വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

ജീവിതം അവസാനിപ്പിക്കാൻ തോന്നുന്നെങ്കിലോ?

ജീവിതം അവസാനിപ്പിക്കാൻ തോന്നുന്നെങ്കിലോ?

 “കുറച്ച്‌ നാളു​കൾക്കു മുമ്പ്‌ എനിക്ക്‌ ടെൻഷൻ കൂടി​ക്കൂ​ടി വന്നിട്ട്‌ ഞാനൊ​രു വല്ലാത്ത അവസ്ഥയി​ലാ​യി​രു​ന്നു. ഓരോ ദിവസ​വും തള്ളിനീ​ക്കി​യത്‌ എങ്ങനെ​യാ​ണെന്ന്‌ എനിക്ക​റി​യില്ല. അപ്പോ​ഴൊ​ക്കെ മരിക്ക​ണ​മെ​ന്നാ​യി​രു​ന്നു എന്റെ ചിന്ത. മരിക്കാൻ ഇഷ്ടമു​ണ്ടാ​യി​ട്ടല്ല, അങ്ങനെ​യെ​ങ്കി​ലും എല്ലാം ഒന്നു തീർന്നു​കി​ട്ടു​മ​ല്ലോ.—ജോനാ​ഥാൻ, 17 വയസ്സ്‌.

 മുതിർന്ന സ്‌കൂൾക്കു​ട്ടി​ക​ളിൽ നടത്തിയ ഒരു സർവേ​യിൽ കണ്ടെത്തി​യത്‌ എന്താണെന്നോ? a അതിൽ പങ്കെടുത്ത ഏകദേശം 14,000 പേരിൽ ഏതാണ്ട്‌ അഞ്ചിൽ ഒരാൾ വീതം കഴിഞ്ഞ ഒരു വർഷത്തി​നു​ള്ളിൽ ആത്മഹത്യ​യെ​ക്കു​റിച്ച്‌ ചിന്തി​ച്ചെ​ന്നാണ്‌. മരിക്ക​ണ​മെന്ന ചിന്ത നിങ്ങളെ വേട്ടയാ​ടു​ന്നെ​ങ്കി​ലോ? നിങ്ങൾക്ക്‌ അതിൽനി​ന്നു രക്ഷപ്പെ​ടാ​നാ​കും. എങ്ങനെ?

  •   എടുത്തു​ചാ​ടി ഒന്നും ചെയ്യരുത്‌. മരിക്ക​ണ​മെന്ന ചിന്ത വരുന്ന ഉടൻതന്നെ എടുത്തു​ചാ​ടി ഒന്നും ചെയ്യി​ല്ലെന്ന്‌ നിങ്ങൾക്കു​തന്നെ വാക്കു കൊടു​ക്കുക. നിങ്ങളു​ടെ പ്രശ്‌നങ്ങൾ ഒട്ടും സഹിക്കാൻ പറ്റാത്ത​താ​യി നിങ്ങൾക്കു തോന്നി​യേ​ക്കാം. എങ്കിലും അവയൊ​ക്കെ നേരി​ടാൻ പലതരം സഹായങ്ങൾ നിങ്ങൾക്കു കിട്ടും. അതെക്കു​റിച്ച്‌ മനസ്സി​ലാ​ക്കുക.

 ചില​പ്പോൾ വഴിമു​ട്ടി​പ്പോ​യ​താ​യി നിങ്ങൾക്കു തോന്നി​യേ​ക്കാം. എന്നാൽ അപ്പോ​ഴത്തെ തോന്ന​ലു​കൾ സത്യമാ​യി​രി​ക്ക​ണ​മെ​ന്നില്ല. ആ സാഹച​ര്യ​ത്തിൽനിന്ന്‌ പുറത്തു​ക​ട​ക്കാൻ പല വഴിക​ളു​ണ്ടാ​കും. ശരിയായ സഹായം കിട്ടി​യാൽ നിങ്ങൾ വിചാ​രി​ക്കു​ന്ന​തി​നെ​ക്കാൾ എളുപ്പം അതിൽനിന്ന്‌ പുറത്തു​ക​ട​ക്കാ​നാ​കും.

  •  ബൈബിൾ പറയു​ന്നത്‌: “എല്ലാ വശത്തു​നി​ന്നും സമ്മർദം നേരി​ടു​ന്നെ​ങ്കി​ലും ഞങ്ങൾ ഒട്ടും അനങ്ങാൻ പറ്റാത്ത നിലയി​ലാ​യി​ട്ടില്ല. ആകെ ആശയക്കു​ഴ​പ്പ​ത്തി​ലാ​ണെ​ങ്കി​ലും വഴിമു​ട്ടി​പ്പോ​യി​ട്ടില്ല.”—2 കൊരി​ന്ത്യർ 4:8.

     ചെയ്‌തു​നോ​ക്കൂ: മരിക്ക​ണ​മെ​ന്നുള്ള ചിന്ത മനസ്സിൽനി​ന്നു പറി​ച്ചെ​റി​യാൻ പറ്റുന്നി​ല്ലെ​ങ്കിൽ നിങ്ങളെ സഹായി​ക്കുന്ന പല സേവന​ങ്ങ​ളും ഇന്നുണ്ട്‌. ഇതിനു​വേ​ണ്ടി​യുള്ള ഹെൽപ്പ്‌ലൈൻ നമ്പറിൽ വിളി​ക്കാം. അല്ലെങ്കിൽ ആശുപ​ത്രി​യി​ലെ എമർജൻസി റൂമി​ലേക്കു പോകാം. അവി​ടെ​യുള്ള ആളുകൾ നിങ്ങളെ സഹായി​ക്കാൻ പരിശീ​ലനം കിട്ടി​യ​വ​രാണ്‌. അവർക്കു നിങ്ങളെ സഹായി​ക്കാൻ ആഗ്രഹ​വു​മുണ്ട്‌.

  •   ആരോ​ടെ​ങ്കി​ലും തുറന്നു​പ​റ​യുക. നിങ്ങളെ സ്‌നേ​ഹി​ക്കുന്ന, നിങ്ങളെ സഹായി​ക്കാൻ ആഗ്രഹി​ക്കുന്ന പലരു​മുണ്ട്‌. കൂട്ടു​കാർക്കും വീട്ടു​കാർക്കും ഒക്കെ നിങ്ങളെ സഹായി​ക്കാൻ പറ്റി​യേ​ക്കും. പക്ഷേ നിങ്ങൾ അവരോ​ടു തുറന്നു​സം​സാ​രി​ച്ചാൽ മാത്രമേ നിങ്ങളു​ടെ ഉള്ളിലെ വിഷമങ്ങൾ അവർക്കു മനസ്സി​ലാ​കൂ.

 ചിലർക്ക്‌ ശരിക്ക്‌ കാണണ​മെ​ങ്കിൽ കണ്ണട വേണം. ആ കണ്ണട​പോ​ലെ​യാണ്‌ ഒരു സുഹൃത്ത്‌. നിങ്ങളു​ടെ പ്രശ്‌നങ്ങൾ ശരിയായ വിധത്തിൽ കാണാൻ കൂട്ടു​കാർക്കു നിങ്ങളെ സഹായി​ക്കാൻ പറ്റും. അങ്ങനെ ജീവി​ക്കാ​നുള്ള ആഗ്രഹ​വും നിങ്ങൾക്കു തിരി​ച്ചു​കി​ട്ടും.

  •  ബൈബിൾ പറയു​ന്നത്‌: ‘യഥാർഥ​സ്‌നേ​ഹി​തൻ കഷ്ടതക​ളു​ടെ സമയത്ത്‌ കൂടപ്പി​റ​പ്പാ​യി​ത്തീ​രു​ന്നു.’—സുഭാ​ഷി​തങ്ങൾ 17:17.

     ചെയ്‌തു​നോ​ക്കൂ: നിങ്ങൾക്ക്‌ ഇങ്ങനെ പറഞ്ഞ്‌ തുടങ്ങാം: “എനിക്ക്‌ ഈയി​ടെ​യാ​യിട്ട്‌ ഭയങ്കര നെഗറ്റീവ്‌ ചിന്തയാണ്‌. ഒന്ന്‌ സംസാ​രി​ക്ക​ണ​മെ​ന്നുണ്ട്‌. ഇപ്പോൾ ഫ്രീയാ​ണോ?” അല്ലെങ്കിൽ ഇങ്ങനെ പറയാം: “എനിക്ക്‌ കുറച്ച്‌ പ്രശ്‌ന​ങ്ങ​ളുണ്ട്‌. എന്തു ചെയ്യണ​മെന്ന്‌ ഒരു ഐഡി​യ​യും കിട്ടു​ന്നില്ല. ഒന്നു ഹെൽപ്പ്‌ ചെയ്യാ​മോ?”

  •   ഡോക്ടറെ കാണുക. വിഷാ​ദ​വും ഉത്‌ക​ണ്‌ഠ​യും പോലുള്ള ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ ജീവി​ക്കാ​നുള്ള ആഗ്രഹം​തന്നെ ഇല്ലാതാ​ക്കി​യേ​ക്കാം. പക്ഷേ അതോർത്ത്‌ വിഷമി​ക്കേണ്ട. ഇത്തരം പ്രശ്‌ന​ങ്ങൾക്കും ചികി​ത്സ​യുണ്ട്‌.

 പനി വരു​മ്പോൾ ചിലർക്ക്‌ ഭക്ഷണം കഴിക്കാ​നുള്ള ആഗ്രഹം നഷ്ടപ്പെ​ടും. അതു​പോ​ലെ വിഷാദം വരു​മ്പോൾ ജീവി​ക്കാ​നുള്ള ആഗ്രഹ​വും നഷ്ടപ്പെ​ട്ടേ​ക്കാം. എന്നാൽ രണ്ട്‌ രോഗ​ങ്ങൾക്കും ചികി​ത്സ​യുണ്ട്‌.

  •  ബൈബിൾ പറയു​ന്നത്‌: “ആരോ​ഗ്യ​മു​ള്ള​വർക്കല്ല, രോഗി​കൾക്കാ​ണു വൈദ്യ​നെ ആവശ്യം.”—മത്തായി 9:12.

     ചെയ്‌തു​നോ​ക്കൂ: ആവശ്യ​ത്തിന്‌ ഉറങ്ങുക, വ്യായാ​മം ചെയ്യുക, പോഷ​കങ്ങൾ ഉള്ള ഭക്ഷണം കഴിക്കുക. നല്ല ആരോ​ഗ്യ​മു​ണ്ടെ​ങ്കിൽ ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള നിങ്ങളു​ടെ കാഴ്‌ച​പ്പാ​ടു​തന്നെ മാറി​യേ​ക്കാം.

  •   പ്രാർഥി​ക്കുക. ബൈബിൾ പറയു​ന്നത്‌, നമ്മളെ ഉണ്ടാക്കിയ ദൈവം “നമ്മുടെ ഹൃദയ​ത്തെ​ക്കാൾ വലിയ​വ​നും എല്ലാം അറിയു​ന്ന​വ​നും” ആണ്‌ എന്നാണ്‌. (1 യോഹ​ന്നാൻ 3:20) ഇന്നുതന്നെ നിങ്ങൾക്ക്‌ ആ ദൈവ​ത്തോട്‌ ഒന്നു പ്രാർഥി​ച്ചു​കൂ​ടേ? യഹോവ എന്ന ദൈവ​ത്തി​ന്റെ പേര്‌ ഉപയോ​ഗി​ച്ചു​കൊണ്ട്‌ ഉള്ളുതു​റന്ന്‌ സംസാ​രി​ക്കുക.

 എടുത്താൽ പൊങ്ങാത്ത ഭാരങ്ങ​ളാ​യി​രി​ക്കും ചിലത്‌. എന്നാൽ നമ്മളെ സൃഷ്ടിച്ച ദൈവ​മായ യഹോവ നമ്മളെ സഹായി​ക്കും.

  •  ബൈബിൾ പറയു​ന്നത്‌: ‘നിങ്ങളു​ടെ അപേക്ഷകൾ ദൈവത്തെ അറിയി​ക്കുക. അപ്പോൾ മനുഷ്യ​ബു​ദ്ധിക്ക്‌ അതീത​മായ ദൈവ​സ​മാ​ധാ​നം നിങ്ങളു​ടെ ഹൃദയ​ത്തെ​യും മനസ്സി​നെ​യും കാക്കും.’—ഫിലി​പ്പി​യർ 4:6, 7.

     ചെയ്‌തു​നോ​ക്കൂ: നിങ്ങളു​ടെ പ്രശ്‌നങ്ങൾ യഹോ​വ​യോ​ടു പറയുക. അതു കൂടാതെ നന്ദിയും പറയാം. അതിനു​വേണ്ടി ഒരു കാര്യ​മെ​ങ്കി​ലും ഇന്നു കണ്ടുപി​ടി​ക്കാൻ പറ്റുമോ? (കൊ​ലോ​സ്യർ 3:15) നന്ദിയു​ണ്ടാ​യി​രി​ക്കു​ന്നത്‌ ജീവി​ത​ത്തിൽ സന്തോഷം കൊണ്ടു​വ​രാൻ സഹായി​ക്കും.

 മരിക്ക​ണ​മെന്ന്‌ നിങ്ങൾക്കു തോന്നാ​റു​ണ്ടെ​ങ്കിൽ ആ ചിന്തയിൽനിന്ന്‌ പുറത്തു​ക​ട​ക്കാൻ സഹായം സ്വീക​രി​ക്കുക. തുടക്ക​ത്തിൽ പറഞ്ഞ ജോനാ​ഥാൻ അതാണു ചെയ്‌തത്‌. ജോനാ​ഥാൻ പറയുന്നു: “ഞാൻ പല പ്രാവ​ശ്യം പപ്പയോ​ടും മമ്മി​യോ​ടും തുറന്നു​സം​സാ​രി​ച്ചു. ഡോക്ടറെ പോയി കണ്ടു. ഇപ്പോൾ എനിക്ക്‌ നല്ല ആശ്വാസം തോന്നു​ന്നുണ്ട്‌. ഇപ്പോ​ഴും ഞാൻ ഇടയ്‌ക്കൊ​ക്കെ മൂഡോഫ്‌ ആകാറു​ണ്ടെ​ങ്കി​ലും മരിക്ക​ണ​മെ​ന്നുള്ള ചിന്ത വരാറില്ല.”

a യു.എസ്‌. സെന്റേ​ഴ്‌സ്‌ ഫോർ ഡിസീസ്‌ കൺ​ട്രോൾ ആന്റ്‌ പ്രി​വെൻഷൻ 2019-ൽ നടത്തിയ സർവേ​യാണ്‌ ഇത്‌.