വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

1 നല്ല ആഹാര​ശീ​ലങ്ങൾ പാലി​ക്കുക

1 നല്ല ആഹാര​ശീ​ലങ്ങൾ പാലി​ക്കുക

“മിതമായ ഭക്ഷണം; ഏറെയും സസ്യാ​ഹാ​രം.” ആരോ​ഗ്യ​ദാ​യ​ക​മായ ഒരു ആഹാര​ക്രമം ചുരു​ങ്ങിയ വാക്കു​ക​ളി​ലൂ​ടെ കാണി​ച്ചു​ത​രു​ന്നു എഴുത്തു​കാ​ര​നായ മൈക്കിൾ പോല്ലൻ. ആ വാക്കുകൾ നമു​ക്കൊ​ന്നു വിശക​ലനം ചെയ്യാം.

ഫ്രഷ്‌ ആയ ആഹാര​സാ​ധ​നങ്ങൾ കഴിക്കുക. സംസ്‌ക​രിച്ച ഭക്ഷണപ​ദാർഥ​ങ്ങൾക്കു പകരം പഴമക്കാർ ശീലി​ച്ചു​വന്ന ആഹാരം കഴിക്കു​ന്ന​താണ്‌ ഉത്തമം. തവിടു​നീ​ക്കാത്ത ധാന്യങ്ങൾ, ഫ്രഷ്‌ ആയ പഴങ്ങൾ തുടങ്ങി​യവ ധാരാളം കഴിക്കാം. ടിന്നി​ലടച്ച ആഹാര​സാ​ധ​ന​ങ്ങ​ളി​ലും ഫാസ്റ്റ്‌ ഫുഡി​ലു​മൊ​ക്കെ പഞ്ചസാ​ര​യു​ടെ​യും ഉപ്പി​ന്റെ​യും കൊഴു​പ്പി​ന്റെ​യും അളവ്‌ വളരെ കൂടു​ത​ലാ​യി​രി​ക്കും. ഇവ ഹൃദയാ​ഘാ​തം, പക്ഷാഘാ​തം, കാൻസർ തുടങ്ങിയ മാരക​രോ​ഗ​ങ്ങൾക്ക്‌ വഴി​വെ​ക്കും. ആഹാര​സാ​ധ​നങ്ങൾ വറുത്ത്‌ ഉപയോ​ഗി​ക്കു​ന്ന​തി​നു പകരം ആവിക​യ​റ്റി​യോ ബേക്ക്‌ ചെയ്‌തോ ഗ്രിൽ ചെയ്‌തോ ഉപയോ​ഗി​ക്കുക. ഉപ്പു കുറയ്‌ക്കുക. കറി​വേ​പ്പില, മല്ലിയില, പുതി​ന​യില തുടങ്ങി​യ​വ​യും സുഗന്ധ​വ്യ​ഞ്‌ജ​ന​ങ്ങ​ളും ഉപയോ​ഗി​ക്കു​ന്നത്‌ എപ്പോ​ഴും നല്ലതാണ്‌. മാംസം നന്നായി വേവി​ച്ചു​മാ​ത്രം കഴിക്കുക. പഴകിയ ഭക്ഷണം ഒരുകാ​ര​ണ​വ​ശാ​ലും കഴിക്ക​രുത്‌.

അമിത​ഭ​ക്ഷണം അരുത്‌! അമിത​തൂ​ക്ക​വും പൊണ്ണ​ത്ത​ടി​യും ആഗോള പ്രശ്‌ന​മാ​യി മാറി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെന്ന്‌ ലോകാ​രോ​ഗ്യ സംഘടന റിപ്പോർട്ടു ചെയ്യുന്നു. അമിത​ഭ​ക്ഷ​ണ​മാണ്‌ പ്രധാന കാരണം. ആഫ്രി​ക്ക​യു​ടെ ചില ഭാഗങ്ങ​ളിൽ “വികല​പോ​ഷി​ത​രായ കുട്ടി​ക​ളെ​ക്കാൾ കൂടു​ത​ലാണ്‌ അമിത​തൂ​ക്ക​മുള്ള കുട്ടി​ക​ളു​ടെ എണ്ണം” എന്ന്‌ ഒരു പഠനം വെളി​പ്പെ​ടു​ത്തു​ന്നു. പൊണ്ണ​ത്ത​ടി​യുള്ള കുട്ടി​കൾക്ക്‌, ചെറു​പ്പ​ത്തി​ലും വളർന്നു​ക​ഴി​ഞ്ഞും പ്രമേ​ഹം​പോ​ലുള്ള ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ ഉണ്ടാകാ​നുള്ള സാധ്യത ഏറെയാണ്‌. ആഹാര​ശീ​ല​ങ്ങ​ളിൽ മിതത്വം പാലി​ച്ചു​കൊണ്ട്‌ മാതാ​പി​താ​ക്കൾതന്നെ മക്കൾക്ക്‌ മാതൃ​ക​യാ​കണം.

സസ്യാ​ഹാ​രം ശീലി​ക്കാം. മാംസ​വും അന്നജം അടങ്ങിയ ആഹാര​വും കുറയ്‌ക്കുക. പകരം, പഴങ്ങളും പച്ചക്കറി​ക​ളും തവിടു നീക്കാത്ത ധാന്യ​ങ്ങ​ളും ഭക്ഷണത്തിൽ ധാരാ​ള​മാ​യി ഉൾപ്പെ​ടു​ത്തുക. മാംസാ​ഹാ​ര​ത്തെ​ക്കാൾ മത്സ്യമാണ്‌ ഉത്തമം. തവിടു​നീ​ക്കി സംസ്‌ക​രി​ച്ചെ​ടുത്ത ധാന്യം​കൊ​ണ്ടു​ണ്ടാ​ക്കിയ ബ്രഡ്ഡുകൾ, പാസ്‌ത, പച്ചരി തുടങ്ങി​യ​വ​യിൽ പോഷ​ക​മൂ​ല്യം തീരെ കുറവാ​യ​തി​നാൽ അവയുടെ ഉപയോ​ഗം മിത​പ്പെ​ടു​ത്തുക. ബർഗർ, ഫ്രഞ്ച്‌ ഫ്രൈസ്‌, പിസ പോലുള്ള ജങ്ക്‌ഫു​ഡു​കൾ അപകട​കാ​രി​ക​ളാണ്‌. ആരോ​ഗ്യ​ഭ​ക്ഷ​ണ​ത്തോട്‌ താത്‌പ​ര്യം വളർത്താൻ മാതാ​പി​താ​ക്കൾ കുട്ടി​കളെ പഠിപ്പി​ക്കണം. ഇടയാ​ഹാ​ര​മാ​യി ചിപ്‌സും ചോക്‌ളേ​റ്റും നൽകാതെ നട്‌സും പഴവർഗ​ങ്ങ​ളും പച്ചക്കറി​ക​ളും (നന്നായി കഴുകി) കൊടുത്ത്‌ ശീലി​പ്പി​ക്കാം.

ധാരാളം വെള്ളം കുടി​ക്കുക. ദിവസ​വും ധാരാളം വെള്ളം കുടി​ക്കാൻ കുട്ടി​ക​ളും മുതിർന്ന​വ​രും പ്രത്യേ​കം ശ്രദ്ധി​ക്കണം. മധുരം ചേർക്കാത്ത പാനീ​യ​ങ്ങ​ളു​മാ​വാം. ചൂടുള്ള കാലാ​വ​സ്ഥ​യി​ലും, വ്യായാ​മ​ങ്ങൾക്കും കായിക പ്രവർത്ത​ന​ങ്ങൾക്കും ഇടയി​ലും കൂടുതൽ വെള്ളം കുടി​ക്കേ​ണ്ടത്‌ ആവശ്യ​മാണ്‌. വെള്ളം കുടി​ക്കു​ന്നത്‌ ദഹനം ത്വരി​ത​പ്പെ​ടു​ത്തു​ന്നു, ശരീര​ത്തിൽനി​ന്നു വിഷപ​ദാർഥങ്ങൾ നീക്കം​ചെ​യ്യു​ന്നു, ത്വക്കിനെ ആരോ​ഗ്യ​മു​ള്ള​താ​ക്കു​ന്നു, തൂക്കം കൂടാ​തി​രി​ക്കാൻ സഹായി​ക്കു​ന്നു. ശരീര​ത്തിൽ വേണ്ടത്ര ജലാംശം ഉണ്ടെങ്കിൽ അതു നമുക്ക്‌ ഉണർവു നൽകും. എന്തിന്‌, വെള്ളം കുടി​ക്കു​ന്നത്‌ അഴക്‌ വർധി​പ്പി​ക്കു​ക​പോ​ലും ചെയ്യു​മ​ത്രേ. എന്നാൽ ലഹരി​പാ​നീ​യ​ങ്ങ​ളു​ടെ​യും ശീതള​പാ​നീ​യ​ങ്ങ​ളു​ടെ​യും അമിത ഉപയോ​ഗം ദോഷം​ചെ​യ്യും. ദിവസ​വും ഒരു ക്യാൻ സോഫ്‌റ്റ്‌ ഡ്രിങ്ക്‌ കുടി​ക്കു​ന്നത്‌ ഒരു വർഷം​കൊണ്ട്‌ ആറു കിലോ​വരെ തൂക്കം കൂടാൻ ഇടയാ​ക്കും.

ചില പ്രദേ​ശ​ങ്ങ​ളിൽ നന്നേ പ്രയാ​സ​പ്പെ​ട്ടാണ്‌ ആളുകൾ ശുദ്ധജലം ശേഖരി​ക്കു​ന്നത്‌. വേറെ ചില സ്ഥലങ്ങളിൽ വെള്ളം പണം കൊടു​ത്തു വാങ്ങേണ്ട അവസ്ഥയാണ്‌. എന്തുത​ന്നെ​യാ​യാ​ലും വെള്ളം​കു​ടി ഒഴിവാ​ക്കാൻ പറ്റാത്ത കാര്യ​മാണ്‌. വെള്ളത്തിൽ മാലി​ന്യ​ങ്ങ​ളു​ണ്ടെ​ങ്കിൽ തിളപ്പി​ച്ചോ ഫിൽട്ടർ ചെയ്‌തോ വേണം ഉപയോ​ഗി​ക്കാൻ. യുദ്ധത്തി​ലോ ഭൂകമ്പ​ത്തി​ലോ കൊല്ല​പ്പെ​ടു​ന്ന​തി​ലും അധികം ആളുകൾ മലിന​ജ​ല​ത്തി​ന്റെ ഉപയോ​ഗം​മൂ​ലം മരിക്കു​ന്നു​ണ്ടെ​ന്നാണ്‌ കണക്കുകൾ സൂചി​പ്പി​ക്കു​ന്നത്‌. ദിവസം 4,000-ത്തോളം കുട്ടികൾ ഇങ്ങനെ മരിക്കു​ന്നു​ണ്ടെന്ന്‌ റിപ്പോർട്ടു​കൾ കാണി​ക്കു​ന്നു. നവജാ​ത​ശി​ശു​ക്കൾക്ക്‌ ആദ്യത്തെ ആറുമാ​സം മുലപ്പാൽമാ​ത്രം നൽകാ​നാണ്‌ ലോകാ​രോ​ഗ്യ സംഘടന ശുപാർശ ചെയ്യു​ന്നത്‌. പിന്നീട്‌ മറ്റ്‌ ആഹാര​വും കൊടു​ത്തു​തു​ട​ങ്ങാം. എന്നാൽ രണ്ടുവ​യ​സ്സു​വ​രെ​യെ​ങ്കി​ലും മുലപ്പാൽ കൊടു​ക്കണം. (g11-E 03)