വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇണ അശ്ലീലം കാണുന്ന ഒരാളാ​ണെ​ങ്കിൽ

ഇണ അശ്ലീലം കാണുന്ന ഒരാളാ​ണെ​ങ്കിൽ
  • “ഭർത്താവ്‌ വീണ്ടും​വീ​ണ്ടും വ്യഭി​ചാ​രം ചെയ്യു​ന്ന​താ​യി​ട്ടാണ്‌ എനിക്കു തോന്നി​യത്‌.”

  • “അദ്ദേഹം എന്നെ നാണം​കെ​ടു​ത്തു​ന്ന​താ​യി എനിക്കു തോന്നി. എനിക്കു തീരെ വിലയി​ല്ലെ​ന്നും എന്നെ കാണാൻ കൊള്ളി​ല്ലെ​ന്നും ഞാൻ ചിന്തിച്ചു.”

  • “എനിക്ക്‌ ഈ പ്രശ്‌ന​ത്തെ​ക്കു​റിച്ച്‌ ആരോ​ടും ഒന്നും പറയാൻ കഴിഞ്ഞില്ല. ഒറ്റയ്‌ക്ക്‌ എല്ലാം സഹിക്കു​ക​യാ​യി​രു​ന്നു.”

  • “യഹോവ എന്നെക്കു​റിച്ച്‌ ചിന്തി​ക്കു​ന്നി​ല്ലേ എന്നു ഞാൻ ഓർത്തു.”

ഈ അഭി​പ്രാ​യ​ങ്ങ​ളെ​ല്ലാം കാണി​ക്കു​ന്നതു ഭർത്താ​വിന്‌ അശ്ലീലം കാണുന്ന ഒരു സ്വഭാ​വ​മു​ണ്ടെ​ങ്കിൽ ഭാര്യയെ അത്‌ എന്തുമാ​ത്രം വേദനി​പ്പി​ക്കു​മെ​ന്നാണ്‌. മാസങ്ങ​ളോ വർഷങ്ങ​ളോ ആയി അദ്ദേഹം രഹസ്യ​ത്തി​ലാണ്‌ അങ്ങനെ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ങ്കിൽ അങ്ങനെ​യുള്ള ഒരാളെ ഒട്ടും വിശ്വ​സി​ക്കാ​നാ​കി​ല്ലെന്നു ഭാര്യക്കു തോന്നി​യേ​ക്കാം. ഒരു ഭാര്യ പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “എന്റെ ഭർത്താവ്‌ ശരിക്കും എങ്ങനെ​യുള്ള ആളാ​ണെന്ന്‌ എനിക്ക്‌ ഇപ്പോ​ഴും പിടി​കി​ട്ടു​ന്നില്ല. അദ്ദേഹം എന്നിൽനിന്ന്‌ ഇതു​പോ​ലെ വേറേ എന്തെങ്കി​ലും ഒളിക്കു​ന്നു​ണ്ടാ​കു​മോ?”

പതിവാ​യി അശ്ലീലം കാണുന്ന ഭർത്താ​ക്ക​ന്മാ​രുള്ള ഭാര്യ​മാർക്കു​വേ​ണ്ടി​യാണ്‌ ഈ ലേഖനം തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌. a അവരെ ആശ്വസി​പ്പി​ക്കു​ക​യും, യഹോവ അവരെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും സഹായി​ക്കാൻ ആഗ്രഹി​ക്കു​ന്നു​ണ്ടെ​ന്നും ഉറപ്പു​കൊ​ടു​ക്കു​ക​യും ചെയ്യുന്ന ബൈബിൾത​ത്ത്വ​ങ്ങൾ ഇതിൽ കാണാം. അത്‌ യഹോ​വ​യു​മാ​യി അടുത്ത ബന്ധമു​ണ്ടാ​യി​രി​ക്കാ​നും മനസ്സമാ​ധാ​നം വീണ്ടെ​ടു​ക്കാ​നും അവരെ സഹായി​ക്കും. b

നിരപ​രാ​ധി​യായ ഇണയ്‌ക്ക്‌ എന്തു ചെയ്യാം?

ഭർത്താവ്‌ ചെയ്യുന്ന എല്ലാ കാര്യ​ങ്ങ​ളും നിയ​ന്ത്രി​ക്കാൻ നിങ്ങൾക്കാ​കി​ല്ലെ​ങ്കി​ലും നിങ്ങളു​ടെ വിഷമം കുറയ്‌ക്കാ​നും മനസ്സമാ​ധാ​നം വീണ്ടെ​ടു​ക്കാ​നും ചില കാര്യങ്ങൾ ചെയ്യാൻ പറ്റും. ഇനി അതെക്കു​റിച്ച്‌ നോക്കാം.

നിങ്ങ​ളെ​ത്ത​ന്നെ കുറ്റ​പ്പെ​ടു​ത്താ​തി​രി​ക്കുക. ഭർത്താവ്‌ അശ്ലീലം കാണു​ന്നതു തന്റെ എന്തെങ്കി​ലും കുഴപ്പം​കൊ​ണ്ടാ​ണോ എന്ന്‌ ഒരു ഭാര്യ ചിന്തി​ച്ചേ​ക്കാം. ആലീസിന്റെ c കാര്യം നോക്കുക. ‘എനിക്കു പകരം ഭർത്താവ്‌ മറ്റു സ്‌ത്രീ​കളെ നോക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌’ എന്ന്‌ ആലീസ്‌ എപ്പോ​ഴും ആലോ​ചി​ച്ചു. ഭർത്താ​വി​ന്റെ കണ്ണിൽ തനിക്കു വേണ്ടത്ര സൗന്ദര്യം ഇല്ലാത്ത​താ​യി​രി​ക്കാം അതിന്റെ കാരണ​മെന്ന്‌ അവർക്കു തോന്നി. ഇനി, ഈ പ്രശ്‌ന​ത്തോ​ടു തങ്ങൾ പ്രതി​ക​രി​ക്കുന്ന വിധമാ​ണു കാര്യങ്ങൾ കൂടുതൽ വഷളാ​ക്കു​ന്ന​തെന്നു ചില ഭാര്യ​മാർ ചിന്തി​ക്കു​ന്നു. ഡാനി​യേല പറയുന്നു: “ഭർത്താ​വി​ന്റെ ഈ സ്വഭാവം കാരണം ഞാൻ തൊട്ട​തി​നും പിടി​ച്ച​തി​നും എല്ലാം ദേഷ്യ​പ്പെ​ടാൻതു​ടങ്ങി. അതു ഞങ്ങളുടെ ബന്ധത്തിൽ കൂടുതൽ വിള്ളൽ വീഴ്‌ത്തു​ന്ന​താ​യി എനിക്കു തോന്നി.”

നിങ്ങൾക്കും ഇങ്ങനെ​യൊ​ക്കെ​യാ​ണു തോന്നു​ന്ന​തെ​ങ്കിൽ ഒരു കാര്യം ഓർക്കാം: ഭർത്താവ്‌ ചെയ്യുന്ന കാര്യ​ങ്ങൾക്ക്‌ ഒരിക്ക​ലും യഹോവ നിങ്ങളെ ഉത്തരവാ​ദി​യാ​ക്കില്ല. യാക്കോബ്‌ 1:14 പറയു​ന്നത്‌, “സ്വന്തം മോഹ​ങ്ങ​ളാണ്‌ ഓരോ​രു​ത്ത​രെ​യും ആകർഷിച്ച്‌ മയക്കി പരീക്ഷ​ണ​ങ്ങ​ളിൽ അകപ്പെ​ടു​ത്തു​ന്നത്‌” എന്നാണ്‌. (റോമ. 14:12; ഫിലി. 2:12) അതു​കൊണ്ട്‌ യഹോവ ഒരിക്ക​ലും നിങ്ങളെ കുറ്റ​പ്പെ​ടു​ത്തില്ല. പകരം, നിങ്ങളു​ടെ വിശ്വ​സ്‌ത​തയെ വില​യേ​റി​യ​താ​യി കാണും.—2 ദിന. 16:9.

തനിക്കു വേണ്ടത്ര സൗന്ദര്യ​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണു ഭർത്താവ്‌ അശ്ലീലം കാണു​ന്ന​തെന്ന്‌ ഒരു ഭാര്യ ചിന്തി​ച്ചേ​ക്കാം. പക്ഷേ അതു ശരിയല്ല. കാരണം ചില വിദഗ്‌ധ​രു​ടെ അഭി​പ്രാ​യ​ത്തിൽ ഒരു സ്‌ത്രീക്ക്‌ എത്രതന്നെ സൗന്ദര്യ​മു​ണ്ടാ​യാ​ലും അശ്ലീല​ത്തിന്‌ അടിമ​യായ ഒരു വ്യക്തി​യു​ടെ ലൈം​ഗി​ക​മോ​ഹ​ങ്ങളെ തൃപ്‌തി​പ്പെ​ടു​ത്താ​നാ​കില്ല.

അമിത​മാ​യ ഉത്‌കണ്‌ഠ ഒഴിവാ​ക്കുക. അശ്ലീലം കാണുന്ന ഭർത്താ​വി​ന്റെ സ്വഭാ​വ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു താൻ ഏതു നേരവും ചിന്തി​ച്ചി​രു​ന്ന​തെന്നു കാതറീൻ പറയുന്നു. ഇനി, ഫ്രാൻസെസ്‌ പറയു​ന്നത്‌ ഇതാണ്‌: “ഭർത്താവ്‌ എവി​ടെ​യാ​ണെന്ന്‌ അറിയാൻ പറ്റാതെ വരു​മ്പോൾ എനിക്കു വല്ലാത്ത ഉത്‌കണ്‌ഠ തോന്നും.” ഭർത്താ​വി​ന്റെ പ്രശ്‌ന​ത്തെ​ക്കു​റിച്ച്‌ അറിയാ​വുന്ന സഹോ​ദ​ര​ങ്ങ​ളു​ടെ മുന്നിൽ തങ്ങൾക്കു വലിയ നാണ​ക്കേടു തോന്നു​ന്ന​താ​യി മറ്റു ചില ഭാര്യ​മാർ പറയുന്നു. ഇനി, വേറേ ചിലർ ചിന്തി​ക്കു​ന്നതു മറ്റുള്ള​വർക്കു തങ്ങളുടെ സാഹച​ര്യം മനസ്സി​ലാ​കി​ല്ലെ​ന്നാണ്‌. അതു​കൊ​ണ്ടു​തന്നെ തങ്ങൾ ഒറ്റയ്‌ക്കാ​ണെന്ന്‌ അവർക്കു തോന്നു​ന്നു.

ഇങ്ങനെ​യൊ​ക്കെ തോന്നു​ന്നതു സ്വാഭാ​വി​ക​മാണ്‌. എന്നാൽ അതെക്കു​റി​ച്ചു​തന്നെ ചിന്തി​ച്ചു​കൊ​ണ്ടി​രു​ന്നാൽ നിങ്ങളു​ടെ ടെൻഷൻ കൂടു​കയേ ഉള്ളൂ. അതു​കൊണ്ട്‌ അതിനു പകരം യഹോ​വ​യു​മാ​യി നിങ്ങൾക്കുള്ള ബന്ധത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ ശ്രമി​ക്കുക. അങ്ങനെ ചെയ്യു​ന്നതു പിടി​ച്ചു​നിൽക്കാൻ നിങ്ങളെ സഹായി​ക്കും.—സങ്കീ. 62:2; എഫെ. 6:10.

പ്രശ്‌ന​ങ്ങൾ നേരി​ട്ട​പ്പോൾ യഹോ​വ​യോ​ടു പ്രാർഥി​ച്ചു​കൊണ്ട്‌ ആശ്വാസം കണ്ടെത്തിയ ബൈബി​ളി​ലെ സ്‌ത്രീ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ക്കു​റിച്ച്‌ വായി​ക്കു​ന്ന​തും അവരെ​ക്കു​റിച്ച്‌ ആഴത്തിൽ ചിന്തി​ക്കു​ന്ന​തും നിങ്ങളെ സഹായി​ക്കും. യഹോവ എപ്പോ​ഴും അവരുടെ പ്രശ്‌നങ്ങൾ മാറ്റി​യില്ല. പക്ഷേ അവർക്കു വേണ്ട സമാധാ​നം കൊടു​ത്തു. ഉദാഹ​ര​ണ​ത്തിന്‌, ഹന്നയുടെ കാര്യം നോക്കുക. തന്റെ സാഹച​ര്യ​ത്തെ​ക്കു​റിച്ച്‌ ഓർത്ത്‌ അവർ “കടുത്ത മനോ​ദുഃ​ഖ​ത്തി​ലാ​യി​രു​ന്നു.” എന്നാൽ ‘യഹോ​വ​യു​ടെ മുമ്പാകെ വളരെ നേരം പ്രാർഥി​ച്ചു​ക​ഴി​ഞ്ഞ​പ്പോൾ’ ഹന്നയ്‌ക്കു സമാധാ​നം കിട്ടി. പക്ഷേ കാര്യങ്ങൾ എങ്ങനെ​യൊ​ക്കെ ആയിത്തീ​രു​മെന്ന്‌ അപ്പോ​ഴും ഹന്നയ്‌ക്ക്‌ അറിയി​ല്ലാ​യി​രു​ന്നു.—1 ശമു. 1:10, 12, 18; 2 കൊരി. 1:3, 4.

ഭർത്താവും ഭാര്യ​യും മൂപ്പന്മാ​രു​ടെ സഹായം ചോദി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം

സഭയിലെ മൂപ്പന്മാ​രു​ടെ സഹായം തേടുക. അവർക്കു “കാറ്റത്ത്‌ ഒരു സുരക്ഷി​ത​സ്ഥാ​ന​വും, പെരു​മ​ഴ​യത്ത്‌ ഒരു അഭയസ്ഥാ​ന​വും” ആയിരി​ക്കാ​നാ​കും. (യശ. 32:2, അടിക്കു​റിപ്പ്‌) നിങ്ങളു​ടെ സങ്കടങ്ങൾ തുറന്നു​പ​റ​യാ​നും നിങ്ങളെ ആശ്വസി​പ്പി​ക്കാ​നും പറ്റിയ ഒരു സഹോ​ദ​രി​യെ കാണി​ച്ചു​ത​രാ​നും അവർക്കു കഴി​ഞ്ഞേ​ക്കും.—സുഭാ. 17:17.

നിങ്ങൾക്ക്‌ ഇണയെ സഹായി​ക്കാ​നാ​കു​മോ?

അശ്ലീലം കാണുന്ന സ്വഭാ​വത്തെ മറിക​ട​ക്കാൻ ഭർത്താ​വി​നെ സഹായി​ക്കു​ന്ന​തി​നു നിങ്ങൾക്ക്‌ എന്തെങ്കി​ലും ചെയ്യാ​നാ​കു​മോ? ചില​തൊ​ക്കെ ചെയ്യാ​നാ​യേ​ക്കും. ഒരു പ്രശ്‌നം പരിഹ​രി​ക്കാൻ, അല്ലെങ്കിൽ ശക്തനായ ഒരു ശത്രു​വി​നെ നേരി​ടാൻ, “ഒരാ​ളെ​ക്കാൾ രണ്ടു പേർ ഏറെ നല്ലത്‌” എന്നു ബൈബിൾ പറയുന്നു. (സഭാ. 4:9-12) ഇക്കാര്യ​ത്തിൽ ഭാര്യ​യും ഭർത്താ​വും ഒരുമിച്ച്‌ പ്രവർത്തി​ക്കു​മ്പോൾ പലപ്പോ​ഴും അശ്ലീലം എന്ന ആസക്തി​യിൽനിന്ന്‌ പുറത്തു​വ​രാ​നും അവർക്കി​ട​യി​ലെ വിശ്വാ​സം വീണ്ടെ​ടു​ക്കാ​നും കഴിഞ്ഞി​ട്ടു​ള്ള​താ​യി പഠനങ്ങൾ തെളി​യി​ച്ചി​ട്ടുണ്ട്‌.

എങ്കിലും ഈ പ്രശ്‌ന​ത്തിൽനിന്ന്‌ പുറത്തു​ക​ട​ക്കാൻ ഇണയ്‌ക്ക്‌ ആത്മാർഥ​മായ ആഗ്രഹ​വും അതിനു​വേണ്ടി കഠിന​ശ്രമം ചെയ്യാ​നുള്ള മനസ്സൊ​രു​ക്ക​വും വേണം. അദ്ദേഹ​ത്തിന്‌ അതുണ്ടോ എന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം? ഈ ശീലം മറിക​ട​ക്കു​ന്ന​തി​നുള്ള ശക്തിക്കു​വേണ്ടി അദ്ദേഹം യഹോ​വ​യോട്‌ അപേക്ഷി​ച്ചി​ട്ടു​ണ്ടോ? മൂപ്പന്മാ​രു​ടെ സഹായം തേടി​യോ? (2 കൊരി. 4:7; യാക്കോ. 5:14, 15) പ്രലോ​ഭ​ന​ത്തിൽ വീഴാ​തി​രി​ക്കാൻ അദ്ദേഹം വ്യക്തമായ ലക്ഷ്യങ്ങൾ വെച്ച്‌ അതിനു ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്നു​ണ്ടോ? ഉദാഹ​ര​ണ​ത്തിന്‌, അദ്ദേഹം ഇല​ക്ട്രോ​ണിക്‌ ഉപകര​ണ​ങ്ങ​ളു​ടെ ഉപയോ​ഗം കുറയ്‌ക്കു​ക​യും പ്രലോ​ഭ​ന​ത്തിന്‌ ഇടയേ​ക്കി​യേ​ക്കാ​വുന്ന സാഹച​ര്യ​ങ്ങൾ ഒഴിവാ​ക്കു​ക​യും ചെയ്യു​ന്നു​ണ്ടോ? (സുഭാ. 27:12) നിങ്ങളു​ടെ സഹായം സ്വീക​രി​ക്കാ​നും നിങ്ങ​ളോ​ടു സത്യസ​ന്ധ​നാ​യി​രി​ക്കാ​നും അദ്ദേഹം മനസ്സു​കാ​ണി​ക്കു​ന്നു​ണ്ടോ? അങ്ങനെ​യൊ​ക്കെ ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽ നിങ്ങൾക്ക്‌ അദ്ദേഹത്തെ സഹായി​ക്കാൻ കഴി​ഞ്ഞേ​ക്കും.

എങ്ങനെ? അതു മനസ്സി​ലാ​ക്കാൻ ഫെലീ​ഷ്യ​യു​ടെ​യും ഏഥന്റെ​യും കാര്യം നോക്കാം. ഏഥനു ചെറു​പ്പ​ത്തിൽ അശ്ലീലം കാണുന്ന ഒരു ദുശ്ശീ​ല​മു​ണ്ടാ​യി​രു​ന്നു. ഇപ്പോ​ഴും അശ്ലീലം കാണാ​നുള്ള ആഗ്രഹം ഇടയ്‌ക്കി​ടെ വരാറുണ്ട്‌. പക്ഷേ ഫെലീഷ്യ അദ്ദേഹ​ത്തോ​ടു ക്ഷമയോ​ടെ ഇടപെ​ടു​ക​യും അദ്ദേഹ​ത്തി​നു പറയാ​നു​ള്ളതു കേൾക്കാൻ എപ്പോ​ഴും മനസ്സു​കാ​ണി​ക്കു​ക​യും ചെയ്യുന്നു. അതു​കൊണ്ട്‌ അവളോ​ടു കാര്യങ്ങൾ തുറന്നു​പ​റ​യാ​നുള്ള സ്വാത​ന്ത്ര്യം ഏഥനു തോന്നു​ന്നു. ഏഥൻ പറയുന്നു: “ഞാൻ എന്റെ ഭാര്യ​യോട്‌ സത്യസ​ന്ധ​മാ​യി എല്ലാം തുറന്നു​പ​റ​യും. അപ്പോൾ ഞാൻ വെക്കേണ്ട പരിധി​കൾ എന്തൊ​ക്കെ​യാ​ണെന്ന്‌ അവൾ സ്‌നേ​ഹ​ത്തോ​ടെ എനിക്കു പറഞ്ഞു​ത​രും. മാത്രമല്ല, അതിനു ചേർച്ച​യിൽ ഞാൻ പ്രവർത്തി​ക്കു​ന്നു​ണ്ടോ എന്ന്‌ ഇടയ്‌ക്കി​ടെ ചോദി​ക്കു​ക​യും ചെയ്യും. ഇന്റർനെ​റ്റി​ന്റെ ഉപയോ​ഗം കുറയ്‌ക്കാ​നും അവൾ എന്നെ സഹായി​ക്കു​ന്നു.” ഏഥന്റെ ഈ മോശം സ്വഭാ​വ​ത്തെ​ക്കു​റിച്ച്‌ ഓർത്ത്‌ ഫെലീ​ഷ്യ​ക്കു വിഷമ​മുണ്ട്‌. അവൾ പറയുന്നു: “പക്ഷേ ഞാൻ ദേഷ്യ​പ്പെ​ട്ട​തു​കൊ​ണ്ടോ വിഷമം കാണി​ച്ച​തു​കൊ​ണ്ടോ ഒന്നും ഈ മോശം ശീലത്തിൽനിന്ന്‌ അദ്ദേഹത്തെ പുറത്തു​കൊ​ണ്ടു​വ​രാൻ കഴിയി​ല്ലെന്ന്‌ എനിക്ക്‌ അറിയാം. ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ ഞങ്ങൾ തുറന്നു സംസാ​രി​ച്ച​തോ​ടെ എങ്ങനെ​യും ഈ ദുശ്ശീ​ലത്തെ മറിക​ട​ക്കാ​നും എന്റെ വിഷമം മാറ്റാ​നും അദ്ദേഹം ഉറച്ച തീരു​മാ​ന​മെ​ടു​ത്തു.”

ഇതു​പോ​ലു​ള്ള ചർച്ചകൾ അശ്ലീല​മെന്ന കെണി​യി​ലേക്കു വീണ്ടും പോകാ​തി​രി​ക്കാൻ ഭർത്താ​വി​നെ സഹായി​ക്കും. കൂടാതെ വിശ്വ​സി​ക്കാൻ കൊള്ളാ​വുന്ന ആളായി ഭർത്താ​വി​നെ വീണ്ടും കാണാൻ ഭാര്യക്ക്‌ എളുപ്പ​മാ​കു​ക​യും ചെയ്യും. കാരണം ഒരു ഭർത്താവ്‌ ഭാര്യ​യോട്‌ തന്റെ ബലഹീ​ന​ത​ക​ളെ​ക്കു​റി​ച്ചും എവി​ടെ​പ്പോ​കു​ന്നു, എന്തു ചെയ്യുന്നു എന്നീ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ഒക്കെ തുറന്നു​പ​റ​യു​മ്പോൾ അദ്ദേഹം ഒന്നും ഒളിക്കു​ന്നി​ല്ലെന്നു ഭാര്യക്കു ബോധ്യ​മാ​കു​ന്നു.

നിങ്ങളു​ടെ ഭർത്താ​വി​നെ ഈ രീതി​യിൽ സഹായി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നി​ല്ലേ? എങ്കിൽ ഈ ലേഖനം ഒരുമിച്ച്‌ വായിച്ച്‌ ചർച്ച​ചെ​യ്യുക. അങ്ങനെ ചെയ്യു​മ്പോൾ അശ്ലീലം ഒഴിവാ​ക്കു​ക​യും നിങ്ങളു​ടെ വിശ്വാ​സം നേടി​യെ​ടു​ക്കു​ക​യും ചെയ്യുക എന്നതാ​യി​രി​ക്കണം അദ്ദേഹ​ത്തി​ന്റെ ലക്ഷ്യം. ഈ പ്രശ്‌ന​ത്തെ​ക്കു​റിച്ച്‌ പറയു​മ്പോൾ ദേഷ്യ​പ്പെ​ടു​ന്ന​തി​നു പകരം അതു നിങ്ങളെ എത്രമാ​ത്രം വിഷമി​പ്പി​ക്കു​ന്നു​ണ്ടെന്നു മനസ്സി​ലാ​ക്കാ​നും അദ്ദേഹം ശ്രമി​ക്കണം. ഇനി, നിങ്ങൾ ഈ ദുശ്ശീ​ലത്തെ മറിക​ട​ക്കാ​നുള്ള അദ്ദേഹ​ത്തി​ന്റെ ശ്രമത്തെ പിന്തു​ണ​യ്‌ക്കു​ക​യും നിങ്ങളു​ടെ വിശ്വാ​സം നേടി​യെ​ടു​ക്കാൻ അദ്ദേഹ​ത്തിന്‌ ഒരു അവസരം നൽകു​ക​യും വേണം. ആളുകൾ എന്തു​കൊ​ണ്ടാണ്‌ ഈ മോശം ശീലത്തിൽ വീണു​പോ​കു​ന്ന​തെ​ന്നും അതിൽനിന്ന്‌ എങ്ങനെ പുറത്തു​വ​രാ​നാ​കു​മെ​ന്നും നിങ്ങൾ രണ്ടു പേരും മനസ്സി​ലാ​ക്കി​യി​രി​ക്കണം. d

ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ ശാന്തമാ​യി സംസാ​രി​ക്കാൻ നിങ്ങൾക്കും ഭർത്താ​വി​നും ബുദ്ധി​മു​ട്ടാ​യി​രി​ക്കു​മെന്നു തോന്നു​ന്നെ​ങ്കിൽ ആ സമയത്ത്‌ കൂടെ​യി​രി​ക്കാ​മോ എന്ന്‌ നിങ്ങൾക്കു രണ്ടു പേർക്കും ഇഷ്ടമുള്ള ഒരു മൂപ്പ​നോ​ടു ചോദി​ക്കാ​വു​ന്ന​താണ്‌. ഭർത്താവ്‌ അശ്ലീല​ത്തി​ന്റെ പിടി​യിൽനിന്ന്‌ പുറത്തു​വ​ന്നാ​ലും അദ്ദേഹത്തെ വിശ്വ​സി​ക്കാൻ ചില​പ്പോൾ നിങ്ങൾക്കു കുറച്ചു​കൂ​ടെ സമയം വേണ്ടി​വ​ന്നേ​ക്കും. പക്ഷേ, മടുത്തു​പോ​ക​രുത്‌. ബന്ധം പഴയപ​ടി​യാ​ക്കാൻ അദ്ദേഹം ചെയ്യുന്ന ചെറി​യ​ചെ​റിയ ശ്രമങ്ങൾപോ​ലും ശ്രദ്ധി​ക്കുക. രണ്ടു പേരും ക്ഷമ കാണി​ക്കു​ന്നെ​ങ്കിൽ കാലങ്ങൾകൊണ്ട്‌ നിങ്ങളു​ടെ ബന്ധം മുമ്പ​ത്തെ​പ്പോ​ലെ ശക്തമാ​യി​ത്തീ​രും.—സഭാ. 7:8; 1 കൊരി. 13:4.

വീണ്ടും വീണു​പോ​കു​ന്നെ​ങ്കിൽ

നാളു​കൾക്കു ശേഷം വീണ്ടും അദ്ദേഹം അശ്ലീലം കാണു​ന്നെ​ങ്കിൽ അതിന്റെ അർഥം അദ്ദേഹ​ത്തി​നു പശ്ചാത്താ​പം ഇല്ലെന്നോ ഈ പ്രശ്‌ന​ത്തിൽനിന്ന്‌ പുറത്തു​ക​ട​ക്കാൻ കഴിയി​ല്ലെ​ന്നോ ആണോ? അങ്ങനെ ആയിരി​ക്ക​ണ​മെ​ന്നില്ല. അശ്ലീലം കാണുന്ന ശീലത്തിന്‌ അടിമ​യാ​യി​രി​ക്കുന്ന ഒരാൾക്ക്‌ അതിൽനിന്ന്‌ പുറത്തു​വ​രാൻ ജീവി​ത​കാ​ലം മുഴുവൻ അതി​നെ​തി​രെ പോരാ​ടേ​ണ്ടി​വ​രും. ഈ ശീലം ഒഴിവാ​ക്കി വർഷങ്ങൾക്കു ശേഷം​പോ​ലും ഒരുപക്ഷേ വീണ്ടും ഈ കെണി​യിൽ വീണു​പോ​യേ​ക്കാം. ഭാവി​യിൽ അങ്ങനെ സംഭവി​ക്കാ​തി​രി​ക്കാൻ പ്രശ്‌നം പരിഹ​രി​ച്ചെന്നു തോന്നി​യാൽപ്പോ​ലും വെച്ചി​രി​ക്കുന്ന പരിധി​കൾക്കു​ള്ളിൽനിന്ന്‌ പ്രവർത്തി​ക്കാൻ അദ്ദേഹം എപ്പോ​ഴും ശ്രദ്ധി​ക്കണം. (സുഭാ. 28:14; മത്താ. 5:29; 1 കൊരി. 10:12) അതിനാ​യി അദ്ദേഹം പുതിയ “ചിന്താ​രീ​തി” വളർത്തി​യെ​ടു​ക്കു​ക​യും ‘മോശ​മാ​യ​തി​നെ വെറു​ക്കാൻ’ പഠിക്കു​ക​യും വേണം. അതിൽ അശ്ലീല​വും അതുമാ​യി ബന്ധപ്പെട്ട സ്വയം​ഭോ​ഗം​പോ​ലുള്ള മോശ​മായ ശീലങ്ങ​ളും ഉൾപ്പെ​ടു​ന്നു. (എഫെ. 4:23; സങ്കീ. 97:10; റോമ. 12:9) ഇതൊക്കെ ചെയ്യാൻ അദ്ദേഹം തയ്യാറാ​ണോ? അങ്ങനെ​യാ​ണെ​ങ്കിൽ പതി​യെ​പ്പ​തി​യെ ഈ മോശം ശീലത്തിൽനിന്ന്‌ പൂർണ​മാ​യി പുറത്തു​വ​രാൻ അദ്ദേഹ​ത്തി​നാ​കും. e

യഹോവയുമായുള്ള നിങ്ങളു​ടെ ബന്ധം ശക്തമാ​ക്കു​ന്ന​തിൽ ശ്രദ്ധി​ക്കു​ക

ഈ പ്രശ്‌ന​ത്തിൽനിന്ന്‌ പുറത്തു​വ​രാൻ ഭർത്താവ്‌ ഒരു താത്‌പ​ര്യ​വും കാണി​ക്കു​ന്നി​ല്ലെ​ങ്കി​ലോ? സ്വാഭാ​വി​ക​മാ​യി നിങ്ങൾക്കു ദേഷ്യ​വും നിരാ​ശ​യും വഞ്ചിക്ക​പ്പെ​ട്ടെന്ന തോന്ന​ലും ഉണ്ടാകാം. എല്ലാ വിഷമ​ങ്ങ​ളും യഹോ​വ​യോ​ടു പറയുക. അതിലൂ​ടെ നിങ്ങൾക്കു സമാധാ​നം കിട്ടും. (1 പത്രോ. 5:7) ബൈബിൾ പഠിച്ചു​കൊ​ണ്ടും പ്രാർഥി​ച്ചു​കൊ​ണ്ടും പഠിച്ച കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ആഴത്തിൽ ചിന്തി​ച്ചു​കൊ​ണ്ടും യഹോ​വ​യോ​ടു കൂടു​തൽക്കൂ​ടു​തൽ അടുക്കുക. അങ്ങനെ ചെയ്യു​മ്പോൾ ഉറപ്പാ​യും യഹോവ നിങ്ങ​ളോ​ടും അടുത്തു​വ​രും. യശയ്യ 57:15 പറയു​ന്ന​തു​പോ​ലെ, യഹോവ “എളിയ​വ​രോ​ടു​കൂ​ടെ​യും തകർന്നു​പോ​യ​വ​രോ​ടു​കൂ​ടെ​യും പാർക്കു​ന്നു.” കാരണം സന്തോഷം വീണ്ടെ​ടു​ക്കു​ന്ന​തിന്‌ അവരെ സഹായി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. നല്ലൊരു ക്രിസ്‌ത്യാ​നി​യാ​യി​രി​ക്കാൻ ശ്രമി​ക്കുക. മൂപ്പന്മാ​രോ​ടു സഹായം ചോദി​ക്കുക. കൂടാതെ ഭാവി​യിൽ ഭർത്താവ്‌ ആത്മാർഥ​മാ​യി മാറ്റം​വ​രു​ത്തു​മെന്ന പ്രതീക്ഷ കൈവി​ടാ​തി​രി​ക്കു​ക​യും ചെയ്യുക.—റോമ. 2:4; 2 പത്രോ. 3:9.

a ഈ ലേഖന​ത്തിൽ ഭർത്താ​ക്ക​ന്മാർ അശ്ലീലം വീക്ഷി​ക്കു​ന്ന​താ​യി​ട്ടാ​ണു പറഞ്ഞി​രി​ക്കു​ന്നത്‌. എന്നാൽ ഇതിൽ പറഞ്ഞി​രി​ക്കുന്ന പല തത്ത്വങ്ങ​ളും അശ്ലീലം വീക്ഷി​ക്കുന്ന ഭാര്യ​മാ​രുള്ള ഭർത്താ​ക്ക​ന്മാർക്കും പ്രയോ​ജനം ചെയ്യും.

b അശ്ലീലം കാണു​ന്നതു വിവാ​ഹ​മോ​ച​ന​ത്തി​നുള്ള തിരു​വെ​ഴു​ത്തു​പ​ര​മായ അടിസ്ഥാ​നമല്ല.—മത്താ. 19:9.

c പേരുകൾക്കു മാറ്റം വരുത്തി​യി​രി​ക്കു​ന്നു.

d സഹായകമായ വിവരങ്ങൾ jw.org-ലും നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും കാണാ​നാ​കും. ഉദാഹരണത്തിന്‌, jw.org-ലെ “അശ്ലീലം നിങ്ങളു​ടെ വിവാ​ഹ​ജീ​വി​തം തകർക്കും,” “അശ്ലീലം—അതു​കൊണ്ട്‌ ഒരു കുഴപ്പ​വു​മി​ല്ലെ​ന്നാ​ണോ?” എന്നീ ലേഖന​ങ്ങ​ളും 2014 ജൂലൈ 1 ലക്കം വീക്ഷാ​ഗോ​പു​രം പേജ്‌ 9-11-ലെ “നിങ്ങൾക്കു പ്രലോ​ഭനം ചെറു​ത്തു​നിൽക്കാൻ സാധി​ക്കും!” എന്ന ലേഖന​വും കാണുക.

e അശ്ലീലം കാണു​ന്നത്‌ ഒരു ആസക്തി​യാ​യ​തു​കൊണ്ട്‌ ചില ദമ്പതികൾ അതിൽനിന്ന്‌ പുറത്തു​ക​ട​ക്കാൻ മൂപ്പന്മാ​രു​ടെ സഹായം തേടു​ന്ന​തോ​ടൊ​പ്പം ഡോക്ട​റു​ടെ സഹായം സ്വീക​രി​ക്കാ​നും തീരു​മാ​നി​ച്ചി​രി​ക്കു​ന്നു.