വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാവി​യെ​ക്കു​റിച്ച്‌ പ്രതീക്ഷ തരുന്ന പഠിപ്പി​ക്ക​ലു​കൾ

ഭാവി​യെ​ക്കു​റിച്ച്‌ പ്രതീക്ഷ തരുന്ന പഠിപ്പി​ക്ക​ലു​കൾ

നമ്മളെ കോരി​ത്ത​രി​പ്പി​ക്കുന്ന പല മാറ്റങ്ങ​ളും ഉടൻതന്നെ ഉണ്ടാകു​മെന്ന്‌ ദൈവം ഉറപ്പു​ത​ന്നി​രി​ക്കു​ന്നു. ദൈവം ഇന്നത്തെ കഷ്ടപ്പാ​ടു​ക​ളെ​ല്ലാം മാറ്റും. ഭൂമി​യിൽ മനുഷ്യർക്ക്‌ സന്തോ​ഷ​ത്തോ​ടെ ജീവി​ക്കാൻ കഴിയും. (സങ്കീർത്തനം 37:11) അതു നമുക്കു വിശ്വ​സി​ക്കാ​നാ​കു​മോ? ഉറപ്പാ​യും. കാരണം “നുണ പറയാൻ ദൈവം മനുഷ്യ​നല്ല.” (സംഖ്യ 23:19) ഭാവി​യിൽ നമ്മുടെ സ്രഷ്ടാവ്‌ ചെയ്യാൻപോ​കുന്ന ചില കാര്യങ്ങൾ കാണാം.

ദൈവം ദുഷ്ടരെ നശിപ്പി​ക്കും

“ദുഷ്ടന്മാർ പുല്ലു​പോ​ലെ മുളച്ചു​പൊ​ങ്ങു​ന്ന​തും ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രെ​ല്ലാം തഴച്ചു​വ​ള​രു​ന്ന​തും എന്നേക്കു​മാ​യി നശിച്ചു​പോ​കാ​നാണ്‌.”—സങ്കീർത്തനം 92:7.

കഴിഞ്ഞ ലേഖന​ങ്ങ​ളിൽ കണ്ടതു​പോ​ലെ മോശ​മായ കാര്യങ്ങൾ ഒന്നി​നൊ​ന്നു കൂടി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അതിൽ ഒട്ടും അതിശ​യി​ക്കാ​നില്ല. കാരണം “അവസാ​ന​കാ​ലത്ത്‌” ആളുക​ളു​ടെ സ്വഭാവം തീരെ മോശ​മാ​യി​ത്തീ​രു​മെന്ന്‌ ബൈബി​ളിൽ 2 തിമൊ​ഥെ​യൊസ്‌ 3:1-5 വരെ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടുണ്ട്‌. എന്തിന്റെ അവസാനം? ഇന്നത്തെ ലോക​ത്തിൽ ദൈവത്തെ അനുസ​രി​ക്കാത്ത ആളുക​ളു​ടെ അവസാനം. മോശം സ്വഭാ​വ​രീ​തി​കൾ മാറ്റാൻ മനസ്സു​കാ​ണി​ക്കാത്ത അത്തരം ആളുകളെ ദൈവം പെട്ടെ​ന്നു​തന്നെ നശിപ്പി​ക്കും. പിന്നെ, ദൈവത്തെ അനുസ​രി​ക്കുന്ന നല്ല ആളുകൾ മാത്രമേ ഈ ഭൂമി​യിൽ ഉണ്ടായി​രി​ക്കു​ക​യു​ള്ളൂ. “നീതി​മാ​ന്മാർ ഭൂമി കൈവ​ശ​മാ​ക്കും; അവർ അവിടെ എന്നു​മെ​ന്നേ​ക്കും ജീവി​ക്കും.”—സങ്കീർത്തനം 37:29.

ദൈവം സാത്താനെ തകർത്തു​ക​ള​യും

“സമാധാ​നം നൽകുന്ന ദൈവം പെട്ടെ​ന്നു​തന്നെ സാത്താനെ . . . തകർത്തു​ക​ള​യും.”—റോമർ 16:20.

സാത്താ​നും ഭൂതങ്ങ​ളും ഉൾപ്പെടെ എല്ലാ ദുഷ്ടത​ക​ളും പൊയ്‌പോ​കു​മ്പോൾ ഭൂമി സമാധാ​നം​കൊണ്ട്‌ നിറയും. നമ്മുടെ സ്രഷ്ടാവ്‌ ഇങ്ങനെ ഉറപ്പു​ത​രു​ന്നു: ‘ആരും നിങ്ങളെ പേടി​പ്പി​ക്കില്ല.’—മീഖ 4:4.

രോഗ​വും മരണവും ദൈവം ഇല്ലാതാ​ക്കും

“ദൈവ​ത്തി​ന്റെ കൂടാരം മനുഷ്യ​രു​ടെ​കൂ​ടെ. . . . ദൈവം അവരുടെ കണ്ണുക​ളിൽനിന്ന്‌ കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും. മേലാൽ മരണം ഉണ്ടായി​രി​ക്കില്ല; ദുഃഖ​മോ നിലവി​ളി​യോ വേദന​യോ ഉണ്ടായി​രി​ക്കില്ല.”—വെളി​പാട്‌ 21:3, 4.

സാത്താ​നും ആദാമും ഹവ്വയും, ഇനി നമ്മു​ടെ​തന്നെ അപൂർണ​ത​ക​ളും കാരണം ഉണ്ടായ കഷ്ടപ്പാ​ടു​ക​ളും രോഗ​ങ്ങ​ളും എല്ലാം ദൈവം ഇല്ലാതാ​ക്കും. പിന്നെ ‘മരണം​പോ​ലും ഉണ്ടായി​രി​ക്കില്ല.’ ദൈവത്തെ സ്‌നേ​ഹി​ക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്യുന്ന ആളുകൾ എന്നും ജീവി​ക്കും. എവിടെ ആയിരി​ക്കും അവർ ജീവി​ക്കു​ന്നത്‌?

നമ്മുടെ സ്രഷ്ടാവ്‌ ഈ ഭൂമിയെ ഒരു പറുദീ​സ​യാ​ക്കി മാറ്റും

“വിജന​ഭൂ​മി​യും വരണ്ടു​ണ​ങ്ങിയ ദേശവും സന്തോ​ഷി​ച്ചു​ല്ല​സി​ക്കും, മരു​പ്ര​ദേശം ആനന്ദിച്ച്‌ കുങ്കു​മം​പോ​ലെ പൂക്കും.”—യശയ്യ 35:1.

ദുഷ്ടത​യെ​ല്ലാം ദൈവം നീക്കി​ക്ക​ള​യു​മ്പോൾ ഭൂമി ഒരു പറുദീ​സ​യാ​കും. അവിടെ ഭംഗി​യുള്ള പാർക്കു​ക​ളും തോട്ട​ങ്ങ​ളും ഉണ്ടായി​രി​ക്കും, എല്ലാവർക്കും മതിവ​രു​വോ​ളം ഭക്ഷണവും. (സങ്കീർത്തനം 72:16) ശുദ്ധമായ സമു​ദ്ര​ങ്ങ​ളും തടാക​ങ്ങ​ളും നദിക​ളും ഒക്കെയാ​യി​രി​ക്കും അവിടെ ഉണ്ടായി​രി​ക്കുക. അതിൽ ജീവികൾ നീന്തി​ത്തു​ടി​ക്കും. ‘മലിനീ​ക​രണം’ എന്ന വാക്കു​തന്നെ ആളുകൾ മറന്നു​പോ​കും. സ്വന്തമാ​യി വീടുകൾ പണിത്‌ ആളുകൾ അതിൽ താമസി​ക്കും. താമസി​ക്കാൻ വീടോ കഴിക്കാൻ ഭക്ഷണമോ ഇല്ലെന്ന്‌ ആരും പിന്നെ പറയില്ല.—യശയ്യ 65:21, 22.

ദൈവം മരിച്ച​വരെ തിരികെജീവനിലേക്കു കൊണ്ടു​വ​രും

‘പുനരു​ത്ഥാ​നം ഉണ്ടാകും.’—പ്രവൃ​ത്തി​കൾ 24:15.

നിങ്ങളു​ടെ പ്രിയ​പ്പെ​ട്ടവർ ആരെങ്കി​ലും മരിച്ചു​പോ​യി​ട്ടു​ണ്ടെ​ങ്കിൽ അവരെ വീണ്ടും കാണാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നി​ല്ലേ? ഭൂമി ഒരു പറുദീ​സ​യാ​കു​മ്പോൾ നമ്മുടെ സർവശ​ക്ത​നായ ദൈവം മരിച്ചു​പോ​യ​വ​രെ​യെ​ല്ലാം തിരികെ ജീവനി​ലേക്കു കൊണ്ടു​വ​രും. നിങ്ങൾ അവരെ തിരി​ച്ച​റി​യും, അവർ നിങ്ങ​ളെ​യും തിരി​ച്ച​റി​യും. അത്‌ എത്ര സന്തോഷം നിറഞ്ഞ നിമി​ഷ​ങ്ങ​ളാ​യി​രി​ക്കും! അങ്ങനെ സംഭവി​ക്കു​മെന്ന്‌ എന്താണ്‌ ഇത്ര ഉറപ്പ്‌? കൊച്ചു​കു​ട്ടി​ക​ള​ടക്കം പലരെ​യും ദൈവം തിരികെ ജീവനി​ലേക്കു കൊണ്ടു​വ​ന്നി​ട്ടുണ്ട്‌, അവർ കുടും​ബ​ത്തോ​ടൊ​പ്പം വീണ്ടും സന്തോ​ഷ​ത്തോ​ടെ ജീവിച്ചു. യേശു പലപ്പോ​ഴും മരിച്ച​വരെ ജീവനി​ലേക്കു കൊണ്ടു​വ​ന്നത്‌ മറ്റുള്ളവർ കാൺകെ ആയിരു​ന്നു.—ലൂക്കോസ്‌ 8:49-56; യോഹ​ന്നാൻ 11:11-14, 38-44.