വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൃതജ്ഞതയോടെ സ്വീകരിക്കുക, നിറഞ്ഞ മനസ്സോടെ കൊടുക്കുക

കൃതജ്ഞതയോടെ സ്വീകരിക്കുക, നിറഞ്ഞ മനസ്സോടെ കൊടുക്കുക

കൃതജ്ഞതയോടെ സ്വീകരിക്കുക, നിറഞ്ഞ മനസ്സോടെ കൊടുക്കുക

സ്‌നേഹവാനായ നമ്മുടെ സ്വർഗീയപിതാവിന്‌, യഹോവയ്‌ക്ക്‌, നാം ഓരോരുത്തരെയുംകുറിച്ച്‌ ചിന്തയുണ്ട്‌. തന്റെ ആരാധകരെക്കുറിച്ച്‌ അവനു നല്ല കരുതലുണ്ടെന്നു ദൈവവചനം നമുക്ക്‌ ഉറപ്പുനൽകുന്നു. (1 പത്രോ. 5:7) സ്‌നേഹനിർഭരമായ ആ കരുതൽ യഹോവ വ്യത്യസ്‌ത വിധങ്ങളിൽ പ്രദർശിപ്പിക്കുന്നുണ്ട്‌. അവനെ വിശ്വസ്‌തതയോടെ സേവിക്കുന്നതിനുതകുന്ന സഹായങ്ങൾ നമുക്കു പ്രദാനംചെയ്യുക എന്നതാണ്‌ അതിലൊന്ന്‌. (യെശ. 48:17) വിശേഷിച്ചും മനസ്സുമടുപ്പിക്കുന്ന പ്രശ്‌നങ്ങളെ നാം അഭിമുഖീകരിക്കുമ്പോൾ അവൻ ലഭ്യമാക്കുന്ന സഹായം നാം സ്വീകരിക്കണമെന്ന്‌ യഹോവ ആഗ്രഹിക്കുന്നു. യഹോവയുടെ ഈ മനസ്സ്‌ മോശൈക ന്യായപ്രമാണത്തിൽ നന്നായി പ്രതിഫലിക്കുന്നത്‌ നമുക്കു കാണാനാകും.

പരദേശി, വിധവ, അനാഥർ തുടങ്ങിയ ‘ദരിദ്രർക്ക്‌’ സഹായങ്ങൾ നൽകുന്നതിനുള്ള ക്രമീകരണങ്ങൾ യഹോവ ന്യായപ്രമാണത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്‌. (ലേവ്യ. 19:9, 10; ആവ. 14:29) ചില ദൈവദാസർക്കു സഹാരാധകരുടെ സഹായം ആവശ്യമാണെന്ന്‌ യഹോവയ്‌ക്ക്‌ അറിയാം. (യാക്കോ. 1:27) അതുകൊണ്ട്‌ അത്തരം സഹായം സ്വീകരിക്കുന്നതിന്‌ യഹോവയുടെ ആരാധകരിലാരും മടിവിചാരിക്കേണ്ടതില്ല, കാരണം ആ സഹായം നൽകുന്നതിനായി അവരുടെ ഹൃദയത്തെ ഉണർത്തിയത്‌ യഹോവയാണ്‌. അതുകൊണ്ട്‌ അത്തരം സഹായം സ്വീകരിക്കുമ്പോൾപ്പോലും നാം അത്‌ നല്ല ആന്തരത്തോടെ ചെയ്യേണ്ടതുണ്ട്‌.

അതേസമയം ദൈവജനത്തിന്‌, കൊടുക്കുന്നതിനുള്ള അവസരങ്ങളുണ്ടെന്നും ബൈബിൾ ഓർമിപ്പിക്കുന്നു. യെരുശലേമിലെ ആലയത്തിൽവന്ന ‘ദരിദ്രയായ വിധവയെ’ യേശു പ്രശംസിച്ചത്‌ ഓർമയില്ലേ? (ലൂക്കോ. 21:1-4) ന്യായപ്രമാണത്തിൽ ദരിദ്രർക്കായി യഹോവ ചെയ്‌തിരുന്ന കരുതലിൽനിന്ന്‌ അവൾ പ്രയോജനം നേടിയിട്ടുണ്ടാകണം. ദരിദ്രയായിരുന്നെങ്കിലും ആ വിധവ ഇന്നും ഓർമിക്കപ്പെടുന്നത്‌ അവൾ കൊടുത്ത ആ സംഭാവനയുടെ പേരിലാണ്‌; അല്ലാതെ ഔദാര്യം കൈപ്പറ്റിയവൾ എന്ന പേരിലല്ല. കൊടുക്കാനുള്ള അവളുടെ മനോഭാവം അവൾക്കു സന്തോഷം കൈവരുത്തിയിട്ടുണ്ടാകണം. യേശു പറഞ്ഞു: “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലത്രേ.” (പ്രവൃ. 20:35) ഈ സത്യം എന്നും നിങ്ങളുടെ മനസ്സിൽ മായാതെ നിൽക്കട്ടെ! ‘കൊടുത്തുശീലിക്കുവാനും’ അതുമൂലം ഉണ്ടാകുന്ന സന്തോഷം അനുഭവിക്കാനും നിങ്ങൾക്ക്‌ എങ്ങനെ സാധിച്ചേക്കും, നമുക്കു നോക്കാം.—ലൂക്കോ. 6:38.

“ഞാൻ അവന്നു [യഹോവയ്‌ക്ക്‌] എന്തു പകരം കൊടുക്കും?”

“യഹോവ എനിക്കു ചെയ്‌ത സകല ഉപകാരങ്ങൾക്കും ഞാൻ അവന്നു എന്തു പകരം കൊടുക്കും?” സങ്കീർത്തനക്കാരൻ അത്ഭുതപ്പെട്ടു. (സങ്കീ. 116:12) അവന്‌ എന്ത്‌ ഉപകാരമാണു ലഭിച്ചത്‌? ‘കഷ്ടപ്പാടിന്റെയും സങ്കടത്തിന്റെയും’ കാലത്ത്‌ അവനെ പരിപാലിച്ചത്‌ യഹോവയാണ്‌. മാത്രമല്ല, അവന്റെ ‘പ്രാണനെ മരണത്തിൽനിന്നു രക്ഷിച്ചതും’ യഹോവതന്നെയാണ്‌. ഇതിനെല്ലാം യഹോവയ്‌ക്കു ‘പകരം കൊടുക്കാൻ’ എന്തു ചെയ്യാനാകും എന്ന്‌ അവനിപ്പോൾ ആലോചിക്കുന്നു. അവൻ പറഞ്ഞു: “ഞാൻ എന്റെ നേർച്ചകളെ അവന്റെ [യഹോവയുടെ] സകലജനവും കാൺകെ കഴിക്കും.” (സങ്കീ. 116:3, 4, 8, 10-14) യഹോവയ്‌ക്കു കൊടുത്ത വാഗ്‌ദാനങ്ങളൊക്കെയും പാലിക്കാനും അവനോടുള്ള കടപ്പാടുകൾ നിറവേറ്റാനും ദാവീദ്‌ ദൃഢചിത്തനായിരുന്നു.

നിങ്ങൾക്കും അതുതന്നെ ചെയ്യാനാകും. എന്നാൽ എങ്ങനെ? ദൈവത്തിന്റെ നിയമങ്ങളോടും തത്ത്വങ്ങളോടും ചേർച്ചയിൽ എപ്പോഴും പ്രവർത്തിച്ചുകൊണ്ട്‌. അതുകൊണ്ട്‌ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മുഖ്യസംഗതി യഹോവയുടെ ആരാധന ആയിരിക്കട്ടെ! അവന്റെ ആത്മാവിന്റെ വഴിനടത്തിപ്പിനായി എല്ലായ്‌പോഴും ചെവിയോർക്കുക! (സഭാ. 12:13; ഗലാ. 5:16-18) എന്നാൽ യഹോവ നിങ്ങൾക്കു ചെയ്‌തിരിക്കുന്ന എല്ലാ കാര്യങ്ങൾക്കുമൊത്തവണ്ണം പകരം നൽകാൻ നിങ്ങൾക്കാവില്ലെന്നതാണു വസ്‌തുത. എന്നിരുന്നാലും മുഴുഹൃദയത്തോടെ നിങ്ങൾ അവനെ സേവിക്കുമ്പോൾ അതു തീർച്ചയായും അവന്റെ ‘ഹൃദയത്തെ സന്തോഷിപ്പിക്കും’ (സദൃ. 27:11) ഈ വിധം യഹോവയെ സന്തോഷിപ്പിക്കാനാകുന്നത്‌ എത്ര വലിയൊരു പദവിയാണ്‌.

സഭയുടെ പുരോഗതിക്കായി പ്രവർത്തിക്കുക

ക്രിസ്‌തീയ സഭയിൽനിന്ന്‌ നിങ്ങൾ വളരെ പ്രയോജനം നേടിയിട്ടുണ്ടെന്നുള്ളതിന്‌ സംശയമില്ല. സമൃദ്ധമായ ആത്മീയ ഭക്ഷണമാണ്‌ യഹോവ സഭ മുഖാന്തരം നൽകുന്നത്‌. ആത്മീയ അന്ധകാരത്തിൽനിന്നും വ്യാജപഠിപ്പിക്കലുകളുടെ ബന്ധനത്തിൽനിന്നും നിങ്ങളെ മോചിപ്പിച്ച സത്യം നിങ്ങൾക്കു ലഭിച്ചതു സഭയിൽനിന്നാണ്‌. (യോഹ. 8:32) ‘വിശ്വസ്‌തനും വിവേകിയുമായ അടിമ’ ക്രമീകരിക്കുന്ന സഭായോഗങ്ങളിലൂടെയും സമ്മേളനങ്ങളിലൂടെയും കൺവെൻഷനുകളിലൂടെയും നിങ്ങൾ അമൂല്യമായ പരിജ്ഞാനം നേടിയിരിക്കുന്നു. (മത്താ. 24:45-47) അതാകട്ടെ, വേദനയും കഷ്ടപ്പാടും ഇല്ലാത്ത പറുദീസാഭൂമിയിലെ നിത്യജീവനിലേക്കു നിങ്ങളെ നയിക്കുകയും ചെയ്യും. സഭയിൽനിന്നു നിങ്ങൾക്ക്‌ ഇതുവരെ ലഭിച്ചിട്ടുള്ളതും ഇനി ലഭിക്കാനിരിക്കുന്നതുമായ പ്രയോജനങ്ങൾ നിങ്ങൾക്ക്‌ എണ്ണിത്തീർക്കാനാകുമോ? ഇതിനെല്ലാം പകരമായി നിങ്ങൾ സഭയ്‌ക്ക്‌ എന്തു നൽകും?

അപ്പൊസ്‌തലനായ പൗലോസ്‌ എഴുതി: “അവൻ മുഖേന ശരീരം മുഴുവനും വളർച്ച പ്രാപിക്കുന്നു; ശരീരം സകല സന്ധിബന്ധങ്ങളാലും വേണ്ടവിധം സംയോജിതമായിട്ട്‌ അവയവങ്ങൾ അതതിന്റെ ധർമം യഥോചിതം നിർവഹിച്ചുകൊണ്ട്‌ സ്‌നേഹത്തിൽ അഭിവൃദ്ധിപ്പെടുന്നു.” (എഫെ. 4:15, 16) അഭിഷിക്ത ക്രിസ്‌ത്യാനികൾക്കാണ്‌ ഈ തിരുവെഴുത്തു പ്രാഥമികമായി ബാധകമാകുന്നതെങ്കിലും ഇതിലെ തത്ത്വം ഇന്നത്തെ എല്ലാ ക്രിസ്‌ത്യാനികൾക്കും ബാധകമാണ്‌. അതെ, ഓരോ അംഗത്തിനും സഭയുടെ പുരോഗതിക്കും ക്ഷേമത്തിനുംവേണ്ടി പ്രവർത്തിക്കാനാകും. അത്‌ എങ്ങനെ ചെയ്യാനാകും?

എല്ലായ്‌പോഴും മറ്റുള്ളവർക്ക്‌ ആത്മീയ ഉണർവും പ്രോത്സാഹനവും പകരാൻ ആത്മാർഥമായി ശ്രമിച്ചുകൊണ്ട്‌ നമുക്കിതു ചെയ്യാനാകും. (റോമ. 14:19) സഹവിശ്വാസികളുമായുള്ള നിങ്ങളുടെ എല്ലാ ഇടപെടലുകളിലും ആത്മാവിന്റെ ഫലം ദൃശ്യമാകട്ടെ! ‘ശരീരത്തിന്റെ വളർച്ചയ്‌ക്ക്‌’ അങ്ങനെയും നമുക്കു സംഭാവന ചെയ്യാം. (ഗലാ. 5:22, 23) കൂടാതെ ‘സകലർക്കും, വിശേഷാൽ സഹവിശ്വാസികളായവർക്ക്‌’ നന്മ ചെയ്യാനുള്ള അവസരങ്ങൾക്കായും നമുക്ക്‌ നോക്കിപ്പാർത്തിരിക്കാം. (ഗലാ. 6:10; എബ്രാ. 13:16) സഭയിൽ എല്ലാവർക്കും— സഹോദരന്മാർക്കും സഹോദരിമാർക്കും, ചെറുപ്പക്കാർക്കും പ്രായമായവർക്കും—‘സ്‌നേഹത്താൽ ശരീരത്തെ അഭിവൃദ്ധിപ്പെടുന്നതിൽ’ ഒരു പങ്കു വഹിക്കാൻ കഴിയും.

ഇതുമാത്രമല്ല, നമ്മുടെ പ്രാപ്‌തികളും ഊർജവും വിഭവശേഷിയുമെല്ലാം സഭ നടത്തുന്ന ജീവരക്ഷാകരമായ ഒരു പ്രവർത്തനത്തിനായി ചെലവഴിക്കാനാകും. “സൗജന്യമായി നിങ്ങൾക്കു ലഭിച്ചു,” അതുകൊണ്ടു “സൗജന്യമായിത്തന്നെ കൊടുക്കുവിൻ,” യേശു പറഞ്ഞു. (മത്താ. 10:8) അതുകൊണ്ട്‌ അതിപ്രധാനമായ രാജ്യപ്രസംഗ-ശിഷ്യരാക്കൽ വേലയിൽ പൂർണമായും ഉൾപ്പെടുക. (മത്താ. 24:14; 28:19, 20) എന്നാൽ ഇക്കാര്യത്തിൽ നിങ്ങൾക്ക്‌ എന്തെങ്കിലും പരിമിതികൾ ഉണ്ടെങ്കിൽ, യേശു ഒരിക്കൽ പരാമർശിച്ച ആ വിധവയുടെ കാര്യമോർക്കുക. അവൾ നൽകിയ സംഭാവന തീരെ ചെറുതായിരുന്നു. എന്നിരുന്നാലും യേശു എന്താണു പറഞ്ഞത്‌? അവൾ എല്ലാവരെക്കാളും അധികം കൊടുത്തുവെന്ന്‌. തന്റെ പരിമിതമായ സാഹചര്യത്തിനുള്ളിൽനിന്നുകൊണ്ട്‌ തനിക്കുള്ളതെല്ലാം അവൾ നൽകി. —2 കൊരി. 8:1-5, 12.

നല്ല മനസ്സോടെ സ്വീകരിക്കുക

എന്നാൽ, ചിലപ്പോഴെങ്കിലും സഭയുടെ സഹായം ആവശ്യമായി വന്നേക്കാവുന്ന ഘട്ടങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായേക്കാം. ഈ വ്യവസ്ഥിതി അടിച്ചേൽപ്പിക്കുന്ന സമ്മർദങ്ങൾ താങ്ങാനാവാതെ കുഴയുമ്പോൾ, സഭയ്‌ക്ക്‌ നൽകാനാകുന്ന സഹായം സ്വീകരിക്കുന്നതിന്‌ ഒരിക്കലും മടികാണിക്കേണ്ടതില്ല. “സഭയെ മേയ്‌ക്കാൻ” യോഗ്യതയും കരുതലുമുള്ള പുരുഷന്മാരെ യഹോവ നിയമിച്ചിട്ടുണ്ട്‌. കഷ്ടങ്ങളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും കടന്നുപോകുമ്പോൾ നിങ്ങളെ സഹായിക്കാനാണ്‌ അവൻ ആ ക്രമീകരണം ചെയ്‌തിരിക്കുന്നത്‌. (പ്രവൃ. 20:28) ക്ലേശസാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ നിങ്ങളെ ആശ്വസിപ്പിക്കാനും പിന്തുണയ്‌ക്കാനും സംരക്ഷണമേകാനും മൂപ്പന്മാരും സഭയിലെ മറ്റുള്ളവരും സന്നദ്ധരാണ്‌.—ഗലാ. 6:2; 1 തെസ്സ. 5:14.

ആവശ്യമുള്ള സഹായം ലഭിക്കുമ്പോൾ നല്ല മനസ്സോടെ ആയിരിക്കണം അത്‌ എല്ലായ്‌പോഴും സ്വീകരിക്കേണ്ടത്‌, കൃതജ്ഞതാനിർഭരമായ മനസ്സോടെ. സഹവിശ്വാസികളിൽനിന്നു ലഭിക്കുന്ന ഇത്തരം സഹായത്തെ ദൈവത്തിന്റെ കൃപയായി വീക്ഷിക്കണം. (1 പത്രോ. 4:10) അതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? കാരണം, ഇക്കാര്യത്തിൽ ലോകത്തിലെ നന്ദിഹീനരായ ആളുകളെ അനുകരിക്കാൻ നാം ആഗ്രഹിക്കുന്നില്ല എന്നതുതന്നെ.

സമനിലയും ന്യായബോധവും ആവശ്യം

തിമൊഥെയൊസിനെക്കുറിച്ച്‌ പൗലോസ്‌ ഫിലിപ്പിയയിലെ സഭയ്‌ക്ക്‌ എഴുതി: “നിങ്ങളുടെ കാര്യത്തിൽ ആത്മാർഥതാത്‌പര്യം കാണിക്കുമെന്ന്‌ എനിക്ക്‌ ഉറപ്പുള്ള മറ്റൊരാൾ ഇവിടെയില്ല.” എന്നാൽ തുടർന്ന്‌ പൗലോസ്‌ എഴുതി: “മറ്റുള്ളവരെല്ലാം ക്രിസ്‌തുയേശുവിന്റെ താത്‌പര്യമല്ല, സ്വന്തം താത്‌പര്യമത്രേ അന്വേഷിക്കുന്നത്‌.” (ഫിലി. 2:20, 21) പൗലോസിന്റെ ഈ നിരീക്ഷണം നമുക്ക്‌ മനസ്സിൽപ്പിടിക്കാം, എന്നിട്ട്‌ ‘സ്വന്തം താത്‌പര്യം അന്വേഷിക്കുന്നതിൽ’ ആമഗ്നരാകുന്ന അപകടം നമുക്കെങ്ങനെ ഒഴിവാക്കാമെന്നു ചിന്തിക്കാം.

നമ്മുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനായി സഹവിശ്വാസികളോട്‌ അവരുടെ സമയവും ശ്രദ്ധയുംമറ്റും നാം ആവശ്യപ്പെടുമ്പോൾ നിർബന്ധബുദ്ധി കാണിക്കാതിരിക്കാൻ ശ്രദ്ധിക്കണം. എന്താണു കാരണം? ഇങ്ങനെയൊന്നു ചിന്തിക്കൂ: ഒരു അത്യാവശ്യസമയത്ത്‌ ഒരു സഹോദരൻ നമുക്ക്‌ കുറച്ചു പണം തന്നു സഹായിച്ചു എന്നു കരുതുക. നാം തീർച്ചയായും അദ്ദേഹത്തോട്‌ ഇക്കാര്യത്തിൽ വളരെ നന്ദിയുള്ളവരായിരിക്കും. എന്നു കരുതി ഇങ്ങനെയൊരു സഹായം ചെയ്‌തേ മതിയാകൂ എന്നു പറഞ്ഞ്‌ നാം അദ്ദേഹത്തോട്‌ എന്നെങ്കിലും നിർബന്ധം പിടിക്കുമായിരുന്നോ? തീർച്ചയായും ഇല്ല. ഏതാണ്ട്‌ ഇതിനു സമാനമാണ്‌ നമുക്കുവേണ്ടി മറ്റുള്ളവർ സമയം ചെലവഴിക്കാൻ ആവശ്യപ്പെടുന്നതും. നമ്മെ സഹായിക്കാൻ സഹോദരീസഹോദരന്മാർ എപ്പോഴും ഒരുക്കമുള്ളവരാണ്‌. എന്നിരുന്നാലും ഇക്കാര്യത്തിലും നാം സമനിലയുള്ളവർ ആയിരിക്കണം. ഇങ്ങനെ ചിന്തിച്ചാൽ മതി: ക്ലേശകാലത്ത്‌ ഒരു കൈതന്ന്‌ സഹായിക്കാൻ സഹോദരങ്ങൾ സന്നദ്ധരാകുമ്പോൾ അവർ അതു മനസ്സോടെ ആയിരിക്കണമല്ലോ ചെയ്യേണ്ടത്‌?

നമ്മെ സഹായിക്കാൻ നമ്മുടെ ക്രിസ്‌തീയ സഹോദരീസഹോദരന്മാർ എപ്പോഴും സന്നദ്ധരും മനസ്സൊരുക്കമുള്ളവരുമാണ്‌ എന്നതിനു സംശയമില്ല. എന്നിരുന്നാലും ചിലപ്പോൾ നമുക്കാവശ്യമായ സഹായം ചെയ്യാൻ അവർക്കു സാധിച്ചെന്നു വരില്ല. അങ്ങനെ സംഭവിച്ചാൽ, നിങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ എന്തുതന്നെ ആയാലും സങ്കീർത്തനക്കാരനെ പരിപാലിച്ചതുപോലെ യഹോവ നിങ്ങളെയും സഹായിക്കും. ഇക്കാര്യം എന്നും നിങ്ങളുടെ ഓർമയിൽ ഉണ്ടായിരിക്കട്ടെ.—സങ്കീ. 116:1, 2; ഫിലി. 4:10-13.

അതുകൊണ്ട്‌ യഹോവ നമുക്കുവേണ്ടി ക്രമീകരിക്കുന്ന ഏതൊരു സഹായവും, പ്രത്യേകിച്ചും പ്രതിസന്ധികളിൽ, കൃതജ്ഞതയോടെ സ്വീകരിക്കുക, അതിൽ സങ്കോചത്തിന്റെ ആവശ്യമില്ല. (സങ്കീ. 55:22) അതുതന്നെയാണ്‌ യഹോവ ആഗ്രഹിക്കുന്നതും. എന്നാൽ അതോടൊപ്പം നാം ‘സന്തോഷത്തോടെ കൊടുക്കുന്നവരായിരിക്കാനും’ യഹോവ പ്രതീക്ഷിക്കുന്നു. അതുകൊണ്ട്‌ സത്യാരാധനയെ പിന്തുണയ്‌ക്കാൻ സാധ്യമായത്‌ എല്ലാം ചെയ്യുമെന്ന്‌ ‘ഹൃദയാ നിശ്ചയിക്കുക.’ (2 കൊരി. 9:6, 7) അങ്ങനെ, കൃതജ്ഞതയോടെ സ്വീകരിക്കാനും നിറഞ്ഞ മനസ്സോടെ കൊടുക്കാനും നിങ്ങൾക്കാകട്ടെ.

[31-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

“യഹോവ എനിക്കു ചെയ്‌ത സകല ഉപകാരങ്ങൾക്കും ഞാൻ അവന്നു എന്തു പകരം കൊടുക്കും?”—സങ്കീ. 116:12

▪ ‘സകലർക്കും നന്മ ചെയ്യാനുള്ള’ അവസരങ്ങൾ സൃഷ്ടിക്കുക

▪ പ്രോത്സാഹനത്തിന്റെയും ആത്മീയ ഉണർവിന്റെയും ഒരു ഉറവായിരിക്കുക

▪ സാഹചര്യം അനുവദിക്കുന്നതിന്റെ പരമാവധി ശിഷ്യരാക്കൽ വേലയിൽ ഉൾപ്പെടുക