വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രസവാനന്തര വിഷാദവുമായുള്ള പോരാട്ടത്തിൽ ഞാൻ വിജയിച്ചു

പ്രസവാനന്തര വിഷാദവുമായുള്ള പോരാട്ടത്തിൽ ഞാൻ വിജയിച്ചു

പ്രസവാ​നന്തര വിഷാ​ദ​വു​മാ​യുള്ള പോരാ​ട്ട​ത്തിൽ ഞാൻ വിജയി​ച്ചു

ഞങ്ങളുടെ കുഞ്ഞു​മ​കളെ—അവൾ ജനിച്ചിട്ട്‌ അധികം ആയിട്ടി​ല്ലാ​യി​രു​ന്നു—എന്റെ ഭർത്താവ്‌ സന്തോ​ഷ​ത്തോ​ടെ കളിപ്പി​ക്കു​ന്നത്‌ നോക്കി​നിൽക്കു​മ്പോൾ, ഞാൻ ഇല്ലാത്ത​താണ്‌ അവർക്ക്‌ ഏറെ സന്തോഷം എന്നു ഞാൻ ചിന്തി​ച്ചത്‌ എനിക്ക്‌ ഓർമ​യുണ്ട്‌. ഞാൻ അവർക്ക്‌ ഒരു ഭാരമാ​യ​തു​പോ​ലെ എനിക്കു തോന്നി. കാറിൽ കയറി ഒരിക്ക​ലും തിരി​ച്ചു​വ​രാ​തെ എങ്ങോ​ട്ടെ​ങ്കി​ലും പോകാൻ ഞാൻ ആഗ്രഹി​ച്ചു. എന്നെ പ്രസവാ​നന്തര വിഷാദം പിടി​കൂ​ടി​യി​രി​ക്കു​ന്നു എന്ന വസ്‌തുത ഞാൻ അറിഞ്ഞി​രു​ന്നില്ല.

ദാമ്പത്യ​ത്തി​ലെ ആദ്യത്തെ പത്തു വർഷങ്ങൾ എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം സന്തോഷം അലതല്ലുന്ന നാളു​ക​ളാ​യി​രു​ന്നു. ജയ്‌സ​നും ഞാനും മൂത്ത മോൾ ലിയാ​നയെ വളർത്തി​ക്കൊ​ണ്ടു​വ​രു​ന്നത്‌ ശരിക്കും ആസ്വദി​ക്കു​ക​യാ​യി​രു​ന്നു. അതു​കൊണ്ട്‌ ഞാൻ വീണ്ടും ഗർഭി​ണി​യാ​യ​പ്പോൾ ഞങ്ങൾ എല്ലാവ​രും വളരെ​യേറെ ആഹ്ലാദി​ച്ചു.

എന്നാൽ ഈ ഗർഭധാ​ര​ണ​ത്തോട്‌ അനുബ​ന്ധിച്ച്‌ എനിക്കു പല ബുദ്ധി​മു​ട്ടു​ക​ളും ഉണ്ടായി. വാസ്‌ത​വ​ത്തിൽ, പ്രസവത്തെ തുടർന്നു​ണ്ടായ സങ്കീർണ​തകൾ എന്നെ മരണത്തി​ന്റെ വക്കോളം എത്തിച്ചു. എന്നാൽ അതിനു മുമ്പ്‌, അതായത്‌ ഗർഭാ​വ​സ്ഥ​യു​ടെ അവസാന നാളു​ക​ളിൽ, ആകെ​യൊ​രു മൂടൽമഞ്ഞു നിറഞ്ഞ അവസ്ഥയി​ലാ​യി എന്റെ മനസ്സ്‌. ഞങ്ങൾ കാർലി എന്നു പേരിട്ട കുഞ്ഞി​നെ​യും​കൊണ്ട്‌ ആശുപ​ത്രി​യിൽനി​ന്നു വീട്ടിൽ വന്ന ശേഷം സ്ഥിതി ഒന്നുകൂ​ടി വഷളായി. എനിക്കു സദാ ക്ഷീണം അനുഭ​വ​പ്പെട്ടു, നിസ്സാര തീരു​മാ​നങ്ങൾ പോലും എടുക്കാൻ കഴിയാ​ത്ത​താ​യും തോന്നി. എന്തിന്‌, അടുത്ത​താ​യി എന്തു വീട്ടു​ജോ​ലി​യാണ്‌ ചെയ്യേ​ണ്ട​തെന്ന്‌ ചോദി​ക്കാ​നോ ഞാൻ പറഞ്ഞതോ ചെയ്‌ത​തോ ആയ ഒരു കാര്യം ശരിയാ​യി​രു​ന്നു എന്ന്‌ ഉറപ്പു​വ​രു​ത്താ​നോ ആയി ദിവസ​വും പല പ്രാവ​ശ്യം ഞാൻ ജയ്‌സന്റെ ഓഫീ​സി​ലേക്കു ഫോൺ ചെയ്യു​മാ​യി​രു​ന്നു.

ആളുക​ളോ​ടൊ​പ്പം, എന്തിന്‌ എന്റെ പഴയ സുഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം പോലും, ആയിരി​ക്കു​ന്നത്‌ എനിക്കു പേടി​യാ​യി​രു​ന്നു. ആരെങ്കി​ലും അപ്രതീ​ക്ഷി​ത​മാ​യി വീട്ടു​വാ​തിൽക്കൽ വന്നാൽ ഞാൻ കിടപ്പു​മു​റി​യിൽ ഒളിച്ചി​രി​ക്കു​മാ​യി​രു​ന്നു. വീട്ടിൽ ഒന്നിനും ഒരു അടുക്കും ചിട്ടയു​മി​ല്ലാ​താ​യി. മാത്രമല്ല വളരെ എളുപ്പ​ത്തിൽ എന്റെ ശ്രദ്ധ പതറു​ക​യും ഞാൻ ആശയക്കു​ഴ​പ്പ​ത്തിൽ ആകുക​യും ചെയ്‌തു. ഒരു വായനാ​പ്രി​യ​യായ എനിക്ക്‌ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ കഴിയാ​ഞ്ഞ​തി​നാൽ, വായന ഏതാണ്ട്‌ അസാധ്യ​മാ​യി​ത്തീർന്നു. പ്രാർഥി​ക്കാൻ എനിക്കു ബുദ്ധി​മു​ട്ടു നേരിട്ടു. അതിനാൽ എന്റെ ആത്മീയ ആരോ​ഗ്യം തകരാ​റി​ലാ​യി. ഒരുതരം വൈകാ​രിക മരവിപ്പ്‌ എനിക്ക്‌ അനുഭ​വ​പ്പെട്ടു, ആരോ​ടും എനിക്കു സ്‌നേഹം തോന്നി​യില്ല. ഞാൻ ശരിയാ​യി ചിന്തി​ക്കാ​ത്ത​തു​കൊണ്ട്‌ കുട്ടി​കളെ അതു ഹാനി​ക​ര​മാ​യി ബാധി​ക്കു​മോ എന്നു ഞാൻ ഭയന്നു. എന്റെ ആത്മാഭി​മാ​നം തകർന്നു. എനിക്കു ഭ്രാന്തു പിടി​ക്കു​ക​യാ​ണെന്ന്‌ ഞാൻ കരുതി.

അന്നൊക്കെ ജയ്‌സൻ ജോലി കഴിഞ്ഞ്‌ എത്തിയാൽ, വീട്‌ വൃത്തി​യാ​ക്കു​ക​യോ ഒരു നേരത്തെ ആഹാരം തയ്യാറാ​ക്കു​ക​യോ ചെയ്‌തു​കൊണ്ട്‌ എന്നെ സഹായി​ക്കു​മാ​യി​രു​ന്നു. അതിൽ എനിക്ക്‌ അദ്ദേഹ​ത്തോ​ടു ദേഷ്യം തോന്നി! അദ്ദേഹം അങ്ങനെ ചെയ്യു​ന്നത്‌ ഒട്ടും കാര്യ​പ്രാ​പ്‌തി​യി​ല്ലാത്ത ഒരു മാതാ​വാ​യി എന്നെ തുറന്നു​കാ​ട്ടു​ന്നു​വെന്ന്‌ എനിക്കു തോന്നി. അതേസ​മയം, സഹായി​ക്കാ​തി​രു​ന്നാൽ ഞാൻ അദ്ദേഹത്തെ കുറ്റ​പ്പെ​ടു​ത്തു​ക​യും ചെയ്യു​മാ​യി​രു​ന്നു. ജയ്‌സൻ പക്വത​യോ​ടും സ്‌നേ​ഹ​ത്തോ​ടും​കൂ​ടി കാര്യങ്ങൾ കൈകാ​ര്യം ചെയ്‌തി​ല്ലാ​യി​രു​ന്നെ​ങ്കിൽ, എന്റെ പ്രസവാ​നന്തര വിഷാദം ഒരുപക്ഷേ ഞങ്ങളുടെ ദാമ്പത്യ​ത്തെ തകർച്ച​യിൽ കൊ​ണ്ടെ​ത്തി​ച്ചേനെ. എന്റെ അവസ്ഥ ജയ്‌സനെ എങ്ങനെ ബാധി​ച്ചു​വെന്ന്‌ ഏറ്റവും നന്നായി വിവരി​ക്കാൻ കഴിയു​ന്നത്‌ ഒരുപക്ഷേ അദ്ദേഹ​ത്തി​നാ​യി​രി​ക്കും.

എന്റെ അവസ്ഥ ഭർത്താ​വി​നെ എങ്ങനെ ബാധി​ച്ചു​വെന്ന്‌ അദ്ദേഹം പറയുന്നു

“ജനെലിന്‌ എന്താണു സംഭവി​ക്കു​ന്ന​തെന്ന്‌ ആദ്യ​മൊ​ന്നും എനിക്കു മനസ്സി​ലാ​യില്ല. അവളുടെ ആ പഴയ സന്തോഷം നിറഞ്ഞ, തുറന്നി​ട​പെ​ടുന്ന പ്രകൃതം പാടേ മാറി. അവൾ തികച്ചും മറ്റൊരു വ്യക്തിയെ പോലെ പെരു​മാ​റാൻ തുടങ്ങി. ഞാൻ എന്തു പറഞ്ഞാ​ലും അതു വ്യക്തി​പ​ര​മായ വിമർശ​ന​മാ​യി അവൾ കണക്കാ​ക്കാൻ തുടങ്ങി. എന്തിന്‌, ഞാൻ അവളുടെ ജോലി​ഭാ​രം കുറയ്‌ക്കാൻ ശ്രമി​ച്ച​പ്പോൾ അവൾക്ക്‌ എന്നോടു നീരസം തോന്നി. ഈ സ്വഭാ​വ​മൊന്ന്‌ മാറ്റി സ്വന്തം വികാ​ര​ങ്ങളെ നിയ​ന്ത്രി​ക്കാൻ പഠിക്ക്‌ എന്നു പറയാൻ എനിക്കു തോന്നി​യ​താണ്‌. പക്ഷേ, അങ്ങനെ പ്രതി​ക​രി​ക്കു​ന്നത്‌ കാര്യ​ങ്ങളെ ഒന്നുകൂ​ടി വഷളാ​ക്കു​കയേ ഉള്ളൂ എന്നു ഞാൻ തിരി​ച്ച​റി​ഞ്ഞു.

“ഞങ്ങളുടെ ബന്ധം നിരന്തര സമ്മർദ​ത്തിൻ കീഴി​ലാ​യി​രു​ന്നു. ലോകം മുഴുവൻ തനി​ക്കെ​തി​രെ തിരി​ഞ്ഞി​രി​ക്കു​ക​യാ​ണെന്ന്‌ ജനെൽ ചിന്തി​ക്കു​ന്ന​താ​യി തോന്നി. പ്രസവാ​നന്തര വിഷാ​ദ​ത്തി​ന്റെ ഫലമായി സമാന​മായ ലക്ഷണങ്ങൾ കാണിച്ച മറ്റു സ്‌ത്രീ​കളെ കുറിച്ചു ഞാൻ കേട്ടി​രു​ന്നു. അതു​കൊണ്ട്‌, ജനെലി​ന്റെ പ്രശ്‌ന​വും അതുത​ന്നെ​യാ​യി​രി​ക്കാ​മെന്നു സംശയം തോന്നി​യ​തു​കൊണ്ട്‌ ഞാൻ ആ വിഷയത്തെ കുറിച്ച്‌ കിട്ടാ​വു​ന്നി​ട​ത്തോ​ളം വിവരങ്ങൾ വായി​ക്കാൻ തുടങ്ങി. വായിച്ച കാര്യങ്ങൾ എന്റെ സംശയ​ങ്ങളെ സ്ഥിരീ​ക​രി​ച്ചു. ജനെലി​ന്റെ പ്രശ്‌ന​ത്തിന്‌ അവളല്ല കാരണ​ക്കാ​രി​യെ​ന്നും, അതായത്‌ അത്‌ അവളുടെ ഭാഗത്തെ അവഗണ​ന​യു​ടെ ഫലമ​ല്ലെ​ന്നും, ഞാൻ മനസ്സി​ലാ​ക്കി.

“അവൾക്കും കുട്ടി​കൾക്കും കൂടു​ത​ലായ ശ്രദ്ധ കൊടു​ക്കേണ്ടി വന്നത്‌ എന്നെ വൈകാ​രി​ക​മാ​യും ശാരീ​രി​ക​മാ​യും തളർത്തി എന്നു സമ്മതി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. രണ്ടു കൊല്ലം ലൗകിക ജോലി​യും ഒരു സഭാ മൂപ്പൻ, ഭർത്താവ്‌, പിതാവ്‌ എന്നീ നിലക​ളി​ലുള്ള ഉത്തരവാ​ദി​ത്വ​ങ്ങ​ളും ഒരുമി​ച്ചു കൊണ്ടു​പോ​കാൻ എനിക്കു നന്നേ പാടു​പെ​ടേണ്ടി വന്നു. വൈകു​ന്നേ​ര​ങ്ങ​ളിൽ, പ്രത്യേ​കി​ച്ചും ക്രിസ്‌തീയ യോഗ​ങ്ങ​ളുള്ള ദിവസ​ങ്ങ​ളിൽ, വീട്ടിൽ നേരത്തേ എത്താൻ തക്കവണ്ണം ലൗകിക ജോലി എനിക്കു ക്രമീ​ക​രി​ക്കാൻ കഴിഞ്ഞതു സഹായ​മാ​യി, അത്താഴം തയ്യാറാ​ക്കാ​നും കുട്ടി​കളെ ഒരുക്കാ​നു​മൊ​ക്കെ ജനെലിന്‌ എന്റെ സഹായം ആവശ്യ​മാ​യി​രു​ന്നു. അങ്ങനെ ഞങ്ങൾക്ക്‌ എല്ലാവർക്കും യോഗ​ങ്ങ​ളിൽ സംബന്ധി​ക്കാൻ കഴിഞ്ഞു.”

സുഖ​പ്പെ​ട​ലി​ലേ​ക്കുള്ള എന്റെ പാത

ഭർത്താ​വി​ന്റെ സ്‌നേ​ഹ​പു​ര​സ്സ​ര​മായ പിന്തു​ണ​യി​ല്ലാ​യി​രു​ന്നെ​ങ്കിൽ ഞാൻ ഒരിക്ക​ലും ഇത്ര വേഗം സുഖം പ്രാപി​ക്കു​മാ​യി​രു​ന്നില്ല. ഞാൻ എന്റെ ഭയാശ​ങ്ക​ക​ളു​ടെ കെട്ടഴി​ച്ച​പ്പോൾ ജയ്‌സൻ അതു ക്ഷമയോ​ടെ കേട്ടി​രു​ന്നു. വികാ​രങ്ങൾ ഉള്ളിൽ ഒതുക്കി​വെ​ക്കാ​തി​രി​ക്കു​ന്നത്‌ വളരെ പ്രധാ​ന​മാ​ണെന്ന്‌ ഞാൻ കണ്ടെത്തി. ചില​പ്പോ​ഴൊ​ക്കെ, ഞാൻ കോപി​ച്ചു സംസാ​രി​ക്കുക പോലും ചെയ്‌തു. എന്നാൽ, എന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും ഈ അനുഭ​വ​ത്തി​ലൂ​ടെ കടന്നു​പോ​കവേ എന്നോ​ടൊ​പ്പം താനു​മു​ണ്ടെ​ന്നും ജയ്‌സൻ എനിക്കു നിരന്തരം ഉറപ്പു​നൽകി. കാര്യ​ങ്ങ​ളു​ടെ നല്ല വശങ്ങൾ കാണാൻ എന്നെ സഹായി​ക്കു​ന്ന​തിന്‌ അദ്ദേഹം എല്ലായ്‌പോ​ഴും ശ്രമിച്ചു. ദേഷ്യ​ത്തി​ന്റെ പുറത്തു പറഞ്ഞു​പോയ വാക്കു​കൾക്കു വേണ്ടി ഞാൻ പിന്നീട്‌ ക്ഷമ ചോദി​ക്കു​മാ​യി​രു​ന്നു. ഞാൻ അങ്ങനെ സംസാ​രി​ക്കാൻ കാരണം രോഗ​മാ​ണെ​ന്നും അത്‌ എന്റെ കുഴപ്പം അല്ലെന്നും പറഞ്ഞ്‌ അദ്ദേഹം എന്നെ സമാധാ​നി​പ്പി​ക്കു​മാ​യി​രു​ന്നു. ഇപ്പോൾ തിരി​ഞ്ഞു​നോ​ക്കു​മ്പോൾ അദ്ദേഹ​ത്തി​ന്റെ ആ കരുത​ലുള്ള വാക്കുകൾ എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം എത്ര പ്രധാ​ന​മാ​യി​രു​ന്നു എന്ന്‌ ഞാൻ മനസ്സി​ലാ​ക്കു​ന്നു.

ഒടുവിൽ, ഞങ്ങൾ വളരെ ദയാലു​വായ ഒരു ഡോക്ടറെ കണ്ടെത്തി. സമയ​മെ​ടുത്ത്‌ എന്റെ പ്രശ്‌നങ്ങൾ ശ്രദ്ധിച്ചു കേട്ട അദ്ദേഹം എനിക്കു പ്രസവാ​നന്തര വിഷാ​ദ​മാ​ണെന്നു വിധി​യെ​ഴു​തി. എനിക്കു കൂടെ​ക്കൂ​ടെ ഉണ്ടാകാ​റു​ണ്ടാ​യി​രുന്ന കലശലായ ഉത്‌ക​ണ്‌ഠയെ നിയ​ന്ത്രി​ക്കു​ന്ന​തി​നുള്ള മരുന്നു​കൾ ഉൾപ്പെട്ട ഒരു ചികി​ത്സാ​വി​ധി അദ്ദേഹം നിർദേ​ശി​ച്ചു. ഒരു മാനസി​കാ​രോ​ഗ്യ വിദഗ്‌ധന്റെ സഹായം തേടാ​നും അദ്ദേഹം പ്രോ​ത്സാ​ഹി​പ്പി​ച്ചു. കൂടാതെ, പതിവാ​യി വ്യായാ​മം ചെയ്യാൻ അദ്ദേഹം എന്നോടു പറഞ്ഞു. വിഷാ​ദത്തെ ചെറു​ക്കാൻ പലരെ​യും സഹായി​ച്ചി​ട്ടുള്ള ഒരു ചികി​ത്സാ​രീ​തി​യാണ്‌ വ്യായാ​മം.

സുഖ​പ്പെ​ട​ലി​ലേ​ക്കുള്ള എന്റെ പാതയി​ലെ ഏറ്റവും വലിയ വിലങ്ങു​ത​ടി​ക​ളി​ലൊന്ന്‌ പ്രസവാ​നന്തര വിഷാ​ദ​വു​മാ​യി ബന്ധപ്പെട്ട നാണ​ക്കേ​ടി​നെ തരണം ചെയ്യു​ന്ന​താ​യി​രു​ന്നു. തങ്ങൾക്കു മനസ്സി​ലാ​ക്കാൻ കഴിയാത്ത ഒരു രോഗ​മുള്ള ഒരാ​ളോ​ടു സമാനു​ഭാ​വം കാട്ടാൻ ആളുകൾക്കു പലപ്പോ​ഴും ബുദ്ധി​മുട്ട്‌ തോന്നു​ന്നു. പ്രസവാ​നന്തര വിഷാദം, ഒടിഞ്ഞ കാലോ മറ്റോ പോലെ മറ്റുള്ള​വർക്കു കണ്ട്‌ സഹതാപം പ്രകട​മാ​ക്കാൻ കഴിയുന്ന ഒന്നല്ല. എങ്കിലും എന്റെ കുടും​ബാം​ഗ​ങ്ങ​ളും അടുത്ത സുഹൃ​ത്തു​ക്ക​ളും വളരെ​യ​ധി​കം പിന്തു​ണ​യും സഹാനു​ഭൂ​തി​യും പ്രകട​മാ​ക്കി.

കുടും​ബ​ത്തിൽനി​ന്നും സുഹൃ​ത്തു​ക്ക​ളിൽനി​ന്നു​മുള്ള സ്‌നേ​ഹ​പൂർവ​ക​മായ സഹായം

വിഷമം​പി​ടിച്ച ഈ കാലയ​ള​വിൽ എന്റെ അമ്മ ചെയ്‌തു​തന്ന സഹായം ജയ്‌സ​നും ഞാനും അങ്ങേയറ്റം വിലമ​തി​ച്ചു. ചില​പ്പോ​ഴൊ​ക്കെ, വീട്ടിലെ വൈകാ​രിക സംഘർഷ​ത്തിൽനിന്ന്‌ അദ്ദേഹ​ത്തിന്‌ അൽപ്പം വിശ്രമം ആവശ്യ​മാ​യി​രു​ന്നു. മമ്മി എല്ലായ്‌പോ​ഴും പ്രോ​ത്സാ​ഹ​ന​മേകി. എന്റെ ജോലി​യു​ടെ കുത്തക ഏറ്റെടു​ക്കാൻ മമ്മി ശ്രമി​ച്ചില്ല. പകരം എനിക്കാ​വ​ശ്യ​മായ പിന്തു​ണ​യേ​കു​ക​യും എന്നാലാ​കു​ന്നതു ചെയ്യാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്‌തു.

സഭയിലെ സുഹൃ​ത്തു​ക്ക​ളും വലിയ ഒരു സഹായ​മാ​യി. എന്നെക്കു​റിച്ച്‌ ഓർക്കു​ന്നു​വെന്നു പറഞ്ഞ്‌ പലരും ചെറിയ കുറി​പ്പു​കൾ എനി​ക്കെ​ഴു​തി. ആ ദയാ​പ്ര​ക​ട​നങ്ങൾ എനിക്ക്‌ എത്ര വില​പ്പെ​ട്ട​താ​യി​രു​ന്നു​വെ​ന്നോ! ഫോണി​ലൂ​ടെ​യാ​യാ​ലും നേരിട്ടു കാണു​മ്പോ​ഴാ​യാ​ലും ആളുക​ളോ​ടു സംസാ​രി​ക്കാൻ എനിക്കു ബുദ്ധി​മു​ട്ടാ​യി​രു​ന്ന​തി​നാൽ പ്രത്യേ​കി​ച്ചും. യോഗ​ങ്ങൾക്കു മുമ്പും ശേഷവും സഹക്രി​സ്‌ത്യാ​നി​ക​ളു​മാ​യി സഹവസി​ക്കാൻ പോലും എനിക്കു ബുദ്ധി​മുട്ട്‌ അനുഭ​വ​പ്പെട്ടു. അതു​കൊണ്ട്‌ ഞങ്ങൾക്ക്‌ എഴുതു​ന്ന​തി​ലൂ​ടെ ഞങ്ങളുടെ സുഹൃ​ത്തു​ക്കൾ, വിഷാദം എന്റെമേൽ അടി​ച്ചേൽപ്പിച്ച പരിമി​തി​കളെ കുറിച്ച്‌ തങ്ങൾക്ക​റി​യാ​മെന്നു മാത്രമല്ല, എന്നോ​ടും കുടും​ബ​ത്തോ​ടും തങ്ങൾക്കു സ്‌നേ​ഹ​വും കരുത​ലും ഉണ്ടെന്നും പ്രകട​മാ​ക്കി.

ഇത്‌ ഒരു ജീവപ​ര്യന്ത തടവല്ല!

എന്റെ സ്ഥിതി ഇപ്പോൾ വളരെ​യേറെ മെച്ച​പ്പെ​ട്ടി​രി​ക്കു​ന്നു—അതിനു ഞാൻ എന്റെ ഡോക്ട​റോ​ടും വളരെ​യ​ധി​കം പിന്തുണ നൽകിയ എന്റെ കുടും​ബ​ത്തോ​ടും സഹാനു​ഭൂ​തി​യുള്ള സുഹൃ​ത്തു​ക്ക​ളോ​ടും കടപ്പെ​ട്ടി​രി​ക്കു​ന്നു. ഞാൻ ഇപ്പോ​ഴും പതിവാ​യി വ്യായാ​മം ചെയ്യു​ന്നുണ്ട്‌, ക്ഷീണമു​ള്ള​പ്പോൾ പോലും. കാരണം വിഷാ​ദ​ത്തിൽനി​ന്നു കരകയ​റാൻ അത്‌ എന്നെ സഹായി​ച്ചി​രി​ക്കു​ന്നു. മറ്റുള്ളവർ നൽകുന്ന പ്രോ​ത്സാ​ഹ​ന​ത്തോട്‌ അനുകൂ​ല​മാ​യി പ്രതി​ക​രി​ക്കാ​നും ഞാൻ ശ്രമി​ക്കു​ന്നു. ബുദ്ധി​മു​ട്ടു തോന്നുന്ന സമയങ്ങ​ളിൽ ഞാൻ ബൈബി​ളി​ന്റെ ഓഡി​യോ കാസെ​റ്റു​ക​ളും രാജ്യ​സം​ഗീ​ത​വും—യഹോ​വ​യു​ടെ സാക്ഷികൾ തയ്യാറാ​ക്കിയ, ആത്മീയ​വും വൈകാ​രി​ക​വും ആയി ഉന്നമി​പ്പി​ക്കുന്ന സംഗീതം—ശ്രവി​ക്കു​ന്നു. ഈ ഉത്തമ കരുത​ലു​കൾ ആത്മീയ​മാ​യി ശക്തി പ്രാപി​ക്കാ​നും എപ്പോ​ഴും ക്രിയാ​ത്മ​ക​മായ കാര്യങ്ങൾ ചിന്തി​ക്കാ​നും എന്നെ സഹായി​ക്കു​ന്നു. അടുത്ത​യി​ടെ ഞാൻ വീണ്ടും സഭാ​യോ​ഗ​ങ്ങ​ളിൽ ബൈബി​ള​ധി​ഷ്‌ഠിത വിദ്യാർഥി പ്രസം​ഗങ്ങൾ നടത്താൻ പോലും തുടങ്ങി.

ഭർത്താ​വി​നെ​യും കുട്ടി​ക​ളെ​യും മറ്റുള്ള​വ​രെ​യും കൂടുതൽ നന്നായി സ്‌നേ​ഹി​ക്കാ​നും ആ സ്‌നേഹം പ്രകടി​പ്പി​ക്കാ​നും പറ്റിയ ഒരു സ്ഥിതി​യിൽ എത്താൻ എനിക്ക്‌ രണ്ടര വർഷത്തി​ല​ധി​കം വേണ്ടി​വന്നു. ഇത്‌ എന്റെ കുടും​ബത്തെ സംബന്ധി​ച്ചി​ട​ത്തോ​ളം ബുദ്ധി​മു​ട്ടു പിടിച്ച ഒരു കാലഘട്ടം ആയിരു​ന്നെ​ങ്കി​ലും, ഞങ്ങളുടെ ബന്ധം ഇപ്പോൾ മുമ്പെ​ന്ന​ത്തേ​തി​ലും ശക്തമാ​യി​ത്തീർന്നി​രി​ക്കു​ന്ന​താ​യി ഞങ്ങൾക്കു തോന്നു​ന്നു. എന്റെ വിഷാ​ദ​ത്തി​ന്റെ മൂർധന്യ ഘട്ടങ്ങൾ സഹിച്ചു​നി​ന്നു​കൊ​ണ്ടും ആവശ്യ​മാ​യി​രു​ന്ന​പ്പോ​ഴൊ​ക്കെ എനിക്കു പിന്തു​ണ​യും സഹായ​വും നൽകാൻ അടുക്കൽ ഉണ്ടായി​രു​ന്നു​കൊ​ണ്ടും എന്നോ​ടുള്ള സ്‌നേഹം വളരെ നന്നായി മാറ്റു​രച്ചു തെളി​യിച്ച ജയ്‌സ​നോട്‌ ഞാൻ പ്രത്യേ​കി​ച്ചും നന്ദിയു​ള്ള​വ​ളാണ്‌. എല്ലാറ്റി​നു​മു​പരി, ഞങ്ങൾ ഇരുവ​രും ഇപ്പോൾ, പരി​ശോ​ധ​ന​ക​ളു​ടെ സമയത്ത്‌ ഞങ്ങളെ ശരിക്കും ശക്തീക​രിച്ച യഹോ​വ​യു​മാ​യി മുമ്പ​ത്തേ​തി​ലും വളരെ അടുത്ത ഒരു ബന്ധം ആസ്വദി​ക്കു​ന്നു.

ഇപ്പോ​ഴും ചില ദിവസ​ങ്ങ​ളിൽ ഞാൻ വിഷാ​ദ​ത്തി​ന്റെ പിടി​യി​ലേക്കു വഴുതി​വീ​ഴാ​റുണ്ട്‌. എന്നാൽ എന്റെ കുടും​ബ​ത്തി​ന്റെ​യും ഡോക്ട​റു​ടെ​യും സഭയു​ടെ​യും യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാ​വി​ന്റെ​യും സഹായ​ത്താൽ, പ്രത്യാ​ശ​യു​ടെ കിരണം കൂടുതൽ ശോഭ​ന​മാ​കു​ന്ന​താ​യി ഞാൻ കാണുന്നു. പ്രസവാ​നന്തര വിഷാദം ഒരു ജീവപ​ര്യന്ത തടവല്ല. അതു നമുക്കു തോൽപ്പി​ച്ചു കീഴട​ക്കാ​നാ​വുന്ന ഒരു ശത്രു​വാണ്‌.—ജനെൽ മാർഷൽ പറഞ്ഞ പ്രകാരം. (g02 7/22)

[20-ാം പേജിലെ ചതുരം/ചിത്രം]

പ്രസവാനന്തര വിഷാ​ദ​ത്തിന്‌ ഇടയാ​ക്കി​യേ​ക്കാ​വുന്ന ഘടകങ്ങൾ

ഹോർമോൺ മാറ്റങ്ങൾക്കു പുറമേ, മറ്റു പല ഘടകങ്ങ​ളും ചില​പ്പോൾ പ്രസവാ​നന്തര വിഷാ​ദ​ത്തി​നു കാരണ​മാ​യേ​ക്കാം. അവയിൽ ചിലത്‌ ചുവടെ കൊടു​ക്കു​ന്നു:

1. മാതൃ​ത്വം സംബന്ധിച്ച്‌ ഒരു സ്‌ത്രീ​ക്കു വ്യക്തി​പ​ര​മാ​യി ഉള്ള ധാരണകൾ. അത്‌ ഒരുപക്ഷേ അസന്തു​ഷ്ട​മായ ഒരു ബാല്യ​കാ​ല​വും അച്ഛനമ്മ​മാ​രു​മാ​യുള്ള മോശ​മായ ബന്ധങ്ങളും സമ്മാനി​ച്ച​താ​കാം.

2. സമൂഹം അമ്മമാ​രു​ടെ​മേൽ അടി​ച്ചേൽപ്പി​ക്കുന്ന അയഥാർഥ​മായ പ്രതീ​ക്ഷകൾ.

3. കുടും​ബ​ത്തിൽ ആർക്കെ​ങ്കി​ലും വിഷാ​ദാ​വസ്ഥ ഉണ്ടായി​ട്ടുള്ള ചരിത്രം.

4. ദാമ്പത്യ അസന്തു​ഷ്ടി​യും അടുത്ത​തോ അകന്നതോ ആയ കുടും​ബാം​ഗ​ങ്ങ​ളിൽ നിന്നുള്ള പിന്തു​ണ​യു​ടെ അഭാവ​വും.

5. തന്നെക്കു​റി​ച്ചു​ത​ന്നെ​യുള്ള മോശ​മായ ധാരണ.

6. കൊച്ചു​കു​ട്ടി​കളെ മുഴു​സ​മയം പരിപാ​ലി​ക്കു​ന്ന​തി​ന്റെ ബുദ്ധി​മുട്ട്‌.

തീർച്ച​യാ​യും, ഈ പട്ടിക​യിൽ എല്ലാ ഘടകങ്ങ​ളും ഉൾക്കൊ​ള്ളു​ന്നില്ല. പ്രസവാ​നന്തര വിഷാ​ദ​ത്തിന്‌ ഇടയാ​ക്കി​യേ​ക്കാ​വുന്ന വേറെ​യും ഘടകങ്ങ​ളുണ്ട്‌. വാസ്‌ത​വ​ത്തിൽ, അതിന്റെ കാരണങ്ങൾ ഇനിയും പൂർണ​മാ​യി മനസ്സി​ലാ​ക്കാൻ കഴിഞ്ഞി​ട്ടില്ല.

[21-ാം പേജിലെ ചതുരം]

പ്രസവാനന്തരമുള്ള വെറും ഭാവമാ​റ്റ​ങ്ങ​ളല്ല

പ്രസവാ​നന്തര വിഷാദം പ്രസവ​ശേഷം സാധാരണ ഉണ്ടാകാ​റുള്ള ഭാവമാ​റ്റങ്ങൾ ആണെന്നു ധരിക്ക​രുത്‌. ഡോ. ലോറ ജെ. മില്ലർ പറയുന്നു: “പ്രസവാ​നന്തര ഭാവമാ​റ്റ​ങ്ങ​ളിൽ ഏറ്റവും സാധാ​രണം ‘ബേബി ബ്ലൂസ്‌’ എന്ന്‌ അറിയ​പ്പെ​ടു​ന്ന​താണ്‌. . . . പ്രസവി​ക്കുന്ന 50 ശതമാ​ന​ത്തോ​ളം സ്‌ത്രീ​കൾ കരയി​ക്കുന്ന, വൈകാ​രി​ക​മാ​യി അസ്ഥിര​മായ (മാറ്റം​വ​രാ​വു​ന്നത്‌ എന്ന്‌ അർഥം) ഈ അവസ്ഥ അനുഭ​വി​ക്കു​ന്നു. സാധാ​ര​ണ​ഗ​തി​യിൽ പ്രസവം കഴിഞ്ഞ്‌ മൂന്നാ​മത്തെ ദിവസ​ത്തി​നും അഞ്ചാമത്തെ ദിവസ​ത്തി​നും ഇടയ്‌ക്ക്‌ അത്‌ മൂർധ​ന്യാ​വ​സ്ഥ​യിൽ എത്തുക​യും തുടർന്ന്‌ ഒന്നും ചെയ്യാ​തെ​തന്നെ ഏതാനും ആഴ്‌ച​കൾക്കു​ള്ളിൽ ക്രമേണ അപ്രത്യ​ക്ഷ​മാ​കു​ക​യും ചെയ്യുന്നു.” പ്രസവ​ശേഷം സ്‌ത്രീ​യു​ടെ ഹോർമോ​ണി​ന്റെ അളവിൽ ഉണ്ടാകുന്ന വ്യത്യാ​സ​മാ​യി​രി​ക്കാം ഒരുപക്ഷേ ഈ ഭാവമാ​റ്റ​ത്തി​നു കാരണം എന്ന്‌ ഗവേഷകർ സൂചി​പ്പി​ക്കു​ന്നു.

“ബേബി ബ്ലൂസി”ൽനിന്നു വ്യത്യ​സ്‌ത​മാ​യി, നീണ്ടു​നിൽക്കുന്ന വിഷാ​ദ​വി​കാ​രങ്ങൾ ഉൾപ്പെട്ട ഒന്നാണ്‌ പ്രസവാ​നന്തര വിഷാദം. ഇത്‌ കുഞ്ഞിന്റെ ജനന​ത്തോ​ടെ​യോ ആഴ്‌ചകൾ അല്ലെങ്കിൽ മാസങ്ങൾ പോലും കഴിഞ്ഞോ ആയിരി​ക്കാം തുടങ്ങു​ന്നത്‌. ഈ അവസ്ഥയ്‌ക്കു വിധേ​യ​യാ​കുന്ന ഒരു അമ്മ ഒരു നിമിഷം ആഹ്ലാദ​ഭ​രി​ത​യാ​ണെ​ങ്കിൽ അടുത്ത നിമിഷം അവൾ വിഷാ​ദ​ത്തി​ലേക്ക്‌, എന്തിന്‌ ആത്മഹത്യാ ചിന്തയി​ലേക്കു പോലും, വഴുതി വീഴുന്നു. കൂടാതെ അവൾക്ക്‌ ഈർഷ്യ​യും അമർഷ​വും ദേഷ്യ​വും തോന്നി​യേ​ക്കാം. ഒരു അമ്മയെന്ന നിലയിൽ താൻ തികച്ചും അപര്യാ​പ്‌ത​യാണ്‌ എന്ന തോന്നൽ അവളെ വിടാതെ പിന്തു​ടർന്നേ​ക്കാം. മാത്രമല്ല അവൾക്ക്‌ കുഞ്ഞി​നോ​ടു സ്‌നേഹം തോന്നാ​തി​രി​ക്കു​ക​യും ചെയ്‌തേ​ക്കാം. ഡോ. മില്ലർ പറയുന്നു: “വിഷാദം ഉള്ളതായി വൈദ്യ​പ​രി​ശോ​ധ​ന​യിൽ തെളിഞ്ഞ ചില അമ്മമാർക്ക്‌ കുഞ്ഞു​ങ്ങ​ളോ​ടു തങ്ങൾക്കു സ്‌നേ​ഹ​മു​ണ്ടെന്ന്‌ ഉള്ളിൽ അറിയാം. എന്നാൽ അവർക്കു വികാ​ര​ശൂ​ന്യ​ത​യോ ഈർഷ്യ​യോ വെറു​പ്പോ അല്ലാതെ മറ്റൊ​ന്നും തോന്നു​ന്നി​ല്ലെന്നു മാത്രം. മറ്റു ചിലരിൽ കുഞ്ഞു​ങ്ങളെ ദ്രോ​ഹി​ക്കാ​നോ എന്തിന്‌ കൊല്ലാൻ പോലു​മോ ഉള്ള ചിന്ത ഉടലെ​ടു​ക്കു​ന്നു.”

പ്രസവാ​നന്തര വിഷാദം എന്ന പ്രതി​ഭാ​സ​ത്തിന്‌ ഒരു നീണ്ട ചരി​ത്ര​മുണ്ട്‌. പ്രസവ​ശേഷം ചില സ്‌ത്രീ​കൾക്കു​ണ്ടായ മനഃശാ​സ്‌ത്ര​പ​ര​മായ വലിയ മാറ്റങ്ങളെ കുറിച്ച്‌ പൊ.യു.മു. നാലാം നൂറ്റാ​ണ്ടിൽത്തന്നെ ഗ്രീക്ക്‌ വൈദ്യ​നായ ഹിപ്പോ​ക്രാ​റ്റിസ്‌ വിവരി​ക്കു​ക​യു​ണ്ടാ​യി. ബ്രസീ​ലി​യൻ ജേർണൽ ഓഫ്‌ മെഡിക്കൽ ആൻഡ്‌ ബയോ​ള​ജി​ക്കൽ റിസേർച്ചിൽ പ്രസി​ദ്ധീ​ക​രി​ക്ക​പ്പെട്ട ഒരു പഠന റിപ്പോർട്ട്‌ ഇങ്ങനെ വിശദീ​ക​രി​ച്ചു: “പല രാജ്യ​ങ്ങ​ളി​ലെ​യും 10 മുതൽ 15 വരെ ശതമാനം അമ്മമാരെ ബാധി​ക്കുന്ന ഒരു ഗുരു​ത​ര​മായ പ്രശ്‌ന​മാണ്‌ പ്രസവാ​നന്തര വിഷാദം.” എന്നിരു​ന്നാ​ലും, സങ്കടക​ര​മെന്നു പറയട്ടെ, “അത്തരം വിഷാദം അനുഭ​വി​ക്കുന്ന മിക്കവ​രി​ലും ഈ അവസ്ഥ കൃത്യ​മാ​യി രോഗ​നിർണയം ചെയ്യ​പ്പെ​ടു​ക​യോ അതിന്‌ അവർക്കു ശരിയായ ചികിത്സ ലഭിക്കു​ക​യോ ചെയ്യു​ന്നില്ല” എന്ന്‌ ആ ജേർണൽ പറഞ്ഞു.

പ്രസവ​ശേഷം ഉണ്ടാകുന്ന അത്ര സാധാ​ര​ണ​മ​ല്ലാ​ത്ത​തും എന്നാൽ ഏറെ ഗുരു​ത​ര​വു​മായ ഒരു തകരാ​റാണ്‌ പ്രസവാ​നന്തര ബുദ്ധി​ഭ്രമം. ഈ അവസ്ഥ ഉണ്ടാകു​ന്ന​വർക്ക്‌ യഥാർഥ​ത്തിൽ ഇല്ലാത്ത എന്തെങ്കി​ലും കാണു​ക​യോ കേൾക്കു​ക​യോ ചെയ്യു​ന്ന​താ​യി തോന്നു​ക​യും യാഥാർഥ്യ​വു​മാ​യുള്ള ബന്ധം നഷ്ടപ്പെ​ടു​ക​യും ചെയ്യുന്നു. എങ്കിലും അവർക്ക്‌ ഇടവി​ട്ടുള്ള കാലയ​ള​വിൽ—ഏതാനും മണിക്കൂ​റു​ക​ളോ ദിവസ​ങ്ങ​ളോ—യുക്തി​സ​ഹ​മാ​യി ചിന്തി​ക്കാൻ കഴി​ഞ്ഞെ​ന്നു​വ​രാം. ഈ ബുദ്ധി​ഭ്ര​മ​ത്തി​ന്റെ കാരണങ്ങൾ ഇന്നും വ്യക്തമല്ല. എന്നാൽ “ജനിതക ദൗർബ​ല്യം—ഒരുപക്ഷേ ഹോർമോൺ മാറ്റങ്ങൾ അതിനു തിരി​കൊ​ളു​ത്തി​യേ​ക്കാം—ഏറ്റവും സ്വാധീ​നം ചെലു​ത്തുന്ന ഘടകമാ​യി തോന്നു​ന്നു” എന്ന്‌ ഡോ. മില്ലർ പറയുന്നു. ഒരു മികച്ച ഡോക്ടർക്ക്‌ പ്രസവാ​നന്തര ബുദ്ധി​ഭ്ര​മ​ത്തി​നുള്ള ഫലപ്ര​ദ​മായ ചികിത്സ നൽകാൻ കഴി​ഞ്ഞേ​ക്കാം.

[22-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

സ്വയം സഹായി​ക്കാ​വുന്ന വിധം a

1. വിഷാദം വിട്ടു​മാ​റാ​തെ നിൽക്കു​ന്നെ​ങ്കിൽ വൈദ്യ സഹായം തേടുക. അത്‌ എത്ര പെട്ടെന്നു ചെയ്യു​ന്നു​വോ അത്ര പെട്ടെന്ന്‌ നിങ്ങൾക്കു സുഖം പ്രാപി​ക്കാ​നാ​കും. ഈ അവസ്ഥയെ കുറിച്ച്‌ അറിയാ​വുന്ന, സഹാനു​ഭൂ​തി​യുള്ള ഒരു ഡോക്ടറെ കണ്ടെത്തുക. പ്രസവാ​നന്തര വിഷാ​ദത്തെ കുറിച്ചു ലജ്ജിക്കാ​തി​രി​ക്കാ​നും മരുന്നു കഴി​ക്കേണ്ടി വരുന്ന​പക്ഷം സങ്കോചം തോന്നാ​തി​രി​ക്കാ​നും ശ്രമി​ക്കുക.

2. പതിവാ​യി വ്യായാ​മം ചെയ്യുക. പതിവായ വ്യായാ​മം വിഷാ​ദ​ത്തി​നുള്ള ഫലപ്ര​ദ​മായ ഒരു ചികി​ത്സ​യാ​ണെന്ന്‌ പഠനങ്ങൾ തെളി​യി​ച്ചി​രി​ക്കു​ന്നു.

3. നിങ്ങൾക്ക്‌ ഏറ്റവും അടുപ്പ​മു​ള്ള​വ​രോ​ടു നിങ്ങളു​ടെ വികാ​രങ്ങൾ തുറന്നു പറയുക. നിങ്ങ​ളെ​ത്തന്നെ ഒറ്റപ്പെ​ടു​ത്തു​ക​യോ വികാ​രങ്ങൾ ഉള്ളിൽ ഒതുക്കി​വെ​ക്കു​ക​യോ അരുത്‌.

4. വീടും കുടും​ബ​വും നോക്കുന്ന കാര്യ​ത്തിൽ നിങ്ങൾ പൂർണത കൈവ​രി​ക്കേ​ണ്ട​തി​ല്ലെന്ന്‌ ഓർമി​ക്കുക. അനിവാ​ര്യ സംഗതി​ക​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചു​കൊണ്ട്‌ ലളിത ജീവിതം നയിക്കാൻ ശ്രമി​ക്കുക.

5. ധൈര്യ​ത്തി​നും ക്ഷമയ്‌ക്കും വേണ്ടി പ്രാർഥി​ക്കുക. പ്രാർഥി​ക്കാൻ ബുദ്ധി​മു​ട്ടു തോന്നു​ന്നെ​ങ്കിൽ നിങ്ങ​ളോ​ടൊ​പ്പ​മി​രു​ന്നു പ്രാർഥി​ക്കാൻ ആരോ​ടെ​ങ്കി​ലും പറയുക. കുറ്റ​ബോ​ധ​ത്തി​ലോ എന്നെ​ക്കൊണ്ട്‌ ഒന്നിനും കൊള്ളില്ല എന്ന തോന്ന​ലി​ലോ കടിച്ചു​തൂ​ങ്ങു​ന്നെ​ങ്കിൽ സുഖ​പ്പെ​ടാൻ കാലതാ​മസം നേരി​ടു​കയേ ഉള്ളൂ.

[അടിക്കു​റിപ്പ്‌]

a ഉണരുക! ഏതെങ്കി​ലും ഒരു പ്രത്യേക ചികി​ത്സാ​രീ​തി ശുപാർശ ചെയ്യു​ന്നില്ല. സ്‌ത്രീ​കൾക്കും പുരു​ഷ​ന്മാർക്കു​മാ​യി ഈ ലേഖന​ത്തിൽ നൽകി​യി​രി​ക്കുന്ന നിർദേ​ശങ്ങൾ എല്ലാ സാഹച​ര്യ​ങ്ങ​ളും ഉൾക്കൊ​ള്ളു​ന്ന​വയല്ല. ചില ആശയങ്ങൾ ചിലരു​ടെ കാര്യ​ത്തിൽ ബാധക​മാ​യി​ല്ലെന്നു പോലും വരാം.

[23-ാം പേജിലെ ചതുരം]

പുരുഷന്മാർക്കു സഹായ​ക​മായ നിർദേ​ശ​ങ്ങൾ

1. നിങ്ങളു​ടെ ഭാര്യ​യ്‌ക്ക്‌ പ്രസവാ​നന്തര വിഷാ​ദ​മു​ണ്ടെ​ങ്കിൽ അത്‌ അവളുടെ കുറ്റമല്ല എന്നു തിരി​ച്ച​റി​യുക. അവളുടെ അവസ്ഥ നീണ്ടു​നിൽക്കുന്ന പക്ഷം, പ്രശ്‌നം മനസ്സി​ലാ​ക്കി, സഹാനു​ഭൂ​തി​യോ​ടെ ഇടപെ​ടുന്ന ഒരു ഡോക്ട​റു​ടെ സഹായം തേടു​ന്ന​തിൽ അവളു​മാ​യി സഹകരി​ക്കുക.

2. നിങ്ങളു​ടെ ഭാര്യ​യ്‌ക്കു പറയാ​നു​ള്ളത്‌ ക്ഷമയോ​ടെ കേൾക്കുക. അവളുടെ വികാ​ര​ങ്ങളെ അംഗീ​ക​രി​ക്കുക. അവളുടെ നിഷേ​ധാ​ത്മക വീക്ഷണത്തെ പ്രതി അസ്വസ്ഥ​നാ​കാ​തി​രി​ക്കുക. കാര്യ​ങ്ങ​ളു​ടെ ക്രിയാ​ത്മക വശം കാണാൻ അവളെ ദയാപൂർവം സഹായി​ക്കു​ക​യും അവളുടെ അവസ്ഥ മെച്ച​പ്പെ​ടു​മെന്നു പറഞ്ഞ്‌ അവളെ സാന്ത്വ​ന​പ്പെ​ടു​ത്തു​ക​യും ചെയ്യുക. അവൾ പറയുന്ന എല്ലാ പ്രശ്‌ന​ങ്ങ​ളും നിങ്ങൾ പരിഹ​രി​ക്കേ​ണ്ട​തു​ണ്ടെന്നു കരുത​രുത്‌. യുക്തി​സ​ഹ​മായ മറുപ​ടി​കളല്ല, സാന്ത്വനം മാത്ര​മാ​യി​രി​ക്കാം അവൾക്ക്‌ ആവശ്യം. (1 തെസ്സ​ലൊ​നീ​ക്യർ 5:14, NW) പ്രസവാ​നന്തര വിഷാ​ദ​മു​ള്ള​വർക്ക്‌ യുക്തി​സ​ഹ​മാ​യും വ്യക്തമാ​യും ചിന്തി​ക്കാൻ ബുദ്ധി​മു​ട്ടാ​യി​രി​ക്കു​മെന്ന കാര്യം ഓർമി​ക്കുക.

3. അത്യാ​വ​ശ്യ​മി​ല്ലാത്ത പ്രവർത്ത​നങ്ങൾ വെട്ടി​ച്ചു​രു​ക്കി, ഭാര്യയെ സഹായി​ക്കാൻ കൂടുതൽ സമയം കണ്ടെത്തുക. അങ്ങനെ ചെയ്യു​ന്നത്‌ അവളുടെ സുഖ​പ്പെ​ട​ലി​നെ ത്വരി​ത​പ്പെ​ടു​ത്തി​യേ​ക്കാം.

4. നിങ്ങൾക്കാ​യി കുറച്ചു സമയം മാറ്റി​വെ​ക്കു​ന്നു​വെന്ന്‌ ഉറപ്പു വരുത്തുക. ശാരീ​രി​ക​വും മാനസി​ക​വും ആത്മീയ​വു​മാ​യി നല്ല ആരോ​ഗ്യം ഉണ്ടായി​രി​ക്കു​ന്നത്‌ ഭാര്യയെ മെച്ചമാ​യി പിന്തു​ണ​യ്‌ക്കാൻ നിങ്ങളെ സഹായി​ക്കും.

5. പ്രോ​ത്സാ​ഹനം പകരുന്ന ആരെ​യെ​ങ്കി​ലും, ഒരുപക്ഷേ പ്രസവാ​നന്തര വിഷാദം മൂലം യാതന അനുഭ​വി​ച്ചി​ട്ടുള്ള ഒരു സ്‌ത്രീ​യു​ടെ ആത്മീയ പക്വത​യുള്ള ഭർത്താ​വി​നെ കണ്ടെത്തി സംസാ​രി​ക്കുക.

[23-ാം പേജിലെ ചിത്രം]

മാർഷൽ കുടും​ബം