വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംങ്ങൾക്കുവേണ്ടി | ദാമ്പത്യം

ഇണയുടെ മാതാ​പി​താ​ക്ക​ളു​മാ​യി ഒത്തു​പോ​കാം

ഇണയുടെ മാതാ​പി​താ​ക്ക​ളു​മാ​യി ഒത്തു​പോ​കാം

പ്രശ്‌നം

“ഞങ്ങൾ അൽപം ബുദ്ധി​മു​ട്ടു​ക​ളി​ലൂ​ടെ കടന്നു​പോ​യ​പ്പോൾ, അക്കാര്യം എന്‍റെ ഭാര്യ അവളുടെ മാതാ​പി​താ​ക്ക​ളു​ടെ ചെവി​യിൽ എത്തിച്ചു. ഉടനെ അമ്മായി​യപ്പൻ ഉപദേ​ശ​വു​മാ​യി എത്തി. അത്‌ എനിക്കത്ര രസിച്ചില്ല!” —ജയിംസ്‌. *

“‘എന്‍റെ മോൻ ഇങ്ങനെ​യൊ​ന്നു​മാ​യി​രു​ന്നില്ല’ എന്ന് അമ്മായി​യമ്മ കൂടെ​ക്കൂ​ടെ എന്നോട്‌ പറയും. അവർക്കി​ട​യി​ലുള്ള നല്ലബന്ധം ഞാനാ​യിട്ട് കളഞ്ഞെന്ന് കേൾക്കു​മ്പോൾ എനിക്കു വല്ലാത്ത വിഷമം തോന്നു​ന്നു.”—നേഹ.

ഇണയുടെ മാതാ​പി​താ​ക്ക​ളു​മാ​യുള്ള പ്രശ്‌നം ഒരു ദാമ്പത്യ​പ്ര​ശ്‌ന​മാ​യി​ത്തീ​രു​ന്നത്‌ എങ്ങനെ ഒഴിവാ​ക്കാം?

നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്‌

വിവാഹം ഒരു പുതിയ കുടുംബത്തെ സൃഷ്ടിക്കുന്നു. വിവാഹം കഴിക്കുന്ന “ഒരു പുരുഷൻ തന്‍റെ അപ്പനെ​യും അമ്മയെ​യും വിട്ട് ഭാര്യ​യോ​ടു പറ്റി​ച്ചേ​രും” എന്ന് ബൈബിൾ പറയുന്നു. ഈ തത്ത്വം ഭാര്യ​ക്കും ബാധക​മാണ്‌. അവൾ വിവാ​ഹി​ത​യാ​കു​ന്ന​തോ​ടെ “അവർ ഇരുവ​രും ഏകശരീ​ര​മാ​യി​ത്തീ​രും” എന്നും അതു പറയുന്നു. അവർ ഇപ്പോൾ ഒരു പുതിയ കുടും​ബ​മാണ്‌.—മത്തായി 19:5.

മാതാപിതാക്കളെക്കാൾ പ്രാധാന്യം വിവാന്ധത്തിനാണ്‌. “ദാമ്പത്യം കരുത്തു​റ്റ​താ​ക​ണ​മെ​ങ്കിൽ, ‘ഞങ്ങൾ ഒന്നാണ്‌’ എന്ന ചിന്ത ഭാര്യ​യ്‌ക്കും ഭർത്താ​വി​നും എപ്പോ​ഴു​മു​ണ്ടാ​യി​രി​ക്കണം” എന്ന് വിവാ​ഹോ​പ​ദേ​ഷ്ടാ​വായ ജോൺ എം. ഗോട്ട്മാൻ പറയുന്നു. “ഇണയു​മാ​യുള്ള സ്‌നേ​ഹ​ബന്ധം നിലനി​റു​ത്തു​ന്ന​തിന്‌ അടുത്ത കുടും​ബാം​ഗ​ങ്ങ​ളു​മാ​യി അൽപം അകലം പാലി​ക്കേ​ണ്ടി​വ​രും.” *

ചില മാതാപിതാക്കൾക്ക് ബുദ്ധിമുട്ട് തോന്നുന്നു. വിവാഹം കഴിഞ്ഞ് അധിക​മാ​യി​ട്ടി​ല്ലാത്ത ഒരു ഭർത്താവ്‌ പറയുന്നു: “ഞങ്ങൾ വിവാ​ഹി​ത​രാ​കു​ന്ന​തി​നു മുമ്പ് എന്‍റെ ഭാര്യ അവളുടെ മാതാ​പി​താ​ക്ക​ളു​ടെ ഇഷ്ടങ്ങൾക്കാണ്‌ ഒന്നാം സ്ഥാനം നൽകി​യി​രു​ന്നത്‌. വിവാഹം കഴിഞ്ഞ​തോ​ടെ മറ്റൊ​രാൾ ആ സ്ഥാനം കൈയ​ട​ക്കി​യത്‌ അവളുടെ അമ്മയ്‌ക്ക് ഉൾക്കൊ​ള്ളാ​നാ​കു​ന്നില്ല.”

ചില നവദമ്പതികൾക്കും ബുദ്ധിമുട്ട് തോന്നുന്നു. മുമ്പ് പരാമർശിച്ച ജയിംസ്‌ പറയുന്നു: “നിങ്ങൾ ഇഷ്ടപ്പെട്ട് തിര​ഞ്ഞെ​ടു​ക്കുന്ന സുഹൃ​ത്തു​ക്ക​ളെ​പ്പോ​ലെയല്ല ഇണയുടെ മാതാ​പി​താ​ക്കൾ. ആരോ പറഞ്ഞതു​പോ​ലെ, ‘നിങ്ങൾ ഇഷ്ടപ്പെ​ട്ടാ​ലും ഇല്ലെങ്കി​ലും നിങ്ങൾക്ക് ഇപ്പോൾ രണ്ടു പുതിയ സുഹൃ​ത്തു​ക്കളെ കിട്ടി​യി​രി​ക്കു​ന്നു.’ അവർ നിങ്ങളെ അസഹ്യ​പ്പെ​ടു​ത്തി​യാ​ലും നിങ്ങ​ളെ​ല്ലാം ഒരു കുടും​ബ​ത്തി​ന്‍റെ ഭാഗമാണ്‌.”

നിങ്ങൾക്കു ചെയ്യാനാകുന്നത്‌

ഇണയുടെ മാതാ​പി​താ​ക്ക​ളോ​ടുള്ള ബന്ധത്തിൽ നിങ്ങൾ ഇരുവർക്കും ഇടയിൽ അഭി​പ്രാ​യ​വ്യ​ത്യാ​സം ഉണ്ടായാൽ, പരസ്‌പരം സഹകരിച്ച് പ്രശ്‌ന​ങ്ങൾക്കു പരിഹാ​രം കാണുക. “സമാധാ​നം അന്വേ​ഷി​ച്ചു പിന്തു​ട​രുക” എന്ന ബൈബി​ളി​ന്‍റെ ബുദ്ധി​യു​പ​ദേശം അനുസ​രി​ക്കുക.—സങ്കീർത്തനം 34:14.

ഈ നിർദേശം പ്രവൃ​ത്തി​പ​ഥ​ത്തിൽ കൊണ്ടു​വ​രു​ന്ന​തിന്‌ നിങ്ങളെ സഹായി​ക്കു​ന്ന​താണ്‌ പിൻവ​രുന്ന സാഹച​ര്യ​ങ്ങൾ. ഇവ ഓരോ​ന്നും ഭർത്താ​വി​ന്‍റെ​യോ ഭാര്യ​യു​ടെ​യോ വീക്ഷണ​കോ​ണിൽനി​ന്നാണ്‌ അവതരി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും ഇരുകൂ​ട്ടർക്കും ബാധക​മാണ്‌. ഇവിടെ ചർച്ച ചെയ്യുന്ന തത്ത്വങ്ങൾ ഇണയുടെ മാതാ​പി​താ​ക്ക​ളു​മാ​യി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ നിങ്ങളെ സഹായി​ക്കും.

‘എന്‍റെ അമ്മയുമായി നിങ്ങൾ ഒത്തുപോയിരുന്നെങ്കിൽ’ എന്ന് ഭാര്യ പറയുന്നു. എന്നാൽ നിങ്ങൾക്ക് അത്‌ ബുദ്ധിമുട്ടായി തോന്നുന്നു.

ഇങ്ങനെ ചെയ്‌തുനോക്കൂ: ഈ പ്രശ്‌നം ഭാര്യ​യു​മൊത്ത്‌ ചർച്ച ചെയ്യുക. വിട്ടു​വീഴ്‌ച ചെയ്യാ​നും തയ്യാറാ​കുക. നിങ്ങൾക്ക് അമ്മായി​യ​മ്മ​യെ​ക്കു​റിച്ച് എന്തു തോന്നു​ന്നു എന്നതിനല്ല, മറിച്ച് നിങ്ങൾ സ്‌നേ​ഹി​ച്ചു​കൊ​ള്ളാ​മെന്ന് പ്രതിജ്ഞ ചെയ്‌തി​രി​ക്കുന്ന ഇണയെ നിങ്ങൾ എങ്ങനെ വീക്ഷി​ക്കു​ന്നു​വെ​ന്ന​തി​നാണ്‌ പ്രാധാ​ന്യം. ഇക്കാര്യം നിങ്ങൾ ചർച്ച ചെയ്യു​മ്പോൾ, അമ്മായി​യ​മ്മ​യു​മാ​യി ഇണങ്ങി​പ്പോ​കു​ന്ന​തിന്‌ ചെയ്യാ​നാ​കുന്ന ഒന്നോ രണ്ടോ കാര്യ​ങ്ങ​ളെ​ക്കു​റിച്ച് ചിന്തി​ക്കു​ക​യും അതു പിൻപ​റ്റു​ക​യും ചെയ്യുക. അങ്ങനെ, നിങ്ങൾ ആത്മാർഥ​മാ​യി ശ്രമി​ക്കു​ന്നതു ഭാര്യ കാണു​മ്പോൾ അവൾക്ക് നിങ്ങ​ളോ​ടുള്ള ബഹുമാ​നം വർധി​ക്കു​മെ​ന്ന​തിന്‌ സംശയ​മില്ല. ബൈബിൾതത്ത്വം:—1 കൊരിന്ത്യർ 10:24.

‘എന്നെക്കാധികം താത്‌പര്യം നിനക്ക് നിന്‍റെ വീട്ടുകാരോടാണ്‌’ എന്ന് ഭർത്താവ്‌ പറയുന്നു.

ഇങ്ങനെ ചെയ്‌തുനോക്കൂ: പ്രശ്‌നം ഭർത്താ​വു​മാ​യി ചർച്ച ചെയ്യു​മ്പോൾ അദ്ദേഹ​ത്തി​ന്‍റെ ഭാഗത്തു​നിന്ന് കാര്യങ്ങൾ കാണാൻ ശ്രമി​ക്കുക. എന്നാൽ നിങ്ങൾ, മാതാ​പി​താ​ക്കൾക്ക് അവർ അർഹി​ക്കുന്ന ആദരവ്‌ നൽകു​മ്പോൾ ഭർത്താവ്‌ അതി​നെ​പ്രതി മുഷി​യേ​ണ്ട​തില്ല. (സദൃശ​വാ​ക്യ​ങ്ങൾ 23:22) എന്നിരു​ന്നാ​ലും, നിങ്ങളു​ടെ ജീവി​ത​ത്തിൽ മാതാ​പി​താ​ക്ക​ളെ​ക്കാ​ളും അദ്ദേഹ​ത്തി​നാണ്‌ പ്രാധാ​ന്യ​മെന്ന് നിങ്ങളു​ടെ വാക്കു​ക​ളാ​ലും പ്രവൃ​ത്തി​ക​ളാ​ലും ഉറപ്പു​കൊ​ടു​ക്കുക. ഈ ബോധ്യം ഭർത്താ​വി​നു​ണ്ടെ​ങ്കിൽ നിങ്ങളു​ടെ ശ്രദ്ധ പിടി​ച്ചു​പ​റ്റു​ന്ന​തി​നു​വേണ്ടി നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളു​മാ​യി ഒരു മത്സരത്തിന്‌ അദ്ദേഹം തുനി​യു​ക​യില്ല.—ബൈബിൾതത്ത്വം: എഫെസ്യർ 5:33.

നിങ്ങളുമായി കൂടിയാലോചിക്കുന്നതിനു പകരം ഭാര്യ മാതാപിതാക്കളുടെ അഭിപ്രായം ആരായുന്നു.

ഇങ്ങനെ ചെയ്‌തുനോക്കൂ: ഏതൊക്കെ കാര്യ​ങ്ങ​ളിൽ മാതാ​പി​താ​ക്ക​ളു​ടെ അഭി​പ്രാ​യം ചോദി​ക്കണം എന്നതി​നെ​ക്കു​റിച്ച് നിങ്ങൾ തമ്മിൽ ഒരു ധാരണ​യിൽ എത്തുക. ന്യായ​ബോ​ധം പ്രകട​മാ​ക്കുക. ഒരു കാര്യം മാതാ​പി​താ​ക്ക​ളു​മാ​യി ചർച്ച ചെയ്യു​ന്നത്‌ എല്ലായ്‌പോഴും തെറ്റാ​യി​രി​ക്കു​മോ? എപ്പോ​ഴൊ​ക്കെ അവരു​മാ​യി കാര്യങ്ങൾ ചർച്ച ചെയ്യാം? ഇത്തരം കാര്യ​ങ്ങ​ളിൽ വെക്കേണ്ട ന്യായ​മായ അതിർവ​ര​മ്പു​ക​ളെ​ക്കു​റിച്ച് പരസ്‌പരം ധാരണ​യിൽ എത്താൻ കഴിഞ്ഞാൽ ഈ പ്രശ്‌നം എളുപ്പം പരിഹ​രി​ക്കാ​നാ​കും.—ബൈബിൾതത്ത്വം: ഫിലിപ്പിയർ 4:5. ▪ (g15-E 03)

^ ഖ. 4 പേരുകൾക്ക് മാറ്റം വരുത്തി​യി​രി​ക്കു​ന്നു.

^ ഖ. 9 ദാമ്പത്യം വിജയമാക്കാൻ ഏഴു തത്ത്വങ്ങൾ എന്ന പുസ്‌ത​ക​ത്തിൽനിന്ന്.