുവസ്‌ത്രങ്ങൾ ധരിക്കുന്നതു സുഖപ്രദമാണ്‌.

ചൂടിനെ പ്രതിരോധിക്കുന്നു: പട്ടിന്‌ എളുപ്പം തീ പിടിക്കുകയില്ല; അഥവാ തീ പിടിക്കുകയാണെങ്കിൽ വിഷവാതകങ്ങൾ പുറത്തുവിടുകയില്ല.

സംരക്ഷണമേകുന്നു: അൾട്രാവയലറ്റ്‌ രശ്‌മികളെ ആഗിരണംചെയ്യുന്നതിനാൽ പട്ട്‌ ചർമത്തിനു സംരക്ഷണമായി ഉതകുന്നു.

പെട്ടെന്ന്‌ സ്ഥിതിക വൈദ്യുതി രൂപംകൊള്ളുന്നില്ല: പട്ട്‌ ജലാംശം വലിച്ചെടുക്കുന്നതിനാലും അതിൽ പോസിറ്റിവും നെഗറ്റിവും അയോണുകൾ ഉള്ളതിനാലും മറ്റു ചില തുണിത്തരങ്ങളിൽനിന്നു വ്യത്യസ്‌തമായി അത്രപെട്ടെന്ന്‌ സ്ഥിതിക വൈദ്യുതി (static electricity) രൂപം കൊള്ളുകയില്ല.

പട്ട്‌ പരിരക്ഷണം

കഴുകൽ: പട്ടു വസ്‌ത്രങ്ങൾ ഡ്രൈക്ലീൻ ചെയ്യുന്നതാണു സാധാരണഗതിയിൽ ഏറ്റവും നല്ലത്‌. സ്വന്തമായി കഴുകാനാണ്‌ ഉദ്ദേശിക്കുന്നതെങ്കിൽ, ഇതിനായുള്ള പ്രത്യേക ഡിറ്റർജന്റ്‌ (neutral detergent) ഉപയോഗിച്ച്‌ ഇളംചൂടുവെള്ളത്തിൽ (ഏകദേശം 30 ഡിഗ്രി സെൽഷ്യസ്‌) കഴുകുക. കഴുകുമ്പോൾ ശക്തിയായി തിരുമ്മുകയോ പിഴിയുകയോ ചെയ്യരുത്‌. ഉണക്കാനായി ഡ്രൈയറിലിടരുത്‌; പകരം കാറ്റുകൊണ്ട്‌ ഉണങ്ങാൻ തക്കവണ്ണം വിരിച്ചിടുക.

ഇസ്‌തിരിയിടൽ: പട്ടുവസ്‌ത്രത്തിനു മുകളിൽ ഒരു തുണി വിരിച്ചതിനുശേഷം ഇസ്‌തിരിയിടുക. ഏകദേശം 130 ഡിഗ്രി സെൽഷ്യസ്‌ ചൂടിൽ നൂല്‌ പാകിയിരിക്കുന്ന ദിശയിൽ ഇസ്‌തിരിയിടുക. സ്റ്റീം അയൺ ആണ്‌ ഉപയോഗിക്കുന്നതെങ്കിൽ ആവി (steam) പരമാവധി കുറച്ച്‌ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

ചെളി കളയൽ: അഴുക്കോ ചെളിയോ ഉടനടി നീക്കംചെയ്യേണ്ടിവരുന്ന ഒരു സാഹചര്യത്തിൽ ഉണങ്ങിയ ഒരു തുണിയുടെമേൽ പട്ടുവസ്‌ത്രം മറിച്ചിട്ടതിനുശേഷം നനഞ്ഞ ഒരുതുണികൊണ്ട്‌ അടിക്കുക, തിരുമ്മുകയോ ഉരസുകയോ ചെയ്യരുത്‌. തുടർന്ന്‌ ഡ്രൈക്ലീൻ ചെയ്യാവുന്നതാണ്‌.

സൂക്ഷിക്കൽ: പട്ടുവസ്‌ത്രങ്ങൾ ഈർപ്പവും വെളിച്ചവും തട്ടാത്തിടത്ത്‌ സൂക്ഷിക്കണം. പാറ്റയും മറ്റു കീടങ്ങളും കേടുവരുത്താതെ നോക്കണം. സാധ്യമെങ്കിൽ സ്‌പോഞ്ച്‌ പിടിപ്പിച്ച പ്രത്യേക ഹാങ്ങറുകളിൽ തൂക്കിയിടുക; അല്ലെങ്കിൽ എത്രയും കുറച്ചു മടക്കുകളോടെ മടക്കിവെക്കുക.

[25-ാം പേജിലെ ചിത്രം]

കൊക്കൂണുകൾ

[26-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

Photos 7-9: Matsuida Machi, Annaka City, Gunma Prefecture, Japan; 10 and close-up pattern: Kiryu City, Gunma Prefecture, Japan