വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ‘ഒരു പുരോ​ഹി​ത​രാ​ജ​ത്വം​’ ആകും

നിങ്ങൾ ‘ഒരു പുരോ​ഹി​ത​രാ​ജ​ത്വം​’ ആകും

“നിങ്ങൾ എനിക്കു ഒരു പുരോ​ഹി​ത​രാ​ജ​ത്വ​വും വിശു​ദ്ധ​ജ​ന​വും ആകും.”—പുറ. 19:6.

1, 2. സ്‌ത്രീ​യു​ടെ സന്തതിക്ക് എന്തിൽനി​ന്നു​ള്ള സംരക്ഷണം ആവശ്യ​മാ​യി​രു​ന്നു, എന്തു​കൊണ്ട്?

യഹോ​വ​യു​ടെ ഉദ്ദേശ്യ​നി​വൃ​ത്തി​യിൽ ബൈബി​ളി​ലെ ആദ്യത്തെ പ്രവചനം ഒരു നിർണാ​യ​ക​പ​ങ്കു വഹിക്കു​ന്നു. ഏദെനിക വാഗ്‌ദാ​നം ഉച്ചരി​ക്ക​വെ സത്യ​ദൈ​വം ഇങ്ങനെ അരുളി​ച്ചെ​യ്‌തു: “ഞാൻ നിനക്കും (സാത്താ​നും) സ്‌ത്രീ​ക്കും നിന്‍റെ സന്തതി​ക്കും അവളുടെ സന്തതി​ക്കും തമ്മിൽ ശത്രു​ത്വം ഉണ്ടാക്കും.” ഈ ശത്രുത എത്ര ശക്തമാണ്‌? യഹോവ പറഞ്ഞു: “അവൻ (സ്‌ത്രീ​യു​ടെ സന്തതി) നിന്‍റെ (സാത്താന്‍റെ) തല തകർക്കും; നീ അവന്‍റെ കുതി​കാൽ തകർക്കും.” (ഉല്‌പ. 3:15) സ്‌ത്രീ​യു​ടെ സന്തതിയെ തുടച്ചു​നീ​ക്കാ​നു​ള്ള ഒരു അവസര​വും പാഴാ​ക്കാ​ത്ത വിധം സർപ്പവും സ്‌ത്രീ​യും തമ്മിലുള്ള ശത്രുത വളരെ ശക്തമാ​യി​രി​ക്കും.

2 ദൈവ​ത്തി​ന്‍റെ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ജനത്തെ​ക്കു​റിച്ച് സങ്കീർത്ത​ന​ക്കാ​രൻ ദൈവ​ത്തോട്‌ ഇങ്ങനെ പറഞ്ഞതിൽ അതിശ​യി​ക്കാ​നി​ല്ല: “ഇതാ, നിന്‍റെ ശത്രുക്കൾ കലഹി​ക്കു​ന്നു; നിന്നെ പകെക്കു​ന്ന​വർ തല ഉയർത്തു​ന്നു. അവർ നിന്‍റെ ജനത്തിന്‍റെ നേരെ ഉപായം വിചാ​രി​ക്ക​യും നിന്‍റെ ഗുപ്‌ത​ന്മാ​രു​ടെ നേരെ ദുരാ​ലോ​ചന കഴിക്ക​യും ചെയ്യുന്നു. വരുവിൻ, യിസ്രാ​യേൽ ഒരു ജാതി​യാ​യി​രി​ക്കാ​ത​വണ്ണം നാം അവരെ മുടി​ച്ചു​ക​ളക . . . എന്നു അവർ പറഞ്ഞു.” (സങ്കീ. 83:2-4) സ്‌ത്രീ​യു​ടെ സന്തതി​യു​ടെ വംശാ​വ​ലി​യെ ഉന്മൂല​നാ​ശ​ത്തിൽനിന്ന് സംരക്ഷി​ക്കു​ക​യും അതു മലിന​മാ​കാ​തെ സൂക്ഷി​ക്കു​ക​യും ചെയ്യേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ഈ ലക്ഷ്യം കൈവ​രി​ക്കു​ന്ന​തി​നും തന്‍റെ ഉദ്ദേശ്യം നിറ​വേ​റു​മെന്ന് ഉറുപ്പു​വ​രു​ത്തു​ന്ന​തി​നും യഹോവ കൂടു​ത​ലാ​യ നിയമ​ക്ര​മീ​ക​ര​ണ​ങ്ങൾ ഏർപ്പെ​ടു​ത്തി.

 സന്തതിക്ക് സംരക്ഷ​ണ​മേ​കു​ന്ന ഒരു ഉടമ്പടി

3, 4. (എ) ന്യായ​പ്ര​മാ​ണ ഉടമ്പടി നിലവിൽവ​ന്നത്‌ എപ്പോൾ, ഇസ്രാ​യേൽ ജനതയ്‌ക്ക് അപ്പോ​ഴു​ണ്ടാ​യി​രു​ന്ന മനോ​ഭാ​വം എന്തായി​രു​ന്നു? (ബി) എന്തു സംഭവി​ക്കു​ന്ന​തു തടയാൻ ഉദ്ദേശി​ച്ചു​ള്ള​താ​യി​രു​ന്നു ന്യായ​പ്ര​മാ​ണ ഉടമ്പടി?

3 അബ്രാ​ഹാം, യിസ്‌ഹാക്ക്, യാക്കോബ്‌ എന്നിവ​രു​ടെ സന്തതികൾ ദശലക്ഷ​ങ്ങ​ളാ​യി പെരു​കി​യ​പ്പോൾ യഹോവ അവരെ ഒരു ജനത അഥവാ ഒരു രാഷ്‌ട്രം ആയി സംഘടി​പ്പി​ച്ചു. അവരാണ്‌ പുരാതന ഇസ്രാ​യേൽ ജനത. മോശ​യി​ലൂ​ടെ ന്യായ​പ്ര​മാ​ണം കൊടു​ത്തു​കൊണ്ട് യഹോവ ആ ജനതയു​മാ​യി സവി​ശേ​ഷ​മാ​യ ഒരു ഉടമ്പടി ചെയ്‌തു. അവർ ആ ഉടമ്പടി​യി​ലെ വ്യവസ്ഥകൾ അംഗീ​ക​രി​ക്കു​ക​യും ചെയ്‌തു. ബൈബിൾ ഇങ്ങനെ പറയുന്നു: “അവൻ (മോശ) നിയമ​പു​സ്‌ത​കം എടുത്തു ജനം കേൾക്കെ വായിച്ചു. യഹോവ കല്‌പി​ച്ച​തൊ​ക്കെ​യും ഞങ്ങൾ അനുസ​രി​ച്ചു നടക്കു​മെ​ന്നു അവർ പറഞ്ഞു. അപ്പോൾ മോശെ (യാഗം അർപ്പിച്ച കാളയു​ടെ) രക്തം എടുത്തു ജനത്തി​ന്മേൽ തളിച്ചു; ഈ സകലവ​ച​ന​ങ്ങ​ളും ആധാര​മാ​ക്കി യഹോവ നിങ്ങ​ളോ​ടു ചെയ്‌തി​രി​ക്കു​ന്ന നിയമ​ത്തി​ന്‍റെ (ഉടമ്പടി​യു​ടെ) രക്തം ഇതാ എന്നു പറഞ്ഞു.”—പുറ. 24:3-8.

4 അങ്ങനെ, ബി.സി. 1513-ൽ സീനായ്‌ മലയിൽവെച്ച് ന്യായപ്രമാണ ഉടമ്പടി നിലവിൽവ​ന്നു. ഈ ഉടമ്പടി​യി​ലൂ​ടെ പുരാതന ഇസ്രാ​യേൽ ജനതയെ ദൈവം തന്‍റെ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ജനതയാ​യി വേർതി​രി​ച്ചു. അങ്ങനെ യഹോവ അവരുടെ ‘ന്യായാ​ധി​പ​നും ന്യായ​ദാ​താ​വും രാജാ​വും​’ ആയിത്തീർന്നു. (യെശ. 33:22) ദൈവ​ത്തി​ന്‍റെ നീതി​യു​ള്ള നിലവാ​ര​ങ്ങൾ അനുസ​രി​ക്കു​ന്ന​തി​ന്‍റെ​യും അവഗണി​ക്കു​ന്ന​തി​ന്‍റെ​യും ഫലം എന്താ​ണെന്ന് ഇസ്രാ​യേൽ ജനതയു​ടെ ചരിത്രം വെളി​പ്പെ​ടു​ത്തു​ന്നു. പുറജാ​തി​ക​ളു​മാ​യുള്ള വിവാ​ഹ​ബ​ന്ധ​വും വിഗ്ര​ഹാ​രാ​ധ​ന​യും ന്യായ​പ്ര​മാ​ണം വിലക്കി​യി​രു​ന്ന​തി​നാൽ, അത്‌ അബ്രാ​ഹാ​മി​ന്‍റെ സന്തതി​പ​ര​മ്പ​ര​യെ മലിന​മാ​ക്കു​ന്ന​തിൽനി​ന്നും തടയാൻ ഉദ്ദേശി​ച്ചു​ള്ള​താ​യി​രു​ന്നു.—പുറ. 20:4-6; 34:12-16.

5. (എ) ന്യായ​പ്ര​മാ​ണ ഉടമ്പടി ഇസ്രാ​യേൽ ജനത്തിന്‌ എന്ത് അവസരം തുറന്നു​കൊ​ടു​ത്തു? (ബി) ദൈവം ഇസ്രാ​യേൽ ജനത്തെ തള്ളിക്ക​ള​ഞ്ഞത്‌ എന്തു​കൊണ്ട്?

5 ന്യായ​പ്ര​മാ​ണ ഉടമ്പടി ഒരു പൗരോ​ഹി​ത്യ​ക്ര​മീ​ക​ര​ണ​ത്തി​നും വഴി തുറക്കു​ന്നു. ഭാവി​യി​ലെ ശ്രേഷ്‌ഠ​മാ​യ ഒരു ക്രമീ​ക​ര​ണ​ത്തെ അതു മുൻനി​ഴ​ലാ​ക്കി. (എബ്രാ. 7:11; 10:1) ആ ഉടമ്പടി​യി​ലൂ​ടെ ‘ഒരു പുരോ​ഹി​ത​രാ​ജ​ത്വം​’ ആയിത്തീ​രാ​നു​ള്ള സവി​ശേ​ഷ​മാ​യ അവസര​വും പദവി​യും ഇസ്രാ​യേൽ ജനത്തി​നു​ണ്ടാ​യി​രു​ന്നു. എന്നാൽ അതിന്‌ അവർ യഹോ​വ​യു​ടെ കല്‌പ​ന​കൾ അനുസ​രി​ക്ക​ണ​മാ​യി​രു​ന്നു. (പുറപ്പാടു 19:5, 6 വായിക്കുക.) പക്ഷേ, ഈ നിബന്ധന പാലി​ക്കു​ന്ന​തിൽ ഇസ്രാ​യേൽ ജനം പരാജ​യ​പ്പെ​ട്ടു. അബ്രാ​ഹാ​മി​ന്‍റെ സന്തതി​യു​ടെ പ്രഥമ​ഭാ​ഗ​മാ​യ മിശി​ഹാ​യെ ആദര​വോ​ടെ കൈ​ക്കൊ​ള്ളു​ന്ന​തി​നു പകരം അവർ അവനെ തള്ളിപ്പ​റ​ഞ്ഞു. തത്‌ഫ​ല​മാ​യി ആ ജനതയെ ദൈവ​വും തള്ളിക്ക​ള​ഞ്ഞു.

ഇസ്രായേല്യർ അനുസ​ര​ണ​ക്കേട്‌ കാണിച്ചു എന്നതു​കൊണ്ട് ന്യായ​പ്ര​മാ​ണ ഉടമ്പടി പരാജ​യ​മാ​യി​ല്ല (3-6 ഖണ്ഡികകൾ കാണുക)

6. ന്യായ​പ്ര​മാ​ണം എന്തു ധർമം നിറ​വേ​റ്റി?

6 ഇസ്രാ​യേൽ ജനത യഹോ​വ​യോട്‌ വിശ്വ​സ്‌ത​രാ​യി നിൽക്കാൻ പരാജ​യ​പ്പെ​ട്ട​തി​നാൽ പുരോ​ഹി​ത​രാ​ജ​ത്വ​മാ​യി​ത്തീ​രാ​നു​ള്ള​വരെ മുഴുവൻ അവരിൽനി​ന്നു​ത​ന്നെ കൂട്ടി​ച്ചേർക്കാ​നാ​യി​ല്ല. എന്നാൽ അതു ന്യായ​പ്ര​മാ​ണ​ത്തി​ന്‍റെ പരാജ​യ​മാ​യി കണക്കാ​ക്കാ​നാ​കി​ല്ല. കാരണം, ന്യായ​പ്ര​മാ​ണ​ത്തി​ന്‍റെ ഉദ്ദേശ്യം സന്തതിയെ സംരക്ഷി​ക്കു​ക​യും മനുഷ്യ​രെ മിശി​ഹാ​യി​ലേക്ക് നയിക്കു​ക​യും ചെയ്യുക എന്നതാ​യി​രു​ന്നു. ക്രിസ്‌തു പ്രത്യ​ക്ഷ​പ്പെ​ടു​ക​യും തിരി​ച്ച​റി​യി​ക്ക​പ്പെ​ടു​ക​യും ചെയ്‌ത​തോ​ടെ ന്യായ​പ്ര​മാ​ണം  അതിന്‍റെ ധർമം നിറ​വേ​റ്റി. “ക്രിസ്‌തു ന്യായ​പ്ര​മാ​ണ​ത്തി​ന്‍റെ അവസാ​ന​മാ​കു​ന്നു” എന്ന് ബൈബിൾ പറയുന്നു. (റോമ. 10:4) അങ്ങനെ​യെ​ങ്കിൽ പുരോ​ഹി​ത​രാ​ജ​ത്വ​മാ​കാ​നുള്ള അവസരം ആർക്ക് ലഭിക്കും? ഒരു പുതിയ ജനതയ്‌ക്ക് രൂപം​കൊ​ടു​ക്കാൻ നിയമ​പ​ര​മാ​യ മറ്റൊരു കരാർ യഹോ​വ​യാം ദൈവം ഏർപ്പെ​ടു​ത്തി.

ഒരു പുതിയ ജനത ഉളവാ​കു​ന്നു

7. ഒരു പുതിയ ഉടമ്പടി​യെ​ക്കു​റിച്ച് യിരെ​മ്യാ​വി​ലൂ​ടെ യഹോവ എന്ത് മുൻകൂ​ട്ടി​പ്പ​റ​ഞ്ഞു?

7 ഇസ്രാ​യേൽ ജനതയു​മാ​യി താൻ “പുതി​യോ​രു നിയമം” (“ഒരു പുതിയ ഉടമ്പടി,” പി.ഒ.സി.) ചെയ്യു​മെന്ന് ന്യായ​പ്ര​മാ​ണ ഉടമ്പടി റദ്ദാക്ക​പ്പെ​ടു​ന്ന​തിന്‌ വളരെ മുമ്പേ യിരെ​മ്യാ​പ്ര​വാ​ച​ക​നി​ലൂ​ടെ യഹോവ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞു. (യിരെമ്യാവു 31:31-33 വായിക്കുക.) ഈ ഉടമ്പടി ന്യായ​പ്ര​മാ​ണ ഉടമ്പടി​പോ​ലെ​യാ​യി​രി​ക്കില്ല. മൃഗയാ​ഗ​ങ്ങ​ളു​ടെ ആവശ്യ​മി​ല്ലാ​തെ​ത​ന്നെ അതു പാപ​മോ​ച​നം സാധ്യ​മാ​ക്കും. അത്‌ എങ്ങനെ സാധി​ക്കും?

8, 9. (എ) യേശു​വി​ന്‍റെ ചൊരി​യ​പ്പെട്ട രക്തം എന്ത് സാധി​ക്കു​ന്നു? (ബി) പുതിയ ഉടമ്പടി​യി​ലു​ള്ള​വർക്ക് ഏത്‌ അവസരം തുറന്നു​കി​ട്ടു​ന്നു? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

8 നൂറ്റാ​ണ്ടു​കൾക്കു ശേഷം, എ.ഡി. 33 നീസാൻ 14-ന്‌ യേശു ‘കർത്താ​വി​ന്‍റെ സന്ധ്യാ​ഭ​ക്ഷ​ണം’ ഏർപ്പെ​ടു​ത്തി. വീഞ്ഞ് നിറച്ച പാനപാ​ത്രം എടുത്ത്‌ അവൻ തന്‍റെ 11 വിശ്വ​സ്‌ത അപ്പൊ​സ്‌ത​ല​ന്മാ​രോട്‌ ഇങ്ങനെ പറഞ്ഞു: “ഈ പാനപാ​ത്രം നിങ്ങൾക്കു​വേ​ണ്ടി ചൊരി​യ​പ്പെ​ടാ​നി​രി​ക്കുന്ന എന്‍റെ രക്തത്താ​ലു​ള്ള പുതിയ ഉടമ്പടി​യെ അർഥമാ​ക്കു​ന്നു.” (ലൂക്കോ. 22:20) വീഞ്ഞി​നെ​ക്കു​റി​ച്ചു​ള്ള യേശു​വി​ന്‍റെ ഈ പ്രസ്‌താ​വന മത്തായി രേഖ​പ്പെ​ടു​ത്തു​ന്നത്‌ ഇങ്ങനെ​യാണ്‌: “ഇത്‌ പാപ​മോ​ച​ന​ത്തി​നാ​യി അനേകർക്കു​വേ​ണ്ടി ചൊരി​യ​പ്പെ​ടാ​നി​രി​ക്കുന്ന എന്‍റെ ‘ഉടമ്പടി​യു​ടെ രക്ത’ത്തെ അർഥമാ​ക്കു​ന്നു.”—മത്താ. 26:27, 28.

9 യേശു​വി​ന്‍റെ ചൊരി​യ​പ്പെട്ട രക്തം പുതിയ ഉടമ്പടി​യെ പ്രാബ​ല്യ​ത്തിൽ കൊണ്ടു​വ​രു​ന്നു. ഒരിക്ക​ലാ​യി ചൊരിഞ്ഞ ആ രക്തം എന്നേക്കു​മു​ള്ള പാപ​മോ​ച​നം സാധ്യ​മാ​ക്കു​ന്നു. യേശു പുതിയ ഉടമ്പടി​യിൽ ഒരു കക്ഷിയല്ല. പാപമി​ല്ലാ​ത്ത​തി​നാൽ അവന്‌ പാപ​മോ​ച​ന​ത്തി​ന്‍റെ ആവശ്യ​മി​ല്ല. എന്നാൽ യേശു​വി​ന്‍റെ ചൊരി​യ​പ്പെട്ട രക്തത്തിന്‍റെ മൂല്യം ആദാമി​ന്‍റെ സന്തതി​കൾക്കാ​യി ഉപയോ​ഗി​ക്കാൻ ദൈവ​ത്തി​നു കഴിയു​മാ​യി​രു​ന്നു. കൂടാതെ, പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേ​കം ചെയ്‌തു​കൊണ്ട് ചില അർപ്പി​ത​രാ​യ മനുഷ്യ​രെ ‘പുത്ര​ന്മാ​രാ​യി’ ദത്തെടു​ക്കാ​നും അവനു സാധി​ക്കു​മാ​യി​രു​ന്നു. (റോമർ 8:14-17 വായിക്കുക.) ദൈവം അവരെ പാപമി​ല്ലാ​ത്ത​വ​രാ​യി കരുതു​ന്ന​തി​നാൽ ഒരു അർഥത്തിൽ അവർ ദൈവ​ത്തി​ന്‍റെ പാപര​ഹി​ത​പു​ത്ര​നാ​യ യേശു​വി​നെ​പ്പോ​ലെ​യാ​യി​രി​ക്കും. ഈ അഭിഷി​ക്തർ “ക്രിസ്‌തു​വി​നോ​ടു​കൂ​ടെ കൂട്ടവ​കാ​ശി​ക”ളായി​ത്തീ​രു​ന്നു. ഒരു “പുരോ​ഹി​ത​രാ​ജ”ത്വം ആയിത്തീ​രാ​നു​ള്ള അവസര​വും അവർക്കുണ്ട്. ന്യായ​പ്ര​മാ​ണ​ത്തി​നു കീഴിൽ സ്വാഭാ​വി​ക ഇസ്രാ​യേ​ലിന്‌ ലഭിക്കു​മാ​യി​രു​ന്ന​താണ്‌ ഈ പദവി. “ക്രിസ്‌തു​വി​നോ​ടു​കൂ​ടെ കൂട്ടവ​കാ​ശി​ക”ളായവ​രെ​ക്കു​റിച്ച് അപ്പൊ​സ്‌ത​ല​നാ​യ പത്രോസ്‌ എഴുതി: ‘നിങ്ങളോ അന്ധകാ​ര​ത്തിൽനിന്ന് തന്‍റെ അത്ഭുത​പ്ര​കാ​ശ​ത്തി​ലേക്ക് നിങ്ങളെ വിളി​ച്ച​വ​ന്‍റെ സദ്‌ഗു​ണ​ങ്ങ​ളെ ഘോഷി​ക്കേ​ണ്ട​തിന്‌, “തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ഒരു വർഗവും രാജകീയ പുരോ​ഹി​ത​ഗ​ണ​വും വിശു​ദ്ധ​ജ​ന​ത​യും ദൈവ​ത്തി​ന്‍റെ സ്വന്തജ​ന​വും​” ആകുന്നു.’ (1 പത്രോ. 2:9) എത്ര സുപ്ര​ധാ​ന​മാ​യ ഒരു ക്രമീ​ക​ര​ണ​മാണ്‌ പുതിയ ഉടമ്പടി! ഇത്‌ യേശു​വി​ന്‍റെ ശിഷ്യ​ന്മാ​രെ അബ്രാ​ഹാ​മി​ന്‍റെ സന്തതി​യു​ടെ ഉപഭാ​ഗ​മാ​യി​ത്തീ​രാൻ സഹായി​ക്കു​ന്നു.

പുതിയ ഉടമ്പടി പ്രാബ​ല്യ​ത്തി​ലാ​കു​ന്നു

10. പുതിയ ഉടമ്പടി പ്രാബ​ല്യ​ത്തിൽവ​ന്നത്‌ എപ്പോൾ, അങ്ങനെ പറയു​ന്നത്‌ എന്തു​കൊണ്ട്?

10 എപ്പോ​ഴാണ്‌ പുതിയ ഉടമ്പടി പ്രാബ​ല്യ​ത്തി​ലാ​യത്‌? ഭൂമി​യി​ലെ തന്‍റെ അവസാ​ന​രാ​ത്രി​യിൽ യേശു ശിഷ്യ​ന്മാ​രോട്‌ അതി​നെ​ക്കു​റിച്ച് പരാമർശി​ച്ച​പ്പോൾ ആയിരു​ന്നോ? അല്ല. അത്‌ പ്രാബ​ല്യ​ത്തി​ലാ​ക​ണ​മെ​ങ്കിൽ യേശു​വി​ന്‍റെ രക്തം ചൊരി​യ​പ്പെ​ടു​ക​യും അതിന്‍റെ മൂല്യം സ്വർഗ​ത്തിൽ യഹോ​വ​യു​ടെ മുമ്പാകെ അർപ്പി​ക്കു​ക​യും വേണമാ​യി​രു​ന്നു. കൂടാതെ, “ക്രിസ്‌തു​വി​നോ​ടു​കൂ​ടെ കൂട്ടവ​കാ​ശി​ക”ളാകാ​നു​ള്ള​വ​രു​ടെ മേൽ പരിശു​ദ്ധാ​ത്മാവ്‌ പകര​പ്പെ​ടേ​ണ്ട​തു​മു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട് എ.ഡി. 33-ലെ പെന്തെ​ക്കൊ​സ്‌തിൽ യേശു​വി​ന്‍റെ വിശ്വ​സ്‌ത​ശി​ഷ്യ​ന്മാർ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേ​കം ചെയ്യ​പ്പെ​ട്ട​പ്പോൾ പുതിയ ഉടമ്പടി പ്രാബ​ല്യ​ത്തിൽവ​ന്നു.

11. യഹൂദർക്കും പരി​ച്ഛേ​ദ​ന​യേൽക്കാ​ത്ത വിജാ​തീ​യർക്കും ആത്മീയ ഇസ്രാ​യേ​ലി​ന്‍റെ ഭാഗമാ​കാൻ പുതിയ ഉടമ്പടി വഴി​യൊ​രു​ക്കി​യത്‌ എങ്ങനെ, ഈ പുതിയ ഉടമ്പടി​യിൽ എത്ര​പേ​രു​ണ്ടാ​യി​രി​ക്കും?

11 ഇസ്രാ​യേ​ലു​മാ​യി താൻ ഒരു പുതിയ ഉടമ്പടി ചെയ്യു​മെന്ന് യഹോവ യിരെ​മ്യാ​വി​ലൂ​ടെ പ്രഖ്യാ​പി​ച്ച​പ്പോൾ ഒരു അർഥത്തിൽ ന്യായ​പ്ര​മാ​ണ ഉടമ്പടി  “കാലഹ​ര​ണ​പ്പെ​ട്ട​താ​യി.” എങ്കിലും പുതിയ ഉടമ്പടി പ്രാബ​ല്യ​ത്തി​ലാ​കു​ന്ന​തു​വരെ അത്‌ നീക്കം ചെയ്യ​പ്പെ​ട്ടി​ല്ല. (എബ്രാ. 8:13) എന്നാൽ അത്‌ നീക്കം ചെയ്യ​പ്പെ​ട്ട​തോ​ടെ ദൈവ​ത്തിന്‌ യഹൂദ​രെ​യും പരി​ച്ഛേ​ദ​ന​യേൽക്കാ​ത്ത വിജാ​തീ​യ​രിൽനി​ന്നുള്ള വിശ്വാ​സി​ക​ളെ​യും ഒരേ​പോ​ലെ കാണാൻ കഴിയു​മാ​യി​രു​ന്നു. കാരണം, അവരുടെ “പരി​ച്ഛേ​ദന എഴുത​പ്പെട്ട പ്രമാ​ണ​പ്ര​കാ​ര​മു​ള്ളതല്ല, ആത്മാവി​നാ​ലു​ള്ള ഹൃദയ​പ​രി​ച്ഛേ​ദ​ന​യ​ത്രേ.” (റോമ. 2:29) അവരു​മാ​യി പുതിയ ഉടമ്പടി​യിൽ ഏർപ്പെ​ട്ടു​കൊണ്ട് ദൈവം തന്‍റെ കല്‌പ​ന​കൾ “അവരുടെ ഉള്ളിലാ​ക്കി അവരുടെ ഹൃദയ​ങ്ങ​ളിൽ അവ എഴുതു”മായി​രു​ന്നു. (എബ്രാ. 8:10) പുതിയ ഉടമ്പടി​യി​ലു​ള്ള​വ​രു​ടെ ആകെ എണ്ണം 1,44,000 ആയിരി​ക്കും. അവർ ആത്മീയ ഇസ്രാ​യേൽ അഥവാ ‘ദൈവ​ത്തി​ന്‍റെ ഇസ്രാ​യേൽ’ എന്ന ഒരു പുതിയ ജനതയാ​യി​ത്തീ​രും.—ഗലാ. 6:16; വെളി. 14:1, 4.

12. ന്യായ​പ്ര​മാ​ണ ഉടമ്പടി​യെ​യും പുതിയ ഉടമ്പടി​യെ​യും എങ്ങനെ താരത​മ്യം ചെയ്യാം?

12 ന്യായ​പ്ര​മാ​ണ ഉടമ്പടി​യെ​യും പുതിയ ഉടമ്പടി​യെ​യും തമ്മിൽ എങ്ങനെ താരത​മ്യം ചെയ്യാം? ന്യായ​പ്ര​മാ​ണ ഉടമ്പടി യഹോ​വ​യും സ്വാഭാ​വി​ക ഇസ്രാ​യേ​ലും തമ്മിലാ​യി​രു​ന്നു; പുതിയ ഉടമ്പടി​യാ​ക​ട്ടെ യഹോ​വ​യും ആത്മീയ ഇസ്രാ​യേ​ലും തമ്മിലാണ്‌. ആദ്യ​ത്തേ​തി​ന്‍റെ മധ്യസ്ഥൻ മോശ​യാ​യി​രു​ന്നു; പുതി​യ​തി​ന്‍റെ മധ്യസ്ഥൻ യേശു​വാണ്‌. ന്യായ​പ്ര​മാ​ണ ഉടമ്പടി മൃഗര​ക്ത​ത്താൽ പ്രാബ​ല്യ​ത്തിൽ വന്നു; പുതിയ ഉടമ്പടി യേശു​വി​ന്‍റെ ചൊരി​യ​പ്പെട്ട രക്തത്താൽ പ്രാബ​ല്യ​ത്തിൽ വന്നു. ന്യായ​പ്ര​മാ​ണ ഉടമ്പടി മുഖാ​ന്ത​രം മോശ​യു​ടെ നേതൃ​ത്വ​ത്തിൻകീ​ഴിൽ ഇസ്രാ​യേൽ ജനത സംഘടി​പ്പി​ക്ക​പ്പെ​ട്ടു; പുതിയ ഉടമ്പടി​യി​ലു​ള്ള​വർ സഭയുടെ ശിരസ്സായ യേശു​വി​ന്‍റെ കീഴിൽ സംഘടി​പ്പി​ക്ക​പ്പെ​ടു​ന്നു.—എഫെ. 1:22.

13, 14. (എ) പുതിയ ഉടമ്പടി ദൈവ​രാ​ജ്യ​വു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ? (ബി) ആത്മീയ ഇസ്രാ​യേ​ലിന്‌ സ്വർഗ​ത്തിൽ യേശു​വി​നോ​ടൊ​പ്പം ഭരിക്കാൻ കഴിയ​ണ​മെ​ങ്കിൽ എന്ത് ആവശ്യ​മാണ്‌?

13 സ്വർഗീ​യ​രാ​ജ്യ​ത്തിൽ രാജാ​ക്ക​ന്മാ​രും പുരോ​ഹി​ത​ന്മാ​രും ആയിരി​ക്കാൻ പദവി​യു​ള്ള ഒരു വിശു​ദ്ധ​ജ​ന​ത​യെ ഉത്‌പാ​ദി​പ്പി​ക്കു​ക​യെ​ന്ന​താണ്‌ ആ രാജ്യ​വു​മാ​യി പുതിയ ഉടമ്പടി​ക്കു​ള്ള ബന്ധം. ആ ജനതയാണ്‌ അബ്രാ​ഹാ​മി​ന്‍റെ സന്തതി​യു​ടെ ഉപഭാഗം. (ഗലാ. 3:29) പുതിയ ഉടമ്പടി അങ്ങനെ അബ്രാ​ഹാ​മ്യ ഉടമ്പടി​യെ ഊട്ടി​യു​റ​പ്പി​ക്കു​ന്നു.

14 എന്നാൽ രാജ്യ​ക്ര​മീ​ക​ര​ണ​ത്തി​ന്‍റെ മറ്റൊരു വശംകൂ​ടെ നിയമ​പ​ര​മാ​യി സ്ഥാപി​ക്കേ​ണ്ടി​യി​രു​ന്നു. പുതിയ ഉടമ്പടി ആത്മീയ ഇസ്രാ​യേ​ലി​നെ രൂപ​പ്പെ​ടു​ത്തു​ക​യും അതിലെ അംഗങ്ങൾക്ക് “ക്രിസ്‌തു​വി​നോ​ടു​കൂ​ടെ കൂട്ടവ​കാ​ശി​ക”ളാകാ​നു​ള്ള അടിസ്ഥാ​നം നൽകു​ക​യും ചെയ്യുന്നു. എന്നാൽ ഇവരെ സ്വർഗ​ത്തിൽ രാജാ​ക്ക​ന്മാ​രും പുരോ​ഹി​ത​ന്മാ​രു​മാ​യി യേശു​വി​നോ​ടൊ​പ്പം ചേർക്കു​ന്ന​തിന്‌ നിയമ​പ​ര​മാ​യ ഒരു കരാർ ആവശ്യ​മാണ്‌.

ക്രിസ്‌തു​വി​നോ​ടൊ​പ്പം ഭരിക്കാൻ മറ്റുള്ള​വ​രെ അനുവ​ദി​ക്കു​ന്ന ഒരു ഉടമ്പടി

15. തന്‍റെ വിശ്വ​സ്‌ത അപ്പൊ​സ്‌ത​ല​ന്മാ​രു​മാ​യി യേശു ഏത്‌ വ്യക്തി​പ​ര​മാ​യ ഉടമ്പടി ചെയ്‌തു?

15 ‘കർത്താ​വി​ന്‍റെ സന്ധ്യാ​ഭ​ക്ഷ​ണം’ ഏർപ്പെ​ടു​ത്തി​യ ശേഷം തന്‍റെ വിശ്വ​സ്‌ത​ശി​ഷ്യ​ന്മാ​രു​മാ​യി യേശു വ്യക്തി​പ​ര​മാ​യ ഒരു ഉടമ്പടി ചെയ്‌തു. ഇത്‌ രാജ്യ ഉടമ്പടി എന്ന് അറിയ​പ്പെ​ടു​ന്നു. (ലൂക്കോസ്‌ 22:28-30 വായിക്കുക.) മറ്റ്‌ ഉടമ്പടി​ക​ളി​ലെ​ല്ലാം ഒരു കക്ഷി യഹോ​വ​യാണ്‌. എന്നാൽ ഇത്‌ യേശു​വും അവന്‍റെ അഭിഷി​ക്താ​നു​ഗാ​മി​ക​ളും കക്ഷിക​ളാ​യി​ട്ടു​ള്ള ഒരു ഉടമ്പടി​യാണ്‌. “എന്‍റെ പിതാവ്‌ എന്നോട്‌ . . . ഒരു ഉടമ്പടി ചെയ്‌തി​രി​ക്കു​ന്ന​തു​പോ​ലെ” എന്ന് പറഞ്ഞ​പ്പോൾ യേശു ഉദ്ദേശി​ച്ചത്‌, “മൽക്കീ​സേ​ദെ​ക്കി​ന്‍റെ മാതൃ​ക​പ്ര​കാ​രം . . . എന്നേക്കും ഒരു പുരോ​ഹി​ത​നാ”കാൻ യഹോവ അവനു​മാ​യി ചെയ്‌ത ഉടമ്പടി​യാ​യി​രി​ക്കാം.—എബ്രാ. 5:5, 6.

16. രാജ്യ ഉടമ്പടി അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾക്ക് എന്ത് സാധ്യ​മാ​ക്കു​ന്നു?

16 വിശ്വ​സ്‌ത​രാ​യ 11 അപ്പൊ​സ്‌ത​ല​ന്മാർ ‘യേശു​വി​നോ​ടൊ​പ്പം പരീക്ഷ​ക​ളിൽ അവനോട്‌ പറ്റിനി​ന്നു.’ അവർ അവനോ​ടൊ​പ്പം സ്വർഗ​ത്തി​ലു​ണ്ടാ​യി​രി​ക്കു​മെ​ന്നും സിംഹാ​സ​ന​ങ്ങ​ളി​ലി​രുന്ന് രാജാ​ക്ക​ന്മാ​രാ​യി ഭരിക്കു​ക​യും പുരോ​ഹി​ത​ന്മാ​രാ​യി സേവി​ക്കു​ക​യും ചെയ്യു​മെ​ന്നും രാജ്യ ഉടമ്പടി അവർക്ക് ഉറപ്പു​കൊ​ടു​ത്തു. എന്നിരു​ന്നാ​ലും, ആ പദവി​യു​ണ്ടാ​യി​രി​ക്കു​ന്നത്‌ ആ 11 പേർക്ക് മാത്രമല്ല. മഹത്വീ​ക​രി​ക്ക​പ്പെട്ട യേശു അപ്പൊ​സ്‌ത​ല​നാ​യ യോഹ​ന്നാന്‌ ഒരു ദർശന​ത്തിൽ പ്രത്യ​ക്ഷ​പ്പെട്ട് ഇങ്ങനെ പറഞ്ഞു: “ഞാൻ വിജയം​വ​രിച്ച് എന്‍റെ പിതാ​വി​നോ​ടൊത്ത്‌ അവന്‍റെ സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്ന​തു​പോ​ലെ, ജയിക്കു​ന്ന​വ​നെ ഞാൻ എന്നോ​ടൊത്ത്‌ എന്‍റെ സിംഹാ​സ​ന​ത്തിൽ ഇരുത്തും.” (വെളി. 3:21) അതെ, 1,44,000 അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളു​മാ​യാണ്‌ രാജ്യ ഉടമ്പടി ചെയ്യു​ന്നത്‌.  (വെളി. 5:9, 10; 7:4) ഈ ഉടമ്പടി​യാണ്‌ യേശു​വി​നോ​ടൊ​പ്പം സ്വർഗ​ത്തിൽ ഭരിക്കാൻ അവർക്ക് നിയമ​പ​ര​മാ​യ അടിസ്ഥാ​നം നൽകു​ന്നത്‌. കുലീ​ന​കു​ടും​ബ​ത്തി​ലെ ഒരു മണവാട്ടി ഒരു രാജാ​വി​നെ വിവാഹം കഴിച്ച് രാജ്യ​ഭ​ര​ണ​ത്തിൽ അവകാ​ശി​യാ​കു​ന്ന​തു​പോ​ലെ​യാണ്‌ ഇത്‌. വാസ്‌ത​വ​ത്തിൽ, അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളെ ക്രിസ്‌തു​വി​ന്‍റെ “മണവാട്ടി”യായി, ക്രിസ്‌തു​വിന്‌ വിവാ​ഹ​നി​ശ്ച​യം ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്ന ഒരു “നിർമ​ല​ക​ന്യ​ക​യാ​യി,” തിരു​വെ​ഴു​ത്തു​കൾ പരാമർശി​ക്കു​ന്നു.—വെളി. 19:7, 8; 21:9; 2 കൊരി. 11:2.

ദൈവ​രാ​ജ്യ​ത്തിൽ അചഞ്ചല​മാ​യ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കുക

17, 18. (എ) രാജ്യ​വു​മാ​യി ബന്ധപ്പെട്ട് നാം പരിചി​ന്തി​ച്ച ആറ്‌ ഉടമ്പടി​കൾ പുനര​വ​ലോ​ക​നം ചെയ്യുക. (ബി) ദൈവ​രാ​ജ്യ​ത്തിൽ നമുക്ക് അചഞ്ചല​മാ​യ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്?

17 ഈ രണ്ടു ലേഖന​ങ്ങ​ളി​ലാ​യി നാം പരിചി​ന്തി​ച്ച ഉടമ്പടി​ക​ളെ​ല്ലാം ദൈവ​രാ​ജ്യ​ത്തി​ന്‍റെ ഒന്നോ അതില​ധി​ക​മോ സുപ്ര​ധാ​ന​വ​ശ​ങ്ങ​ളു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. (“ദൈവം തന്‍റെ ഉദ്ദേശ്യം സാക്ഷാ​ത്‌ക​രി​ക്കു​ന്ന വിധം” എന്ന ചാർട്ട് കാണുക.) ഈ വസ്‌തുത, ദൈവ​രാ​ജ്യ​ക്ര​മീ​ക​രണം നിയമ​ക​രാ​റു​ക​ളിൽ അടിയു​റ​ച്ച​താ​ണെന്ന് ബോധ്യ​പ്പെ​ടു​ത്തു​ന്നു. ഭൂമി​യെ​യും മനുഷ്യ​വർഗ​ത്തെ​യും കുറി​ച്ചു​ള്ള തന്‍റെ ആദി​മോ​ദ്ദേ​ശ്യം ഒരു യാഥാർഥ്യ​മാ​ക്കാ​നു​ള്ള ദൈവ​ത്തി​ന്‍റെ ഉപകര​ണ​മെന്ന നിലയിൽ മിശി​ഹൈ​ക​രാ​ജ്യ​ത്തിൽ നമ്മുടെ സമ്പൂർണ ആശ്രയം വെക്കാൻ നമുക്ക് ശക്തമായ കാരണ​ങ്ങ​ളുണ്ട്.—വെളി. 11:15.

മിശിഹൈക രാജ്യ​ത്തി​ലൂ​ടെ ഭൂമി​യെ​ക്കു​റി​ച്ചു​ള്ള തന്‍റെ ഉദ്ദേശ്യം യഹോവ യാഥാർഥ്യ​മാ​ക്കും (15-18 ഖണ്ഡികകൾ കാണുക)

 

18 രാജ്യ​ത്തി​ന്‍റെ നേട്ടങ്ങൾ മനുഷ്യ​വർഗ​ത്തി​ന്‍റെ എന്നേക്കു​മു​ള്ള അനു​ഗ്ര​ഹ​ങ്ങ​ളിൽ കലാശി​ക്കു​മെന്ന കാര്യ​ത്തിൽ എന്തെങ്കി​ലും സംശയം തോ​ന്നേ​ണ്ട​തു​ണ്ടോ? മനുഷ്യ​ന്‍റെ എല്ലാ പ്രശ്‌ന​ങ്ങൾക്കു​മു​ള്ള ഒരേ​യൊ​രു ശാശ്വ​ത​പ​രി​ഹാ​രം ദൈവ​ത്തി​ന്‍റെ രാജ്യ​മാ​ണെന്ന് പൂർണ​ബോ​ധ്യ​ത്തോ​ടെ നമുക്ക് ഘോഷി​ക്കാം, തീക്ഷ്ണ​ത​യോ​ടെ ആ സത്യം മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കാം!—മത്താ. 24:14.