വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രശ്‌നങ്ങൾ പരിഹരിക്കാൻ

പ്രശ്‌നങ്ങൾ പരിഹരിക്കാൻ

കുടുംബസന്തുഷ്ടിയുടെ രഹസ്യം

പ്രശ്‌നങ്ങൾ പരിഹരിക്കാൻ

ഭർത്താവ്‌: “നമ്മുടെ പിള്ളേരെന്തിയേ?”

ഭാര്യ: “പുതിയ ഡ്രസ്സ്‌ വാങ്ങാൻ പോയിരിക്കുകയാണ്‌.”

ഭർത്താവ്‌: [ദേഷ്യത്തോടെ ഉച്ചത്തിൽ] “പുതിയ ഡ്രസ്സോ? കഴിഞ്ഞ മാസമല്ലേ വാങ്ങിയത്‌!”

ഭാര്യ: [തന്നെ കുറ്റപ്പെടുത്തിയതിന്റെ ദേഷ്യത്തിൽ, ന്യായീകരിച്ചുകൊണ്ട്‌] “ഇതൊരു ആദായവിൽപ്പനയാണ്‌. അവർ എന്നോടു ചോദിച്ചു, ഞാൻ പൊയ്‌ക്കൊള്ളാൻ പറഞ്ഞു.”

ഭർത്താവ്‌: [പൊട്ടിത്തെറിച്ച്‌] “എന്നോടു ചോദിക്കാതെ അവർ ഇങ്ങനെ പണം ചെലവിടുന്നത്‌ എനിക്കിഷ്ടമല്ലെന്ന്‌ അറിയില്ലേ? നീ എന്തിനാണതിനു കൂട്ടുനിന്നത്‌?”

ഇവർക്കിടയിലെ പ്രശ്‌നം എന്താണ്‌? ഭർത്താവ്‌ മുൻകോപിയാണ്‌. മക്കൾക്ക്‌ എന്തുമാത്രം സ്വാതന്ത്ര്യം അനുവദിക്കണമെന്ന കാര്യത്തിൽ അവർക്കു യോജിപ്പുമില്ല. ആശയവിനിമയത്തിന്റെ കുറവും വ്യക്തമാണ്‌.

എല്ലാം തികഞ്ഞ ഒരു ദാമ്പത്യം ഇന്നില്ല. ഏതൊരു ദാമ്പത്യത്തിലുമുണ്ടാകും എന്തെങ്കിലുമൊക്കെ പ്രശ്‌നങ്ങൾ. ചെറുതോ വലുതോ ആയിരുന്നാലും അവ പരിഹരിക്കാൻ അവർ പഠിക്കേണ്ടതുണ്ട്‌. എന്തുകൊണ്ട്‌?

പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങൾ ക്രമേണ ആശയവിനിമയത്തിനു പ്രതിബന്ധമായിത്തീർന്നേക്കാം. “പിണക്കം അരമനയുടെ ഓടാമ്പൽ പോലെ”യായിരുന്നേക്കാം എന്ന്‌ ജ്ഞാനിയായ ശലോമോൻ രാജാവ്‌ പറയുന്നു. (സദൃശവാക്യങ്ങൾ 18:19) പ്രശ്‌നങ്ങളുണ്ടാകുമ്പോൾ നിങ്ങൾക്കെങ്ങനെ ആശയവിനിമയത്തിന്റെ വാതിൽ തുറന്നിടാം?

ആശയവിനിമയം ദാമ്പത്യത്തിന്റെ ജീവരക്തമാണെങ്കിൽ സ്‌നേഹവും ആദരവും ആ ബന്ധത്തിന്റെ ഹൃദയവും പ്രാണവായുവുമാണ്‌. (എഫെസ്യർ 5:32) കഴിഞ്ഞകാല തെറ്റുകളും അതിന്റെ ഫലമായുള്ള വൈകാരിക മുറിവുകളും മറന്നുകൊണ്ട്‌ നിലവിലുള്ള പ്രശ്‌നത്തിനു ശ്രദ്ധനൽകാൻ സ്‌നേഹം ദമ്പതികളെ പ്രചോദിപ്പിക്കും. (1 കൊരിന്ത്യർ 13:4, 5; 1 പത്രൊസ്‌ 4:8) പരസ്‌പരം ആദരിക്കുന്ന ദമ്പതികൾ തുറന്നുസംസാരിക്കാൻ ഇണയെ അനുവദിക്കും. പറയുന്ന കാര്യങ്ങൾക്കു മാത്രമല്ല, പറയാതെപോകുന്ന കാര്യങ്ങൾക്കും അവർ ചെവിയോർക്കും.

പ്രശ്‌നം പരിഹരിക്കാനുള്ള നാലു പടികൾ

താഴെപ്പറഞ്ഞിരിക്കുന്ന നാലു കാര്യങ്ങൾ ശ്രദ്ധിക്കുക. സ്‌നേഹത്തോടും ആദരവോടുംകൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ബൈബിൾതത്ത്വങ്ങൾക്ക്‌ എങ്ങനെ സഹായിക്കാനാകുമെന്നു നോക്കുക.

1. പ്രശ്‌നത്തെക്കുറിച്ചു സംസാരിക്കാൻ ഒരു സമയം നിശ്ചയിക്കുക. “എല്ലാറ്റിന്നും ഒരു സമയമുണ്ട്‌ . . . മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം.” (സഭാപ്രസംഗി 3:1, 7) തുടക്കത്തിൽ പരാമർശിച്ചതുപോലുള്ള ചില സാഹചര്യങ്ങൾ നിങ്ങളെ ശരിക്കും ദേഷ്യംപിടിപ്പിച്ചേക്കാം. അങ്ങനെ സംഭവിക്കുന്നപക്ഷം, ആത്മസംയമനം പാലിച്ചുകൊണ്ട്‌ അൽപ്പനേരത്തേക്കു മിണ്ടാതിരിക്കുക. പൊട്ടിത്തെറി ഒഴിവാക്കാൻ അതു സഹായിക്കും. “കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാൽ കലഹമാകുംമുമ്പെ തർക്കം നിർത്തിക്കളക” എന്ന ബൈബിൾതത്ത്വത്തിനു ചെവികൊടുക്കുന്നപക്ഷം നിങ്ങളുടെ ബന്ധം വഷളാകാതെ സൂക്ഷിക്കാനാകും.—സദൃശവാക്യങ്ങൾ 17:14.

എന്നാൽ “സംസാരിപ്പാൻ ഒരു കാലം” ഉണ്ടെന്നും ഓർക്കുക. ശ്രദ്ധിക്കാത്തപക്ഷം പ്രശ്‌നങ്ങൾ കളയെന്നപോലെ തഴച്ചുവളരും. അതുകൊണ്ട്‌ തനിയെ പരിഹരിക്കപ്പെട്ടുകൊള്ളുമെന്നു വിചാരിച്ച്‌ അവ അവഗണിച്ചുകളയരുത്‌. നിങ്ങളിലൊരാൾ സംസാരം തത്‌കാലത്തേക്കു നിറുത്തിവെക്കുന്നെങ്കിൽ പ്രശ്‌നം എത്രയും പെട്ടെന്നു ചർച്ചചെയ്യാൻ ഒരു സമയം നിശ്ചയിച്ചുകൊണ്ട്‌ ഇണയോട്‌ ആദരവു കാട്ടുക. “സൂര്യൻ അസ്‌തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുത്‌” എന്ന ദിവ്യബുദ്ധിയുപദേശത്തിന്റെ തത്ത്വം പിൻപറ്റാൻ നിങ്ങളിരുവരെയും അതു സഹായിക്കും. (എഫെസ്യർ 4:26) നിശ്ചയിച്ചപ്രകാരം പ്രശ്‌നം ചർച്ചചെയ്യാൻ മറക്കുകയുമരുത്‌.

പരീക്ഷിച്ചുനോക്കുക: കുടുംബപ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ ഓരോ ആഴ്‌ചയും ഒരു സമയം നിശ്ചയിക്കുക. ജോലികഴിഞ്ഞു വന്ന ഉടനെയോ ഭക്ഷണത്തിനുമുമ്പോ പോലുള്ള ചില സമയങ്ങളിൽ ശാന്തമായി സംസാരിക്കാൻ ബുദ്ധിമുട്ടായിരിക്കാം. അത്തരം സന്ദർഭങ്ങളിൽ പ്രശ്‌നത്തെക്കുറിച്ചു സംസാരിക്കുകയില്ലെന്നു തീരുമാനിക്കുക. രണ്ടുപേർക്കും അധികം പിരിമുറുക്കമില്ലാത്ത ഒരു സമയംവേണം തിരഞ്ഞെടുക്കാൻ.

2. അഭിപ്രായങ്ങൾ സത്യസന്ധതയോടും ആദരവോടും കൂടെ പറയുക. “ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ.” (എഫെസ്യർ 4:25) വിവാഹിതരെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവുമടുത്ത സുഹൃത്ത്‌ സ്വന്തം ജീവിതപങ്കാളിയാണ്‌. അതുകൊണ്ട്‌ നിങ്ങളുടെ മനസ്സിലുള്ളത്‌ കൃത്യമായും എന്താണെന്നു മറച്ചുവെക്കാതെ പങ്കാളിയെ അറിയിക്കുക. 26 വർഷത്തെ ദാമ്പത്യം പിന്നിട്ട മാർഗരറ്റ്‌ * പറയുന്നു: “ഒരു പ്രശ്‌നമുണ്ടാകുമ്പോൾ, എന്റെ മനസ്സിലുള്ളത്‌ എന്താണെന്ന്‌ ഭർത്താവ്‌ അതേപടി മനസ്സിലാക്കിക്കൊള്ളുമെന്നാണ്‌ വിവാഹം കഴിഞ്ഞ ഉടനെയൊക്കെ ഞാൻ ചിന്തിച്ചിരുന്നത്‌. അത്‌ അസംഭവ്യമാണെന്നു ഞാൻ തിരിച്ചറിഞ്ഞു. വികാരവിചാരങ്ങൾ വ്യക്തമായി പ്രകടിപ്പിക്കാൻ ഇപ്പോൾ ഞാൻ ശ്രമിക്കുന്നു.”

പ്രശ്‌നം ചർച്ചചെയ്യുമ്പോൾ, ഒരു പോരാട്ടത്തിൽ വിജയിക്കുകയോ ശത്രുവിനെ കീഴ്‌പെടുത്തുകയോ ചെയ്യുക എന്നതല്ല, പിന്നെയോ വികാരവിചാരങ്ങൾ പങ്കാളിയെ അറിയിക്കുക എന്നതാണ്‌ നിങ്ങളുടെ ലക്ഷ്യം എന്നോർക്കുക. അതു ഫലകരമായി ചെയ്യാൻ, നിങ്ങളെ സംബന്ധിച്ചിടത്തോളം പ്രശ്‌നം എന്താണെന്നും അതുണ്ടാകുന്നത്‌ എപ്പോഴാണെന്നും അപ്പോൾ നിങ്ങൾക്കുണ്ടാകുന്ന വികാരം എന്താണെന്നും വ്യക്തമാക്കുക. ഉദാഹരണത്തിന്‌, പങ്കാളി വീട്‌ അലങ്കോലപ്പെടുത്തുന്നതാണ്‌ നിങ്ങളെ വിഷമിപ്പിക്കുന്നതെങ്കിൽ ആദരപൂർവം ഇങ്ങനെ പറയാവുന്നതാണ്‌: “ജോലി കഴിഞ്ഞെത്തി വസ്‌ത്രങ്ങൾ ഇങ്ങനെ അലക്ഷ്യമായി വലിച്ചെറിയുമ്പോൾ [പ്രശ്‌നവും അതുണ്ടാകുന്ന സമയവും], എന്നോടു പരിഗണനയില്ലാത്തതുപോലെ തോന്നുന്നു [നിങ്ങൾക്കുണ്ടാകുന്ന വികാരം].” തുടർന്ന്‌ ഈ പ്രശ്‌നത്തിനു പരിഹാരമായി നിങ്ങൾക്കു തോന്നുന്നത്‌ എന്താണെന്നു നയപൂർവം ചൂണ്ടിക്കാട്ടുക.

പരീക്ഷിച്ചുനോക്കുക: പങ്കാളിയോടു സംസാരിക്കേണ്ടത്‌ എന്താണെന്നതു സംബന്ധിച്ച്‌ വ്യക്തമായ ധാരണയുണ്ടായിരിക്കാൻ, ശരിക്കും പ്രശ്‌നം എന്താണെന്നും ഏതു വിധത്തിൽ അതു പരിഹരിക്കാനാകുമെന്നും എഴുതിവെക്കുക.

3. പങ്കാളി സംസാരിക്കുമ്പോൾ ശ്രദ്ധിക്കുകയും വികാരങ്ങൾ മാനിക്കുകയും ചെയ്യുക. ക്രിസ്‌ത്യാനികൾ “കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ള”വരായിരിക്കണമെന്ന്‌ ശിഷ്യനായ യാക്കോബ്‌ എഴുതി. (യാക്കോബ്‌ 1:19) ഒരു പ്രശ്‌നം സംബന്ധിച്ച നിങ്ങളുടെ വികാരങ്ങൾ പങ്കാളി മനസ്സിലാക്കുന്നില്ലെന്ന തോന്നലിനെപ്പോലെ ദാമ്പത്യത്തിൽ അസന്തുഷ്ടിക്കു കാരണമാകുന്ന മറ്റൊന്നുംതന്നെയില്ല. അതുകൊണ്ട്‌ അത്തരമൊരു ധാരണ നിങ്ങളുടെ പങ്കാളിക്കുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.—മത്തായി 7:12.

വിവാഹം കഴിഞ്ഞ്‌ 35 വർഷമായ വോൾഫ്‌ഗാങ്‌ പറയുന്നു: പങ്കാളിയുടെ വികാരവിചാരങ്ങൾ പറയാതെതന്നെ നിങ്ങൾക്കറിയാമെന്ന്‌ ഒരിക്കലും അഹങ്കരിക്കരുത്‌. “അഹങ്കാരംകൊണ്ടു വിവാദംമാത്രം ഉണ്ടാകുന്നു; ആലോചന കേൾക്കുന്നവരുടെ പക്കലോ ജ്ഞാനം ഉണ്ട്‌” എന്ന്‌ ദൈവവചനം പറയുന്നു. (സദൃശവാക്യങ്ങൾ 13:10) അഭിപ്രായങ്ങൾ പൂർണമായും പറയാൻ അനുവദിച്ചുകൊണ്ട്‌ പങ്കാളിയെ ആദരിക്കുക. പറയുന്ന കാര്യങ്ങൾ നിങ്ങൾക്കു മനസ്സിലായെന്ന്‌ ഉറപ്പുവരുത്താൻ, കേട്ടത്‌ എന്താണെന്ന്‌ സ്വന്തം വാക്കുകളിൽ ആവർത്തിക്കുക. വാക്കുകളിൽ പരിഹാസമോ കോപമോ ധ്വനിക്കരുത്‌. നിങ്ങൾക്കു തെറ്റിദ്ധാരണയുണ്ടായിട്ടുണ്ടെങ്കിൽ അതു തിരുത്താൻ പങ്കാളിയെ അനുവദിക്കുക. സംസാരിക്കാൻ പങ്കാളിക്കും അവസരം നൽകണം. നിങ്ങളുടെ വികാരവിചാരങ്ങൾ പരസ്‌പരം മനസ്സിലായി എന്ന്‌ ഉറപ്പുവരുന്നതുവരെ ഈ വിധത്തിൽ സംഭാഷണം തുടരുക.

പങ്കാളി പറയുന്നതു കേൾക്കാനും അഭിപ്രായങ്ങൾ മാനിക്കാനും താഴ്‌മയും ക്ഷമയും ആവശ്യമാണ്‌. എന്നാൽ ആദരവു പ്രകടമാക്കുന്നതിൽ ഇപ്രകാരം മുന്നിട്ടുനിൽക്കുന്നെങ്കിൽ നിങ്ങളെ ആദരിക്കുക പങ്കാളിക്ക്‌ കൂടുതൽ എളുപ്പമായിരിക്കും.—മത്തായി 7:2; റോമർ 12:10.

പരീക്ഷിച്ചുനോക്കുക: ഇണ പറയുന്നത്‌ അതേപടി ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുക. പകരം, പങ്കാളിയുടെ വാക്കുകളിൽനിന്നും ഭാവങ്ങളിൽനിന്നും നിങ്ങൾക്കു മനസ്സിലായത്‌ എന്താണെന്ന്‌ സമാനുഭാവത്തോടെ വ്യക്തമാക്കുക.—1 പത്രൊസ്‌ 3:8.

4. പരസ്‌പരധാരണയിലെത്തുക. “ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു; അവർക്കു തങ്ങളുടെ പ്രയത്‌നത്താൽ നല്ല പ്രതിഫലം കിട്ടുന്നു. വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേല്‌പിക്കും.” (സഭാപ്രസംഗി 4:9, 10) ദമ്പതികളിരുവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയും പരസ്‌പരം പിന്തുണയ്‌ക്കുകയും ചെയ്യാഞ്ഞാൽ വൈവാഹിക പ്രശ്‌നങ്ങൾ പരിഹരിക്കാനാവില്ല.

ഭർത്താവിനെയാണ്‌ യഹോവ കുടുംബത്തിന്റെ ശിരസ്സാക്കിവെച്ചിരിക്കുന്നത്‌. (1 കൊരിന്ത്യർ 11:3; എഫെസ്യർ 5:23) എങ്കിലും ഭർത്താവ്‌ ഒരു ഏകാധിപതിയാണെന്ന്‌ അതിനർഥമില്ല. ജ്ഞാനിയായ ഒരു ഭർത്താവ്‌ ഭാര്യയോട്‌ ആലോചിക്കാതെ തീരുമാനങ്ങളെടുക്കില്ല. “ഭാര്യക്കും എനിക്കും യോജിക്കാനാകുന്ന എന്തെങ്കിലും കണ്ടെത്താനും ഇരുവർക്കും സ്വീകാര്യമായൊരു തീരുമാനം കൈക്കൊള്ളാനും ഞാൻ ശ്രമിക്കുന്നു,” 20 വർഷമായി ദാമ്പത്യജീവിതം നയിക്കുന്ന ഡേവിഡ്‌ പറയുന്നു. ഏഴുവർഷംമുമ്പു വിവാഹിതയായ ടാനിയയ്‌ക്കു പറയാനുള്ളത്‌ ഇതാണ്‌: “ആരുടെ പക്ഷമാണ്‌ ശരി, ആരുടേതാണ്‌ തെറ്റ്‌ എന്നതല്ല വിഷയം. ഒരു പ്രശ്‌നം പരിഹരിക്കാൻ പല വഴികൾ കാണും. വഴക്കവും ന്യായബോധവും ഉണ്ടായിരിക്കുന്നതാണ്‌ വിജയരഹസ്യം എന്നു ഞാൻ മനസ്സിലാക്കി.”

പരീക്ഷിച്ചുനോക്കുക: ഒന്നിച്ചിരുന്ന്‌ പ്രശ്‌നത്തിനുള്ള സാധ്യമായ പരിഹാരമാർഗങ്ങളെല്ലാം എഴുതുക. ഒടുവിൽ ഇരുവർക്കും സ്വീകാര്യമായ ഒന്ന്‌ തിരഞ്ഞെടുക്കുക. അതിന്‌ ചേർച്ചയിൽ പ്രവർത്തിച്ചിട്ടുണ്ടോയെന്നും അത്‌ എത്രത്തോളം വിജയിച്ചിട്ടുണ്ടെന്നും അധികം വൈകാതെ വിലയിരുത്തുക.

ഒറ്റക്കെട്ടായി

ദാമ്പത്യം കൂട്ടായ ഒരു യത്‌നമാണെന്ന്‌ യേശു ചൂണ്ടിക്കാട്ടി. (മത്തായി 19:6) ഈ വാക്യത്തിലെ ‘യോജിപ്പിക്കുക’ എന്നതിന്റെ മൂലപദം രണ്ടു മൃഗങ്ങളെ ഒരു നുകത്തിൽ പൂട്ടി പണിയെടുപ്പിക്കുന്ന ചിത്രമാണു നൽകുന്നത്‌. മൃഗങ്ങൾ പരസ്‌പരം സഹകരിക്കുന്നില്ലെങ്കിൽ, അവയ്‌ക്ക്‌ ഒരു പണിയും ചെയ്യാനാവില്ല. കൂടാതെ, അവയുടെ കഴുത്തിനു ക്ഷതമേൽക്കുകയും ചെയ്യും. എന്നാൽ ഒന്നിച്ചുനിൽക്കുന്നപക്ഷം അവയ്‌ക്ക്‌ ഭാരിച്ച ചുമടുകൾ വഹിക്കാനും നിലം ഉഴാനുമൊക്കെ കഴിയും.

സമാനമായി, ഒരുമയോടെ പ്രവർത്തിക്കാൻ പരാജയപ്പെടുന്ന ദമ്പതികളെ സംബന്ധിച്ചിടത്തോളം ദാമ്പത്യമാകുന്ന നുകം വേദനകൾമാത്രമേ സമ്മാനിക്കൂ. എന്നാൽ ആ നുകം ഒരുമിച്ചു വലിക്കുന്നപക്ഷം മിക്ക പ്രശ്‌നങ്ങളും പരിഹരിക്കാനും പലതും നേടാനും അവർക്കു കഴിയും. സന്തുഷ്ട ദാമ്പത്യം നയിക്കുന്ന കമല ഏതാനും വാക്കുകളിൽ അതേക്കുറിച്ച്‌ ഇപ്രകാരം പറയുന്നു: “തുറന്നു സംസാരിച്ചുകൊണ്ടും തന്നെത്തന്നെ മറ്റേയാളുടെ സ്ഥാനത്ത്‌ കണ്ടുകൊണ്ടും യഹോവയുടെ സഹായത്തിനായി പ്രാർഥിച്ചുകൊണ്ടും ബൈബിൾതത്ത്വങ്ങൾ ബാധകമാക്കിക്കൊണ്ടും പ്രശ്‌നങ്ങൾ പരിഹരിക്കാൻ, കഴിഞ്ഞ 25 വർഷത്തോളം ഞങ്ങൾക്കു സാധിച്ചിരിക്കുന്നു.” നിങ്ങൾക്കും അതിനു കഴിയില്ലേ?

സ്വയം ചോദിക്കാൻ . . .

പങ്കാളിയുമായി ചർച്ചചെയ്യാൻ ഞാൻ ഏറ്റവുമധികം ആഗ്രഹിക്കുന്ന പ്രശ്‌നം?

▪ ഇക്കാര്യം സംബന്ധിച്ചുള്ള പങ്കാളിയുടെ വികാരങ്ങൾ പൂർണമായും മനസ്സിലാക്കാൻ എനിക്ക്‌ എങ്ങനെ കഴിയും?

▪ എല്ലായ്‌പോഴും എന്റെ ഇഷ്ടപ്രകാരം മാത്രം കാര്യങ്ങൾ ചെയ്‌താൽ എന്തെല്ലാം പ്രശ്‌നങ്ങളുണ്ടായേക്കാം?

[അടിക്കുറിപ്പ്‌]

^ ഖ. 17 ചില പേരുകൾക്കു മാറ്റംവരുത്തിയിരിക്കുന്നു.