വിവരങ്ങള്‍ കാണിക്കുക

ബൈബിൾവാക്യങ്ങളുടെ വിശദീകരണം

റോമർ 12:12, 13—“ആശയിൽ സന്തോ​ഷി​പ്പിൻ; കഷ്ടതയിൽ സഹിഷ്‌ണുത കാണി​പ്പിൻ; പ്രാർത്ഥ​ന​യിൽ ഉറ്റിരി​പ്പിൻ”

റോമർ 12:12, 13—“ആശയിൽ സന്തോ​ഷി​പ്പിൻ; കഷ്ടതയിൽ സഹിഷ്‌ണുത കാണി​പ്പിൻ; പ്രാർത്ഥ​ന​യിൽ ഉറ്റിരി​പ്പിൻ”

 “പ്രത്യാശ ഓർത്ത്‌ സന്തോ​ഷി​ക്കുക. കഷ്ടതകൾ ഉണ്ടാകു​മ്പോൾ സഹിച്ചു​നിൽക്കുക. മടുത്ത്‌ പിന്മാ​റാ​തെ പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കുക.”—റോമർ 12:12, പുതിയ ലോക ഭാഷാ​ന്തരം.

 “ആശയിൽ സന്തോ​ഷി​പ്പിൻ; കഷ്ടതയിൽ സഹിഷ്‌ണുത കാണി​പ്പിൻ; പ്രാർത്ഥ​ന​യിൽ ഉറ്റിരി​പ്പിൻ.”—റോമർ 12:12, 13, സത്യ​വേ​ദ​പു​സ്‌തകം.

റോമർ 12:12-ന്റെ അർഥം

 ഈ വാക്യ​ത്തിൽ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ മൂന്നു കാര്യങ്ങൾ ചെയ്യാൻ റോമി​ലെ ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. അത്‌ എതിർപ്പു​ക​ളും മറ്റു പ്രശ്‌ന​ങ്ങ​ളും ഉണ്ടാകു​മ്പോൾ വിശ്വ​സ്‌ത​രാ​യി നിൽക്കാൻ അവരെ സഹായി​ക്കു​മാ​യി​രു​ന്നു.

 “പ്രത്യാശ ഓർത്ത്‌ സന്തോ​ഷി​ക്കുക.” നിത്യം ജീവി​ക്കാ​നുള്ള മഹത്തായ പ്രത്യാശ ക്രിസ്‌ത്യാ​നി​കൾക്കുണ്ട്‌: ചിലർക്ക്‌ അത്‌ സ്വർഗ​ത്തി​ലും, കൂടുതൽ ആളുകൾക്ക്‌ പറുദീ​സാ​ഭൂ​മി​യി​ലും. (സങ്കീർത്തനം 37:29; യോഹ​ന്നാൻ 3:16; വെളി​പാട്‌ 14:1-4; 21:3, 4) മനുഷ്യൻ ഇന്ന്‌ അനുഭ​വി​ക്കുന്ന എല്ലാ പ്രശ്‌ന​ങ്ങ​ളും ദൈവരാജ്യം a പരിഹ​രി​ക്കു​മെന്ന ഉറപ്പും ഈ പ്രത്യാ​ശ​യി​ലുണ്ട്‌. (ദാനി​യേൽ 2:44; മത്തായി 6:10) ദൈവ​ത്തി​ന്റെ ആരാധ​കർക്ക്‌ പ്രശ്‌നങ്ങൾ ഉള്ളപ്പോ​ഴും സന്തോ​ഷി​ക്കാൻ കഴിയും. കാരണം തങ്ങൾ പ്രത്യാ​ശി​ക്കുന്ന കാര്യങ്ങൾ തീർച്ച​യാ​യും സംഭവി​ക്കു​മെ​ന്നും സഹിച്ചു​നി​ന്നാൽ ദൈവാം​ഗീ​കാ​രം കിട്ടു​മെ​ന്നും അവർക്ക്‌ ഉറപ്പാണ്‌.—മത്തായി 5:11, 12; റോമർ 5:3-5.

 “കഷ്ടതകൾ ഉണ്ടാകു​മ്പോൾ സഹിച്ചു​നിൽക്കുക.” “സഹിച്ചു​നിൽക്കുക” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​ക്രി​യയെ ബൈബി​ളിൽ മിക്ക​പ്പോ​ഴും “ഓടി​പ്പോ​കാ​തെ ഒരിട​ത്തു​തന്നെ തുടരുക,” “മടുത്തു​പി​ന്മാ​റാ​തി​രി​ക്കുക,” “കുലു​ങ്ങി​പ്പോ​കാ​തി​രി​ക്കുക” എന്നീ അർഥങ്ങ​ളി​ലാണ്‌ ഉപയോ​ഗി​ച്ചി​ട്ടു​ള്ളത്‌. ക്രിസ്‌ത്യാ​നി​കൾ ഈ ‘ലോക​ത്തി​ന്റെ ഭാഗമ​ല്ലാ​ത്ത​തു​കൊണ്ട്‌’ b അവർ ഉപദ്ര​വങ്ങൾ പ്രതീ​ക്ഷി​ക്കു​ന്നു. അതു​കൊ​ണ്ടു​തന്നെ അവർക്കു സഹനശ​ക്തി​യും വേണം. (യോഹ​ന്നാൻ 15:18-20; 2 തിമൊ​ഥെ​യൊസ്‌ 3:12) ഒരു ക്രിസ്‌ത്യാ​നി ദൈവത്തെ സേവി​ക്കു​മ്പോൾ അദ്ദേഹ​ത്തി​നു പ്രശ്‌നങ്ങൾ ഉണ്ടാകു​മെ​ങ്കി​ലും അത്‌ അദ്ദേഹ​ത്തി​ന്റെ വിശ്വാ​സം വർധി​പ്പി​ക്കും. അതായത്‌ ദൈവം പ്രതി​ഫലം കൊടു​ക്കു​മെന്ന വിശ്വാ​സം ശക്തമാ​കും. (മത്തായി 24:13) അങ്ങനെ ഒരു ബോധ്യം ഉള്ളതു​കൊണ്ട്‌ പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ ക്ഷമയോ​ടെ​യും സന്തോ​ഷ​ത്തോ​ടെ​യും സഹിച്ചു​നിൽക്കാ​നും കഴിയും.—കൊ​ലോ​സ്യർ 1:11.

 “മടുത്ത്‌ പിന്മാ​റാ​തെ പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കുക.” വിശ്വ​സ്‌ത​രാ​യി തുടരാൻ ക്രിസ്‌ത്യാ​നി​കൾ പ്രാർഥി​ച്ചു​കൊ​ണ്ടേ​യി​രി​ക്കണം. (ലൂക്കോസ്‌ 11:9; 18:1) അവർ എപ്പോ​ഴും ദൈവ​ത്തി​ന്റെ മാർഗ​നിർദേ​ശങ്ങൾ തേടു​ക​യും ജീവി​ത​ത്തി​ലെ എല്ലാ കാര്യ​ങ്ങ​ളി​ലും ദൈവ​ത്തിൽ ആശ്രയി​ക്കു​ക​യും ചെയ്യും. (കൊ​ലോ​സ്യർ 4:2; 1 തെസ്സ​ലോ​നി​ക്യർ 5:17) ദൈവം തങ്ങളുടെ അപേക്ഷകൾ കേൾക്കു​മെന്ന്‌ അവർക്ക്‌ ഉറപ്പുണ്ട്‌. കാരണം ദൈവ​ത്തി​ന്റെ കല്പനകൾ അനുസ​രി​ക്കു​ക​യും ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻ പരമാ​വധി ശ്രമി​ക്കു​ക​യും ചെയ്യു​ന്ന​വ​രാണ്‌ അവർ. (1 യോഹ​ന്നാൻ 3:22; 5:14) മാത്രമല്ല മടുത്തു​പി​ന്മാ​റാ​തെ പ്രാർഥി​ച്ചു​കൊ​ണ്ടി​രു​ന്നാൽ, നേരി​ടുന്ന പ്രശ്‌നം എന്തുത​ന്നെ​യാ​ണെ​ങ്കി​ലും വിശ്വ​സ്‌ത​രാ​യി തുടരാ​നുള്ള ശക്തി ദൈവം തങ്ങൾക്കു തരു​മെന്ന്‌ ക്രിസ്‌ത്യാ​നി​കൾക്ക്‌ അറിയാം.—ഫിലി​പ്പി​യർ 4:13.

റോമർ 12:12-ന്റെ സന്ദർഭം

 റോമി​ലു​ണ്ടാ​യി​രുന്ന ക്രിസ്‌ത്യാ​നി​കൾക്ക്‌ ഏതാണ്ട്‌ എ.ഡി. 56-ൽ പൗലോസ്‌ എഴുതി​യ​താണ്‌ ഈ കത്ത്‌. ഈ പുസ്‌ത​ക​ത്തി​ന്റെ 12-ാം അധ്യാ​യ​ത്തിൽ ചില നല്ല ഉപദേ​ശങ്ങൾ പൗലോസ്‌ ക്രിസ്‌ത്യാ​നി​കൾക്കു നൽകുന്നു. ഉദാഹ​ര​ണ​ത്തിന്‌, ക്രിസ്‌തീ​യ​ഗു​ണങ്ങൾ എങ്ങനെ കാണി​ക്കാം, സഹവി​ശ്വാ​സി​ക​ളോ​ടും മറ്റുള്ള​വ​രോ​ടും എങ്ങനെ ഇടപെ​ടാം, പീഡനങ്ങൾ നേരി​ടു​മ്പോ​ഴും സമാധാ​ന​ത്തോ​ടെ എങ്ങനെ പെരു​മാ​റാം എന്നതി​നെ​ക്കു​റി​ച്ചൊ​ക്കെ. (റോമർ 12:9-21) ഈ ഉപദേ​ശങ്ങൾ അവർക്കു ലഭിച്ചത്‌ കൃത്യ​സ​മ​യ​ത്താ​യി​രു​ന്നു. കാരണം പെട്ടെ​ന്നു​തന്നെ റോമി​ലുള്ള ക്രിസ്‌ത്യാ​നി​കൾ ക്രൂര​മായ ഉപദ്ര​വങ്ങൾ നേരി​ടാൻ പോകു​ക​യാ​യി​രു​ന്നു.

 കുറച്ച്‌ വർഷങ്ങൾക്കു​ശേഷം, അതായത്‌ എ.ഡി. 64-ൽ റോമൻ നഗരത്തിന്‌ വലിയ നാശം വരുത്തി​വെച്ച ഒരു തീപി​ടു​ത്തം ഉണ്ടായി. നീറോ ചക്രവർത്തി​യാണ്‌ അതിനു കാരണ​ക്കാ​രൻ എന്ന്‌ ആളുകൾ പറഞ്ഞു​പ​രത്തി. റോമൻ ചരി​ത്ര​കാ​ര​നായ റ്റാസി​റ്റസ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌ ആ ആരോ​പ​ണ​ത്തിൽനിന്ന്‌ തലയൂ​രാൻ നീറോ ചക്രവർത്തി ഈ ദുരന്ത​ത്തി​നു കാരണ​ക്കാർ ക്രിസ്‌ത്യാ​നി​ക​ളാ​ണെന്നു വരുത്തി​ത്തീർത്തു. ഇതായി​രി​ക്കണം ക്രിസ്‌ത്യാ​നി​കൾക്ക്‌ ശക്തമായ ഉപദ്ര​വങ്ങൾ നേരി​ടാ​നു​ണ്ടായ കാരണം. എതിർപ്പു​കൾ എങ്ങനെ സഹിക്കാ​മെ​ന്നുള്ള പൗലോ​സി​ന്റെ ഉപദേശം, ആ ബുദ്ധി​മു​ട്ടേ​റിയ സമയത്തും വിശ്വ​സ്‌ത​രാ​യി​രി​ക്കാ​നും മാന്യത കൈവി​ടാ​തി​രി​ക്കാ​നും അവരെ സഹായി​ച്ചു. (1 തെസ്സ​ലോ​നി​ക്യർ 5:15; 1 പത്രോസ്‌ 3:9) അന്നത്തെ ക്രിസ്‌ത്യാ​നി​ക​ളു​ടെ മാതൃ​ക​യിൽനിന്ന്‌ ഇന്നത്തെ ദൈവ​ദാ​സർക്ക്‌ ഒരുപാ​ടു കാര്യങ്ങൾ പഠിക്കാ​നുണ്ട്‌.

 റോമ​റു​ടെ പുസ്‌ത​ക​ത്തി​ന്റെ ചുരുക്കം മനസ്സി​ലാ​ക്കാൻ ഈ വീഡി​യോ കാണുക.

a ഭൂമിയെക്കുറിച്ചുള്ള ദൈവ​ത്തി​ന്റെ ഇഷ്ടം നടപ്പി​ലാ​ക്കു​ന്ന​തി​നു​വേണ്ടി ദൈവം സ്വർഗ​ത്തിൽ സ്ഥാപിച്ച ഗവൺമെ​ന്റാണ്‌ ദൈവ​രാ​ജ്യം. കൂടുതൽ വിവര​ങ്ങൾക്കാ​യി “എന്താണ്‌ ദൈവ​രാ​ജ്യം?” എന്ന ലേഖനം കാണുക.

b ബൈബിളിൽ “ലോകം” എന്നു പറഞ്ഞി​രി​ക്കുന്ന പദത്തിന്‌ ദൈവ​ത്തിൽനിന്ന്‌ അകന്ന മനുഷ്യ​സ​മൂ​ഹത്തെ കുറി​ക്കാ​നാ​കും.