വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംബങ്ങൾക്കുവേണ്ടി | ദാമ്പത്യം

എങ്ങനെ ക്ഷമിക്കാം?

എങ്ങനെ ക്ഷമിക്കാം?

വെല്ലുവിളി

നിങ്ങളും ഇണയും തമ്മിൽ ഒരു വാ​ക്കു​തർക്കം ഉ​ണ്ടാ​കു​മ്പോൾ, പണ്ടേ പ​രി​ഹ​രി​ച്ചു​ക​ഴിഞ്ഞ പ്ര​ശ്‌നങ്ങൾ ‘ക​ണ​ക്കു​പു​സ്‌ത​ക​ത്തിൽനിന്ന്‌’ എ​ണ്ണി​യെണ്ണി നി​ര​ത്താ​റു​ണ്ടോ? ഒരാൾക്ക്‌ അല്ലെങ്കിൽ രണ്ടു പേർക്കും എങ്ങനെ ക്ഷമിക്കണം എന്ന്‌ അ​റി​യി​ല്ലാ​ത്ത​താ​യി​രി​ക്കാം ഇതിനു കാരണം.

നിങ്ങൾക്ക്‌ അതു പ​ഠി​ച്ചെ​ടു​ക്കാൻ കഴിയും. പ​ര​സ്‌പരം ക്ഷമിക്കാൻ ഭർത്താ​വി​നും ഭാ​ര്യ​ക്കും ബു​ദ്ധി​മു​ട്ടാ​യി​രി​ക്കു​ന്നത്‌ എ​ന്തു​കൊ​ണ്ടാ​ണെന്ന്‌ ആദ്യം നോക്കാം.

എന്തുകൊണ്ട്‌ അതു സം​ഭ​വി​ക്കുന്നു?

അ​ധി​കാ​രം. ഇണയുടെ മേലുള്ള അ​ധി​കാ​രം നി​ല​നി​റു​ത്താൻവേണ്ടി ചില ഭാ​ര്യാ​ഭർത്താ​ക്കന്മാർ ക്ഷമിക്കാൻ മ​ടി​ക്കു​ന്നു. ഒരു പിണക്കം ഉണ്ടാകുന്ന സാ​ഹ​ച​ര്യ​ത്തിൽ പഴയ ഒരു സംഭവം തു​റു​പ്പു​ചീ​ട്ടാ​യി ഉ​പ​യോ​ഗി​ച്ചു​കൊണ്ട്‌ അ​ധീ​ശ​ത്വം പു​ലർത്താൻ അവർ ശ്ര​മി​ക്കു​ന്നു.

നീരസം. ക​ഴി​ഞ്ഞ​കാ​ല​മു​റി​വുകൾ ഉണങ്ങാൻ ഏറെ സമയം വേ​ണ്ടി​വ​ന്നേക്കാം. ചി​ല​പ്പോൾ ഒരു ഇണ ‘ഞാൻ ക്ഷ​മി​ച്ചി​രി​ക്കു​ന്നു’ എന്നു പ​റ​ഞ്ഞേ​ക്കാം. എന്നാൽ അ​പ്പോ​ഴും മനസ്സിൽ നീരസം ഒ​ളി​പ്പി​ച്ചു​വെ​ച്ചി​ട്ടു​ണ്ടാ​കും. ഒരുപക്ഷേ, പ​ക​രം​വീ​ട്ടാ​നുള്ള അ​വ​സ​ര​ത്തി​നായി നോ​ക്കി​യി​രി​ക്കു​ക​പോ​ലും ചെ​യ്‌തേക്കാം.

നിരാശ. ഒരു സാ​ങ്കൽപ്പി​ക​ക​ഥ​യി​ലേ​തു​പോലെ പ്ര​ണ​യാർദ്ര​മാ​യി​രി​ക്കും ജീവിതം എന്നു ചി​ന്തി​ച്ചു​കൊ​ണ്ടാണ്‌ പലരും വി​വാ​ഹ​ത്തി​ലേക്കു കാ​ലെ​ടു​ത്തു​വെ​ക്കു​ന്നത്‌. അ​തു​കൊ​ണ്ടു​തന്നെ, ഒരു അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ടാ​കു​മ്പോൾ അവർ തങ്ങളുടെ ഭാ​ഗ​ത്തു​തന്നെ ഉ​റ​ച്ചു​നിൽക്കു​കയും തന്റെ ‘സ്‌നേ​ഹ​ഭാജന’ത്തിന്‌ എന്തു പറ്റി എന്ന്‌ അ​ത്ഭു​ത​പ്പെ​ടു​ക​യും ചെ​യ്‌തേക്കാം. അ​തി​രു​കടന്ന പ്ര​തീ​ക്ഷകൾ വെ​ച്ചു​പു​ലർത്തുന്ന ഒരു വ്യക്തി മി​ക്ക​പ്പോ​ഴും ഇണയുടെ തെറ്റുകൾ ക​ണ്ടു​പി​ടി​ക്കാൻ കൂടുതൽ ചായ്‌വു കാ​ണി​ക്കും. അ​ത്ത​ര​ക്കാർക്കു ക്ഷമിക്കാൻ പ്ര​യാ​സ​മാ​യി​രി​ക്കും.

തെറ്റിദ്ധാരണ. പലരും ക്ഷമിക്കാൻ വിമുഖത കാ​ണി​ക്കു​ന്നത്‌ താഴെ പ​റ​യു​ന്ന​തു​പോ​ലെയുള്ള ചില തെ​റ്റി​ദ്ധാ​രണകൾ നി​മി​ത്ത​മാണ്‌:

ക്ഷമിച്ചാൽ, ഞാൻ തെറ്റിനെ നി​സ്സാ​രീ​ക​രി​ക്കു​ക​യാ​യി​രി​ക്കും.

ക്ഷമിച്ചാൽ, ഞാൻ ക​ഴി​ഞ്ഞ​തെല്ലാം മ​റ​ക്കേ​ണ്ടി​വരും.

ക്ഷമിച്ചാൽ, ഞാൻ അടുത്ത പ്രശ്‌നം ക്ഷ​ണി​ച്ചു​വ​രു​ത്തു​ക​യാ​യി​രി​ക്കും.

വാസ്‌തവത്തിൽ, ഇ​വ​യൊ​ന്നും അല്ല ക്ഷ​മി​ക്കു​ന്നതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. എ​ന്നി​രു​ന്നാ​ലും ക്ഷമിക്കുക എന്നത്‌ ബു​ദ്ധി​മു​ട്ടുള്ള കാ​ര്യ​മാണ്‌, പ്ര​ത്യേ​കി​ച്ചും അ​ടു​പ്പ​മുള്ള ഭാ​ര്യാ​ഭർത്താ​ക്ക​ന്മാർക്കി​ടയിൽ വ​ഴ​ക്കു​ണ്ടാ​കു​മ്പോൾ.

ഇങ്ങനെ ചെയ്‌തുനോക്കാം

ക്ഷ​മി​ക്കു​ന്നതിൽ എന്താണ്‌ ഉൾപ്പെ​ടു​ന്നത്‌ എന്നു തി​രി​ച്ച​റി​യുക. ‘ക്ഷമിക്കുക’ എന്ന വാക്ക്‌ ‘വി​ട്ടു​ക​ളയുക’ എന്ന അർഥ​ത്തി​ലും ബൈ​ബി​ളിൽ ഉ​പ​യോ​ഗി​ച്ചി​ട്ടുണ്ട്‌. പ​ല​പ്പോ​ഴും, ക്ഷമിക്കുക എന്നാൽ സം​ഭ​വി​ച്ച​തെ​ല്ലാം മറക്കണം എന്നോ തെറ്റിനെ നി​സ്സാ​രീ​ക​രി​ക്കണം എന്നോ അർഥ​മാ​ക്കു​ന്നില്ല. നി​ങ്ങ​ളു​ടെ ന​ന്മ​യ്‌ക്കും ദാ​മ്പ​ത്യ​ത്തി​നും വേണ്ടി ആ കാര്യം വി​ട്ടു​ക​ളയുക എന്നേ അതിന്‌ അർഥ​മു​ള്ളൂ.

ക്ഷമിക്കാതിരുന്നാലുള്ള പ്ര​ശ്‌നങ്ങൾ ചി​ന്തി​ക്കുക. നീരസം വെ​ച്ചു​കൊ​ണ്ടി​രു​ന്നാൽ ഉയർന്ന ര​ക്ത​സ​മ്മർദവും വി​ഷാ​ദ​രോ​ഗ​വും ഉൾപ്പെടെ ശാ​രീ​രി​കവും വൈ​കാ​രി​ക​വും ആയ വലിയ പ്ര​ശ്‌ന​ങ്ങളിൽ അതു നമ്മെ കൊ​ണ്ടെ​ത്തി​ച്ചേ​ക്കാം എന്നാണു ചില വി​ദ​ഗ്‌ധർ പ​റ​യു​ന്നത്‌. അതു ക്രമേണ നി​ങ്ങ​ളു​ടെ കു​ടും​ബ​ജീ​വി​ത​ത്തെ​പ്പോ​ലും താ​റു​മാ​റാ​ക്കും. നല്ല കാ​ര​ണ​ത്തോ​ടെ​ത​ന്നെ​യാണ്‌ ബൈബിൾ ഇങ്ങനെ പ​റ​യു​ന്നത്‌: “തമ്മിൽ ദയയും ആർദ്രാ​നു​ക​മ്പ​യും ഉ​ള്ള​വ​രാ​യി . . . അ​ന്യോ​ന്യം ഉ​ദാ​ര​മാ​യി ക്ഷ​മി​ക്കു​വിൻ.”—എഫെസ്യർ 4:32.

ക്ഷമിച്ചാലുള്ള പ്ര​യോ​ജനങ്ങൾ ചി​ന്തി​ക്കുക. ക്ഷമിക്കുന്ന ശീലം ഇ​രു​വർക്കു​മു​ണ്ടെങ്കിൽ, തെ​റ്റു​ക​ളുടെ ‘കണക്ക്‌’ സൂ​ക്ഷി​ക്കു​ന്ന​തി​നു പകരം നി​ങ്ങൾക്കും ഇ​ണ​യ്‌ക്കും തെറ്റായ ആന്തരം ഒ​ന്നു​മി​ല്ലാ​യി​രു​ന്നെന്നു തി​രി​ച്ച​റി​യാൻ എ​ളു​പ്പ​മാ​യി​രി​ക്കും. അത്‌ നീരസം കു​റ​യാ​നും സ്‌നേഹം വ​ള​രാ​നും ഇ​ട​യാ​കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കും.—ബൈ​ബിൾതത്ത്വം: കൊ​ലോ​സ്യർ 3:13.

യാഥാർഥ്യബോധമുള്ളവരായിരിക്കുക. നിങ്ങൾ വിവാഹം ക​ഴി​ച്ച​പ്പോൾ, കു​റ​വു​കൾ സ​ഹി​ത​മാണ്‌ ഇണയെ സ്വീ​ക​രി​ച്ചത്‌ എന്നു മ​ന​സ്സിൽപ്പി​ടി​ക്കു​ന്നെങ്കിൽ ക്ഷമിക്കാൻ കൂടുതൽ എ​ളു​പ്പ​മാ​യി​രി​ക്കും. ദാമ്പത്യം പ​രി​ര​ക്ഷി​ക്കാൻ സ​ഹാ​യി​ക്കുന്ന ഒരു പു​സ്‌തകം (Fighting for Your Marriage) ഇങ്ങനെ പറയുന്നു: “ല​ഭി​ക്കാ​ത്തതിൽ മാത്രം നിങ്ങൾ ശ്രദ്ധ കേ​ന്ദ്രീ​ക​രി​ച്ചാൽ, ല​ഭി​ച്ച​തെല്ലാം വേഗം മ​റ​ന്നു​പോ​കും. നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തിൽ ഇതിൽ ഏ​തി​നാണ്‌ ശ്രദ്ധ കൊ​ടു​ക്കു​ന്നത്‌?” ഓർക്കുക, നിങ്ങൾ ഉൾപ്പെടെ ആരും പൂർണരല്ല.—ബൈ​ബിൾതത്ത്വം: യാ​ക്കോബ്‌ 3:2.

ന്യായബോധമുള്ളവരായിരിക്കുക. അടുത്ത തവണ നി​ങ്ങ​ളു​ടെ ഇണ മു​റി​വേൽപ്പി​ക്കുന്ന രീ​തി​യിൽ നി​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യോ പെ​രു​മാ​റു​ക​യോ ചെ​യ്‌താൽ, സ്വയം ചോ​ദി​ക്കുക: ‘ഈ സാ​ഹ​ച​ര്യം അത്ര ഗൗ​ര​വ​മു​ള്ള​താ​ണോ? എന്നോടു ക്ഷമ പ​റ​യു​ന്ന​തു​വരെ ഞാൻ കാ​ത്തി​രി​ക്ക​ണ​മോ? സം​ഭ​വി​ച്ച​തെ​ല്ലാം വി​ട്ടു​ക​ളയാൻ എനിക്കു ക​ഴി​യു​മോ?’—ബൈ​ബിൾതത്ത്വം: 1 പ​ത്രോസ്‌ 4:8.

ആവശ്യമെങ്കിൽ, ചർച്ച ചെയ്യുക. നിങ്ങളെ വേ​ദ​നി​പ്പി​ച്ചത്‌ എ​ന്താ​ണെ​ന്നും അത്‌ എ​ന്തു​കൊ​ണ്ടാ​ണെന്നും ശാ​ന്ത​മാ​യി വി​ശ​ദീ​ക​രി​ക്കുക. നി​ങ്ങ​ളു​ടെ ഭാഗം സ​മർഥി​ക്കാ​നോ തെറ്റായ ആ​രോ​പ​ണങ്ങൾ ന​ട​ത്താ​നോ തു​നി​യ​രുത്‌. അങ്ങനെ ചെ​യ്‌താൽ, ഇണ തന്റെ ഭാഗം ന്യാ​യീ​ക​രി​ക്കാൻ ശ്ര​മി​ച്ചേക്കാം. പകരം ഇണയുടെ പ്രവൃത്തികൾ, തന്നെ എ​ത്ര​ത്തോ​ളം ബാ​ധി​ച്ചെന്നു മാത്രം പറയുക. ◼ (g13-E 09)