അധ്യായം 8
ഒരു ദുഷ്ടന്റെ കൈയിൽനിന്ന് അവർ രക്ഷപ്പെടുന്നു
-
യേശുവിന്റെ വീട്ടുകാർ ഈജിപ്തിലേക്ക് ഓടിപ്പോകുന്നു
-
യോസേഫ് തന്റെ കുടുംബത്തെ നസറെത്തിലേക്കു കൊണ്ടുവരുന്നു
യോസേഫ് മറിയയെ വിളിച്ചുണർത്തി വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയുന്നു. യഹോവയുടെ ദൂതൻ സ്വപ്നത്തിൽ യോസേഫിന് പ്രത്യക്ഷപ്പെട്ടത്രേ. ദൂതൻ യോസേഫിനോടു പറഞ്ഞു: “എഴുന്നേറ്റ് കുട്ടിയെയും അവന്റെ അമ്മയെയും കൂട്ടി ഈജിപ്തിലേക്ക് ഓടിപ്പോകുക. ഞാൻ പറയുന്നതുവരെ അവിടെത്തന്നെ താമസിക്കണം. കുട്ടിയെ കൊല്ലാൻവേണ്ടി ഹെരോദ് തിരച്ചിൽ നടത്താൻ ഒരുങ്ങുകയാണ്.”—മത്തായി 2:13.
പെട്ടെന്ന് ആ രാത്രിയിൽത്തന്നെ യോസേഫും മറിയയും മോനെയുംകൊണ്ട് അവിടെനിന്ന് രക്ഷപ്പെടുന്നു. അവർ അങ്ങനെ ചെയ്തതു നന്നായി. കാരണം കുഞ്ഞിനെ കണ്ട കാര്യം തിരിച്ചുവന്ന് തന്നോടു പറയണമെന്ന് ഹെരോദ് ആ ജ്യോത്സ്യന്മാരോടു പറഞ്ഞിരുന്നതാണ്. പക്ഷേ അവർ അങ്ങനെ ചെയ്യാതെ ദേശം വിട്ട് പോയി. അവർ തന്നെ പറ്റിച്ച് കടന്നുകളഞ്ഞെന്നു മനസ്സിലാക്കുമ്പോൾ ഹെരോദിനു ദേഷ്യം അടക്കാനാകുന്നില്ല. അതുകൊണ്ട് എങ്ങനെയും യേശുവിനെ കൊല്ലാൻ അദ്ദേഹം നോക്കുന്നു. അതിനുവേണ്ടി ബേത്ത്ലെഹെമിനും അതിനു ചുറ്റും ഉള്ള പ്രദേശങ്ങളിലെ രണ്ടു വയസ്സും അതിൽ താഴെയും പ്രായമുള്ള എല്ലാ ആൺകുട്ടികളെയും കൊല്ലാൻ അദ്ദേഹം കല്പന കൊടുക്കുന്നു. അദ്ദേഹം ഈ വിധത്തിൽ കുട്ടിയുടെ പ്രായം കണക്കാക്കുന്നത് കിഴക്കുനിന്ന് വന്ന ജ്യോത്സ്യന്മാരിൽനിന്ന് മുമ്പ് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്.
പിഞ്ചുകുഞ്ഞുങ്ങളെ ഒന്നൊന്നായി കൊന്നൊടുക്കി! എന്തൊരു ക്രൂരത! എത്ര ആൺകുട്ടികളെയാണ് ഇത്തരത്തിൽ കൊന്നുകളഞ്ഞതെന്നു നമുക്ക് അറിയില്ല. കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ആ അമ്മമാരുടെ കരച്ചിലും നിലവിളിയും ഒന്നോർത്തു നോക്കിയേ! എന്നാൽ അത് ഒരു ബൈബിൾപ്രവചനത്തിന്റെ നിവൃത്തിയാണ്. ദൈവത്തിന്റെ പ്രവാചകനായ യിരെമ്യ ഇതു മുൻകൂട്ടിപ്പറഞ്ഞിരുന്നു.—യിരെമ്യ 31:15.
ഇതിനിടയിൽ യോസേഫും മറിയയും ഈജിപ്തിലേക്ക് ഓടിപ്പോയി അവിടെ താമസമാക്കുന്നു. അങ്ങനെയിരിക്കെ ഒരു രാത്രിയിൽ യഹോവയുടെ ദൂതൻ യോസേഫിനു വീണ്ടും പ്രത്യക്ഷനാകുന്നു. ദൂതൻ പറയുന്നു: “കുട്ടിയുടെ ജീവൻ അപഹരിക്കാൻ നോക്കിയവർ മരിച്ചുപോയി. അതുകൊണ്ട് നീ എഴുന്നേറ്റ് കുട്ടിയെയും അവന്റെ അമ്മയെയും കൂട്ടി ഇസ്രായേൽ നാട്ടിലേക്കു പോകുക.” (മത്തായി 2:20) അതുകൊണ്ട് കുടുംബത്തോടൊപ്പം തിരിച്ച് നാട്ടിലേക്കു പോകാമെന്നു യോസേഫ് തീരുമാനിക്കുന്നു. അങ്ങനെ മറ്റൊരു പ്രവചനം നിറവേറുന്നു—ദൈവത്തിന്റെ പുത്രനെ ഈജിപ്തിൽനിന്ന് വിളിച്ചുവരുത്തുമെന്ന പ്രവചനം!—ഹോശേയ 11:1.
യഹൂദ്യയിൽ ബേത്ത്ലെഹെം പട്ടണത്തിന് അടുത്ത് താമസമാക്കാനാണു യോസേഫ് ഉദ്ദേശിക്കുന്നത്. ഈജിപ്തിലേക്കു പോകുന്നതിനു മുമ്പ് അവർ അവിടെയായിരുന്നല്ലോ. പക്ഷേ യഹൂദ്യയിൽ ഇപ്പോൾ ഭരിക്കുന്നത് ഹെരോദിന്റെ മകനായ അർക്കെലയൊസ് എന്ന ദുഷ്ടരാജാവാണെന്നു യോസേഫ് അറിയുന്നു. ഉണ്ടാകാവുന്ന അപകടത്തെക്കുറിച്ച് ദൈവം യോസേഫിനു മറ്റൊരു സ്വപ്നത്തിൽ മുന്നറിയിപ്പു കൊടുക്കുകയും ചെയ്യുന്നു. അതുകൊണ്ട് യോസേഫും കുടുംബവും വടക്കോട്ടു പോയി ഗലീല പ്രദേശത്തുള്ള നസറെത്തിൽ താമസമാക്കുന്നു. ജൂതന്മാരുടെ മതപരമായ കാര്യങ്ങളുടെ കേന്ദ്രമായ യരുശലേമിൽനിന്ന് അകലെയായിരുന്നു ഇത്. അവിടെയാണ് യേശു വളരുന്നത്. അങ്ങനെ, “അവൻ നസറെത്തുകാരൻ എന്നു വിളിക്കപ്പെടും” എന്ന മറ്റൊരു പ്രവചനം നിറവേറുന്നു.—മത്തായി 2:23.